ക്രൂഡ്ഓയില്‍ സമവാക്യം മാറും, എണ്ണവിലയില്‍ ട്രംപ് ഇഫക്ടിന് സാധ്യത; ഇന്ത്യയ്ക്ക് റഷ്യന്‍ ഓയില്‍ ലോട്ടറിയായേക്കില്ല

ബ്രസീല്‍, ഗയാന, കുവൈറ്റ് തുടങ്ങി രണ്ടാംനിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്

ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ ലോക എണ്ണ വ്യാപാരത്തിലും അലയൊലികള്‍ക്ക് സാധ്യത. വ്‌ളാഡ്മിര്‍ പുടിനുമായി സൗഹൃദം പങ്കിടുന്ന ട്രംപിന്റെ വരവ് എണ്ണ വ്യാപാരത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിഗമനം. ഉക്രെയ്ന്‍ യുദ്ധം മുതല്‍ ഇന്ത്യയിലേക്കൊഴുകുന്ന റഷ്യന്‍ ഡിസ്‌കൗണ്ട് എണ്ണയുടെ വരവ് നിലയ്ക്കുന്നതിനും 2025 സാക്ഷ്യം വഹിച്ചേക്കും.

റഷ്യയ്ക്ക് സന്തോഷം

ട്രംപ് വരുന്നതോടെ ഏറ്റവും കൂടുതല്‍ സന്തോഷം റഷ്യയ്ക്ക് തന്നെയാകും. പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രണം കൊണ്ടുവന്നതോടെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഡിസ്‌കൗണ്ട് നിരക്കില്‍ എണ്ണവിറ്റാണ് റഷ്യ മുന്നോട്ടു പോകുന്നത്. റഷ്യയ്ക്ക് ട്രംപിന്റെ പിന്തുണ വന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തേണ്ടി വരും. ഇതോടെ മുമ്പത്തെ പോലെ റഷ്യന്‍ എണ്ണ വീണ്ടും യൂറോപ്പിലേക്ക് കൂടുതലായി പോകും. ഇന്ത്യയ്ക്കുള്ള ഡിസ്‌കൗണ്ട് പൂര്‍ണമായി ഒഴിവാക്കാന്‍ പുടിന്‍ തീരുമാനമെടുക്കാനും സാധ്യത തെളിയും. ഇന്ത്യയെ സംബന്ധിച്ച് ഒട്ടും ശുഭകരമായിരിക്കില്ല ഈ തീരുമാനം.

റഷ്യന്‍ എണ്ണയില്‍ ഡിസ്‌കൗണ്ട് ഏറെക്കാലം തുടരില്ലെന്ന് കൃത്യമായി അറിയാവുന്ന ഇന്ത്യ നീക്കങ്ങള്‍ നേരത്തെ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി കുവൈറ്റുമായി എണ്ണചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. യു.എസിന്റെയും ട്രംപിന്റെയും കണ്ണിലെ കരടായ ഇറാന് എണ്ണവ്യാപാരം 2025ല്‍ കൂടുതല്‍ ദുഷ്‌കരമാകും. ഇന്ത്യയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്താന്‍ ഇറാന്‍ ശ്രമിക്കുന്നതിന് കാരണവും ഇതുതന്നെയാണ്. യു.എസ് ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയത്. ഇതേ നിലപാട് തങ്ങളുമായുള്ള ഇടപാടില്‍ മോദിസര്‍ക്കാര്‍ പിന്തുടരുമെന്നാണ് ടെഹ്‌റാന്റെ പ്രതീക്ഷ.

ഇന്ത്യയ്ക്ക് മുന്നിലെന്ത്?

ബ്രസീല്‍, ഗയാന, കുവൈറ്റ് തുടങ്ങി രണ്ടാംനിര എണ്ണ ഉത്പാദക രാജ്യങ്ങളില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനങ്ങളില്‍ എണ്ണ വ്യാപാരം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ലോകമാകെ എണ്ണ ഉപഭോഗം 2025ല്‍ കുറഞ്ഞ രീതിയില്‍ തന്നെ തുടരുമെന്നാണ് വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നത് എണ്ണവില 80 ഡോളറില്‍ താഴെ നില്‍ക്കാന്‍ കാരണമാകും. ഇന്ത്യയെ സംബന്ധിച്ച് എണ്ണവിലയിലുണ്ടാകുന്ന ഏതൊരു വര്‍ധനയും പ്രതിസന്ധിയാണ്. നിലവില്‍ 76 ഡോളറിലാണ് ബ്രെന്റ് ഇനം ക്രൂഡിന്റെ വില്പന. ഇതേ നിലയില്‍ തന്നെ തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് വലിയ പ്രശ്‌നം സൃഷ്ടിക്കില്ല. എന്നാല്‍ കൈവിട്ട പോക്ക് ക്രൂഡ് വിലയില്‍ സംഭവിച്ചാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും.
Related Articles
Next Story
Videos
Share it