Begin typing your search above and press return to search.
ഓഹരി വിപണിയില്‍ ചോരപ്പുഴ; 2222 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്; ബ്ലൂ ചിപ്പ് ഓഹരികള്‍ 8 ശതമാനം വരെ ഇടിവില്‍
ആഗോള വിപണികളിലെ തകർച്ച തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. സെൻസെക്‌സ് 2222.55 പോയിന്റിന്റെയും നിഫ്റ്റി 50 662.10 പോയിന്റിന്റെയും വലിയ തകര്‍ച്ചയാണ് ഇന്ന് നേരിട്ടത്.
സെന്‍സെക്സ് 2.74 ശതമാനം താഴ്ന്ന് 78,759.40 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 2.68 ശതമാനം താഴ്ന്ന് 24,055.60 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ മാന്ദ്യ സൂചനകള്‍ പുറപ്പെടുവിച്ചതും ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധ സമാനമായ പിരിമുറുക്കവും ജാപ്പനീസ് യെൻ കുത്തനെ വർധിച്ചതിനെത്തുടർന്ന് ചരക്ക് വ്യാപാരം കുറഞ്ഞതും വിപണിയെ തളർത്തിയ ഘടകങ്ങളാണ്.
കഴിഞ്ഞ വർഷത്തെ പ്രതിമാസ ശരാശരിയായ 215,000 തൊഴിലവസരങ്ങളെ അപേക്ഷിച്ച് ജൂലൈയിൽ 114,000 തൊഴിലവസരങ്ങൾ മാത്രമാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ തൊഴിലില്ലായ്മ 4.3 ശതമാനമായി ഉയരുകയും ചെയ്തു. 2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
ബെഞ്ച്മാർക്ക് പലിശനിരക്കിലെ വർദ്ധനവിനെ തുടർന്ന് യു.എസ് ഡോളറിനെതിരെ യെൻ അതിന്റെ കുതിപ്പ് തുടരുകയാണ്. ഇത് ജപ്പാന്റെ കയറ്റുമതിയോട് അനുബന്ധിച്ച സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ഒരു മാസത്തിനുള്ളിൽ യെൻ 12 ശതമാനമാണ് ഉയർന്നത്. ജപ്പാന്‍ ഓഹരി വിപണിയും കറൻസിയുടെ ഈ വ്യതിയാനങ്ങളോട് പ്രതികൂലമായാണ് പ്രതികരിച്ചത്. മൂന്ന് വ്യാപാര ദിനങ്ങളില്‍ 20 ശതമാനത്തിന്റെ ഇടിവാണ് ബെഞ്ച്മാർക്ക് നിക്കി 225 സൂചിക രേഖപ്പെടുത്തിയത്. ഹമാസ് തലവനെയും ഹിസ്ബുള്ളയുടെ സൈനിക മേധാവിയെയും ഇസ്രായേൽ കൊലപ്പെടുത്തിയതിന് തിരിച്ചടി നൽകുമെന്ന് ഇറാനും ഹമാസും ഹിസ്ബുള്ളയും ഭീഷണി മുഴക്കിയതോടെ മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുകയാണ്.
മോശം വില്‍പ്പന അന്തരീക്ഷം, രാജ്യത്ത് അനുഭവപ്പെട്ട റെക്കോഡ് ചൂട്, ഉല്‍പ്പന്നങ്ങള്‍ക്ക് കാര്യമായ ഡിമാൻഡ് ഇല്ലാതിരുന്നത് തുടങ്ങിയവ മൂലം ജൂണിൽ അവസാനിച്ച പാദത്തില്‍ ഭൂരിഭാഗം കമ്പനികളുടേയും വരുമാന വളർച്ച ദുർബലമായിരുന്നു. വിപണികൾക്ക് കൂടുതൽ കരുത്ത് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന വരുമാന സീസൺ, ബജറ്റ്, യു.എസ് ഫെഡ് റിസർവ് എന്നിവയിലേക്കാണ് നിക്ഷേപകർ ശ്രദ്ധ നല്‍കിയിരുന്നത്. എന്നാല്‍ വിപണികൾക്ക് ആക്കം കൂട്ടുന്ന പുതിയ ഉത്തേജനം ഇവയില്‍ നിന്ന് ലഭിക്കാത്തതും തിരിച്ചടിയായി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് എല്ലാ സൂചികകളും നഷ്ടത്തിലായിരുന്നു. മെറ്റല്‍, റിയാല്‍റ്റി, മീഡിയ തുടങ്ങിയ സൂചികകളുടെ നഷ്ടം 4 ശതമാനം കടന്നു. നിഫ്റ്റി ഓട്ടോ 3.92 ശതമാനം നഷ്ടം രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്‌സ്, ഒ.എൻ.ജി.സി, ടാറ്റ സ്റ്റീൽ, അദാനി എന്റർപ്രൈസസ്, എസ്.ബി.ഐ തുടങ്ങിയ ലാർജ്‌ക്യാപ് ഓഹരികൾ 4-8 ശതമാനം ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി സ്മാള്‍ ക്യാപ് 4.57 ശതമാനവും നിഫ്റ്റി മിഡ് ക്യാപ് 3.55 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ഓയില്‍ ആന്‍ഡ് ഗ്യാസ് 3.71 ശതമാനവും നിഫ്റ്റി ബാങ്ക് 2.45 ശതമാനവും നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 2.86 ശതമാനവും നഷ്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്.
റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ) ആണ് പൊതുമേഖലാ ഓഹരികളില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡും ഇർക്കോൺ ഇന്റർനാഷണൽ ലിമിറ്റഡും 7 ശതമാനം വീതം ഇടിഞ്ഞു.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
ഭാരത് ഡൈനാമിക്‌സ്, ഭാരത് ഇലക്‌ട്രോണിക്‌സ്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്, ബിഇഎംഎൽ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ പൊതുമേഖലാ ഓഹരികളും ആറ് ശതമാനം വരെ ഇടിഞ്ഞു.
ഡോ. ലാല്‍ പാത്ത് ലാബ്സ് ഓഹരി 1.98 ശതമാനം ഉയര്‍ന്ന് 3158 ല്‍ ക്ലോസ് ചെയ്തു. മാരികോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ യഥാക്രമം 1.45 ഉം 1.02 ഉം ശതമാനം ഉയര്‍ന്ന് 672 ലും 2720 ലുമാണ് ക്ലോസ് ചെയ്തത്.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഭെൽ, എസ്ജെവിഎൻ, എൻഎൽസി ഇന്ത്യ, ജിഐസി, സെയിൽ, കോൾ ഇന്ത്യ, പവർ ഫിനാൻസ് കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ കോപ്പർ എന്നിവയുൾപ്പെടെ മറ്റ് പ്രധാന പൊതുമേഖലാ ഓഹരികൾ 6 ശതമാനം വീതം ഇടിഞ്ഞു.
റെയിൽടെൽ കോർപ്പറേഷൻ 7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിന്റെ ഓഹരികൾ 6.5 ശതമാനത്തിലധികം ഇടിഞ്ഞു.
കൊച്ചിൻ ഷിപ്പ്‌യാർഡ്, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ 5 ശതമാനം വീതം ഇടിവ് നേരിട്ട് ലോവർ സർക്യൂട്ടിലെത്തി. ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ ഓഹരിയും ഏകദേശം 5 ശതമാനം ഇടിഞ്ഞു.
ഹാരിസണ്‍സ് മലയാളം, കിറ്റക്സ് ഗാര്‍മെന്റ്സ് ഓഹരികള്‍ ഇടിവില്‍
കേരളാ ഓഹരികളിലും ഇന്ന് നഷ്ടത്തിന്റെ പരമ്പരയാണ് കാണപ്പെട്ടത്. കൊച്ചിന്‍ മിനറല്‍സും പോപ്പീസ് കെയറുമാണ് പച്ച തൊട്ടത്. കിറ്റക്സ് ഗാര്‍മെന്റ്സ് 7.64 ശതമാനം നഷ്ടം നേരിട്ട് 210 ലാണ് ക്ലോസ് ചെയ്തത്. ഫാക്ടിന്റെ ഓഹരി 6.10 ശതമാനം താഴ്ന്ന് 936 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. മുത്തൂറ്റ് ക്യാപിറ്റല്‍ 5.40 ശതമാനവും റബ്ഫില്ല 7.94 ശതമാനവും ഹാരിസണ്‍സ് മലയാളം 6.94 ശതമാനവും നഷ്ടം നേരിട്ടു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരികള്‍ 5 ശതമാനത്തില്‍ നഷ്ടത്തില്‍ 2411 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കൊച്ചിന്‍ മിനറല്‍സ് 1.04 ശതമാനവും പോപ്പീസ് കെയര്‍ രണ്ട് ശതമാനവും ഇന്ന് നേട്ടം രേഖപ്പെടുത്തി. അപ്പോളോ ടയേഴ്സ്, ആസ്പിന്‍ വാള്‍, ആസ്റ്റര്‍ ഡി.എം, ബി.പി.എല്‍, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, വണ്ടര്‍ലാ ഹോളിഡേയ്സ്, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, നിറ്റ ജെലാറ്റിന്‍, പോപ്പുലര്‍ വെഹിക്കിള്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Next Story
Videos