ട്രെയിനില്‍ ഭക്ഷണ വിതരണത്തിന് സ്വിഗ്ഗിയുമായി കൈകോര്‍ത്ത് റെയില്‍വേ

ഇനി ഐ.ആര്‍.സി.ടി.സിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ഇ-കാറ്ററിംഗ് പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണവുമായി സ്വിഗ്ഗിയുടെ പ്രതിനിധി യാത്രക്കാരന്റെ സീറ്റിലെത്തും. ട്രെയിന്‍ യാത്രക്കാര്‍ക്ക് ഭക്ഷണ വിതരണ സേവനങ്ങള്‍ക്കായി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സ്വിഗ്ഗിയും ഐ.ആര്‍.സി.ടി.സിയും കൈകോര്‍ത്തു. ബംഗളുരു, ഭുവനേശ്വര്‍, വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ക്കാണ് നിലവില്‍ ഈ സേവനം ലഭ്യമാകുക. അടുത്ത ആറ് മാസത്തിനുള്ളില്‍ 59ല്‍ അധികം സ്റ്റേഷനുകളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

എ, എ1 ക്ലാസുകളിലായി ഏകദേശം 350 സ്റ്റേഷനുകളില്‍ ഐ.ആര്‍.സി.ടി.സി ഇ-കാറ്ററിംഗ് നടത്തുന്നുണ്ട്. മെയില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ ഈ സ്റ്റേഷനുകളില്‍ കൂടുതല്‍ സമയം നിര്‍ത്തുന്നതിനാല്‍ ഡെലിവറി ചെയ്യാന്‍ എളുപ്പമാണെന്നും ഐ.ആര്‍.സി.ടി.സി മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ജെയിന്‍ പറഞ്ഞു. ഈ വര്‍ഷം ഐ.ആര്‍.സി.ടി.സിയുടെ ഇ-കാറ്ററിംഗ് ബിസിനസ് ഇതിനകം 30 കോടി രൂപ വരുമാനം നേടി. പ്രതിദിനം 60,000 പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് രണ്ട് തരത്തിൽ ഓര്‍ഡര്‍ ചെയ്യാം. ഒന്ന് അവര്‍ക്ക് സ്വിഗ്ഗി ഇന്റര്‍ഫേസില്‍ പി.എന്‍.ആര്‍ (Passenger Name Record) നമ്പര്‍ നല്‍കി ഓര്‍ഡര്‍ തുടരാം. രണ്ട് ഐ.ആര്‍.സി.ടി.സി ആപ്പില്‍ പി.എന്‍.ആര്‍ നല്‍കി ഭക്ഷണ വിതരണത്തിനുള്ള സ്റ്റേഷന്‍ തിരഞ്ഞെടുക്കണം. ശേഷം സ്വിഗ്ഗിയിലെ റെസ്റ്റോറന്റുകള്‍ നോക്കി നിര്‍ദ്ദിഷ്ട സ്ഥലത്ത് ഡെലിവറി ചെയ്യുന്ന റെസ്റ്റോറന്റ് തിരഞ്ഞെടുക്കാം. ഐ.ആര്‍.സി.ടി.സിയുടെ ഓഹരികള്‍ ഇന്ന് ചെറുതായി ഉയര്‍ന്നെങ്കിലും പിന്നീട് 0.78 ശതമാനം ഇടിഞ്ഞ് 928.50 രൂപയില്‍ ക്ലോസ് ചെയ്തു.

Related Articles
Next Story
Videos
Share it