Begin typing your search above and press return to search.
സിറിയന്‍ സൈനിക ബേസ് വിട്ട് റഷ്യന്‍ കപ്പലുകള്‍! സുപ്രധാന നീക്കവുമായി ഇസ്രയേല്‍, മിഡില്‍ ഈസ്റ്റില്‍ പുതിയ വിപണി
വിമതപക്ഷം ഭരണം പിടിച്ചതിന് പിന്നാലെ സിറിയയിലെ സൈനിക ബേസില്‍ നിന്നും റഷ്യന്‍ സൈന്യം പതിയെ പിന്മാറുന്നതായി റിപ്പോര്‍ട്ട്. സിറിയന്‍ തീരത്തെ ടാര്‍റ്റസ് (Tartous) ബേസില്‍ നിന്നും റഷ്യന്‍ മെഡിറ്ററേനിയന്‍ ഫ്‌ളീറ്റിലുള്ള മൂന്നിലധികം കപ്പലുകള്‍ മടങ്ങിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മിസൈല്‍ വേധ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും അടക്കമുള്ളവയാണ് മടങ്ങിയത്. റഷ്യയെ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സൈനികകേന്ദ്രം നിലനിറുത്താന്‍ സിറിയന്‍ വിമതരുമായി നടത്തിയ ചര്‍ച്ച വിജയിച്ചില്ലെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. തുറമുഖ നഗരമായ ലത്താക്കിയയിലെ വ്യോമതാവളവും റഷ്യ ഉപേക്ഷിച്ചേക്കുമെന്നാണ് വിവരം. സിറിയന്‍ പ്രസിഡന്റായിരുന്ന ബാഷർ അല്‍ അസദ് റഷ്യ-ഇറാന്‍ സഖ്യത്തിന്റെ പിന്തുണയോടെയാണ് രാജ്യം ഭരിച്ചിരുന്നത്. എന്നാല്‍ അബു മുഹമ്മദ് അല്‍ ജീലാനിയുടെ നേതൃത്വത്തില്‍ ശക്തമായ ആഭ്യന്തര യുദ്ധത്തില്‍ അസദിന് രാജ്യം വിട്ട് റഷ്യയില്‍ അഭയം തേടേണ്ടി വന്നു.
തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍
അതിനിടെ സിറിയയിലെ തന്ത്രപ്രധാന ആയുധപ്പുരകള്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. അസദ് ഭരണത്തിന് അന്ത്യം കുറിച്ച 48 മണിക്കൂറില്‍ 350 വ്യോമാക്രമണങ്ങളെങ്കിലും ഇസ്രയേല്‍ സൈന്യം സിറിയയില്‍ നടത്തി. ഇതില്‍ സിറിയയിലെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, വ്യോമതാവളങ്ങള്‍, ആയുധനിര്‍മാണ ശാലകള്‍, യുദ്ധവിമാനങ്ങള്‍, മിസൈല്‍ സംവിധാനം എന്നിവ നാമാവശേഷമായി. 15ലധികം സിറിയന്‍ യുദ്ധവിമാനങ്ങള്‍ നങ്കൂരമിട്ടിരുന്ന ലത്താക്കിയ, അല്‍ബൈദ തുറമുഖത്തും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ കനത്ത നാശം വിതച്ചു. അല്‍ഖ്വയിദ, ഇസ്‌ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള വിമതര്‍ ആയുധങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലിനോട് ചേര്‍ന്ന തെക്കന്‍ സിറിയന്‍ അതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇവിടെ സൈനിക സാന്നിധ്യം ശക്തമാക്കുമെന്നും ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.
ഫ്രീ മാര്‍ക്കറ്റിലേക്ക്
സിറിയയില്‍ താത്കാലിക പ്രധാനമന്ത്രിയായി ചുമതലയേറ്റ മുഹമ്മദ് അല്‍ ബഷീര്‍ രാജ്യത്ത് പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമാണെന്നും വിദേശകറന്‍സി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സര്‍ക്കാര്‍ ഫ്രീ മാര്‍ക്കറ്റ് മോഡല്‍ സ്വീകരിക്കും. രാജ്യത്തെ ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാക്കും. മത്സരാധിഷ്ടിത വിപണി സംവിധാനത്തിലേക്ക് രാജ്യം മാറുമെന്ന് ഡമസ്‌കസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് തലവനും റോയിട്ടേഴ്‌സിനോട് പറഞ്ഞു. നിലവിലെ രീതിയനുസരിച്ച് സിറിയയില്‍ ബിസിനസ് ചെയ്യുക ദുഷ്‌കരമാണ്. പല രീതിയിലുള്ള കടമ്പകള്‍ കടന്നാലേ കയറ്റുമതിയും മറ്റും നടക്കൂ. അതും പ്രസിഡന്റിന്റെ അടുപ്പക്കാര്‍ക്ക് മാത്രമാണെന്നും സിറിയയിലെ വ്യവസായികള്‍ ആരോപിക്കുന്നു. 13 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര യുദ്ധവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ത്തിട്ടുണ്ട്. 2011ല്‍ അമേരിക്കന്‍ ഡോളറിനെതിരെ സിറിയന്‍ കറന്‍സിയുടെ വിനിമയ നിരക്ക് 50 പൗണ്ടായിരുന്നു. നിലവില്‍ 15,000 സിറിയന്‍ പൗണ്ടെന്ന രീതിയില്‍ ഇത് വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനര്‍നിര്‍മിക്കുക, അഭയാര്‍ത്ഥികളെ തിരികെയെത്തിക്കുക തുടങ്ങിയ കാര്യങ്ങളാകും പുതിയ സര്‍ക്കാരിന് മുന്നിലുള്ള ആദ്യലക്ഷ്യങ്ങള്‍.
75 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ആഭ്യന്തര യുദ്ധം മൂലം സിറിയയില്‍ കുടുങ്ങിയ 75 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജമ്മുകാശ്മീരികളായ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായി ലെബനനിലേക്ക് മാറ്റിയതായും വൈകാതെ ഇവര്‍ ഇന്ത്യയിലെത്തുമെന്നും അറിയിപ്പില്‍ പറയുന്നു. ഡമസ്‌ക്കസ്, ബെയ്‌റൂത്ത് എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളാണ് ഇന്ത്യക്കാരുടെ തിരികെ യാത്ര ഏകോപിപ്പിച്ചത്. സിറിയയിലുള്ള ഇന്ത്യക്കാര്‍ക്ക് നേരത്തെ തന്നെ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും രാജ്യത്തുള്ളവര്‍ എത്രയും പെട്ടെന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
Next Story
Videos