വെറും 10 മിനിറ്റില്‍ ഭക്ഷണ വിതരണത്തിന് 'ബോള്‍ട്ട്'; ഐ.പി.ഒയ്ക്ക് മുമ്പ് ഞെട്ടിക്കാന്‍ സ്വിഗ്ഗി

Read this story in English - https://bit.ly/4dDlrzy

പ്രാരംഭ ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്ന സ്വിഗ്ഗി പുതിയ വേഗമേറിയ ഭക്ഷണവിതരണ സര്‍വീസ് പ്രഖ്യാപിച്ചു. ബോള്‍ട്ട് എന്ന പേരിട്ട സര്‍വീസില്‍ വെറും 10 മിനിറ്റ് കൊണ്ട് ഓര്‍ഡറുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

തുടക്കത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ഈ സേവനം ലഭ്യമാകുക. പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്. ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതുവഴി കൂടുതല്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

തുടക്കത്തില്‍ കേരളമില്ല

ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി, പൂന നഗരങ്ങളിലാകും ബോള്‍ട്ട് സേവനം തുടക്കത്തില്‍ ലഭിക്കുക. മറ്റ് നഗരങ്ങളിലേക്ക് അധികം വൈകാതെ ഈ സൗകര്യം എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്വിഗ്ഗി സി.ഇ.ഒ രോഹിത് കപൂര്‍ പറഞ്ഞു.

സ്വിഗ്ഗി ഐ.പി.ഒ നവംബറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ ഐ.പി.ഒയ്ക്ക് സെബി അനുമതി നല്‍കിയിരുന്നു. ഐ.പി.ഒയ്ക്ക് മുന്നോടിയായി നടന്ന ഫണ്ട് സമാഹരണത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സിനിമാ താരം അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, സഹീര്‍ഖാന്‍, ടെന്നീസ് താരം റോഹന്‍ ബൊപ്പണ്ണ, സംരംഭകനായ ആഷിഷ് ചൗധരി എന്നിവര്‍ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.
Related Articles
Next Story
Videos
Share it