ബക്രീദ് ഇളവുകള്‍; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

കോവിഡിന്റെ വ്യാപനം നിലനില്‍ക്കേ സമ്മര്‍ദ്ദ ശക്തികള്‍ക്ക് വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടി തികച്ചും അനാവശ്യ മാണെന്ന്, ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

യുപിയിലെ കന്‍വാര്‍ കേസില്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനു ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോള്‍, ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ആളുകളുടെ ജീവന്‍ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡല്‍ഹി വ്യവസായിയുമായ പി.കെ.ഡി.നമ്പ്യാരാണു സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനോട് ഇന്നലെ വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
മൂന്ന് ദിവസം മാത്രം നല്‍കിയ ഇളവ് ഇന്ന് അവസാനിക്കുന്നത് ആയതിനാല്‍ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കില്ലെന്നും ഹരജി തീര്‍പ്പാക്കിക്കൊണ്ട് കോടതി അറിയിച്ചു. ഹരജിക്കാരന്‍ നേരത്തെ എത്തിയിരുന്നെങ്കില്‍ കേരളത്തിന്റെ ഉത്തരവ് റദ്ദാക്കാമായിരുന്നുവെന്നും ബെഞ്ച് പറഞ്ഞു.
കേരളം നല്‍കിയ ഇളവുകള്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. കേരളം ഭരണഘടന അനുസരിക്കണം. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് സര്‍ക്കാര്‍ എതിര് നില്‍ക്കരുത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്‍ മേല്‍ ഒരു സമ്മര്‍ദ ശക്തിക്കും ഇടപെടാനാകില്ല. മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. രോഗം പടര്‍ന്നാല്‍ ഏത് പൗരനും കോടതിയെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.
ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയില്‍ അറിയിച്ചിരുന്നു.ചില മേഖലകളില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്.ടി പി ആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുന്നു. കൊവിഡ് കേസുകളുടെ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും കേരളം നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.


Related Articles
Next Story
Videos
Share it