വാണിജ്യ എസ്എംഎസുകളിലെ നിയന്ത്രണം നിരോധിക്കല്‍; ട്രായ് നടപടിയെടുത്തത് എങ്ങനെ ?

വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യസ്ഥാപനങ്ങളും ടെലികോം കമ്പനികളും ബാങ്കുകളും(പരസ്യ ആവശ്യങ്ങള്‍ക്കായുള്ള എസ്എംഎസ്) അയയ്ക്കുന്ന മെസേജുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ട്രായ് നടപടിക്ക് ചെറിയ ഇടവേള. പുതിയ ഫില്‍റ്റര്‍ 7 ദിവസത്തേക്ക് സ്വിച്ച് ഓഫ് ചെയ്യാന്‍ ടെലികോം കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടിരിക്കുകയാണ്.

വാണിജ്യാവശ്യം മുന്‍നിര്‍ത്തിയുള്ള എസ്.എം.എസുകള്‍ക്ക് ട്രായ് നിര്‍ദേശപ്രകാരമുള്ള പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിച്ചതിനു പിന്നാലെയാണിത്.

നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാകാന്‍ സ്ഥാപനങ്ങള്‍ ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഐ.ഡി.യും കണ്ടന്റും രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പല സ്ഥാപനങ്ങളും ഇത് ചെയ്തില്ല. പുതിയ സംവിധാനം തടഞ്ഞതോടെ ഓണ്‍ലൈന്‍ ഇടപാടിനായുള്ള ഒ.ടി.പി. പലര്‍ക്കും ലഭിക്കാതെയുമായി. ഇതോടെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, ഇ-കൊമേഴ്‌സ് സേവനങ്ങള്‍, കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍, യു.പി.ഐ. ഇടപാടുകള്‍ എന്നിവയെല്ലാം തിങ്കളാഴ്ച വ്യാപകമായി തടസ്സപ്പെട്ടു. ഇതോടെയാണ് പുതിയ നിയന്ത്രണത്തെ തല്‍ക്കാലം നിര്‍ത്തി വയ്ക്കാന്‍ ട്രായ് കമ്പനികളെ അറിയിച്ചത്.
ട്രായില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ രജിസ്‌ട്രേഷന്‍ ഒത്തുനോക്കി കൃത്യമാണെങ്കില്‍ മാത്രമേ സന്ദേശം ഉപഭോക്താക്കള്‍ക്ക് അയക്കൂ. അല്ലെങ്കില്‍ ഇവ ഡിലീറ്റ് ചെയ്യപ്പെടും. 2018 ല്‍ ട്രായ് ഇക്കാര്യത്തില്‍ തീരുമാനം കൊക്കൊണ്ടെങ്കിലും മാര്‍ച്ച് എട്ടിനാണ് നടപ്പിലായത്.
കമ്പനികളും സര്‍ക്കാര്‍ ഏജന്‍സികളും കൃത്യമായി രജിസ്‌ട്രേഷന്‍ നടത്താതിരുന്നതാണ് ഒ.ടി.പി. ഉള്‍പ്പെടെ സന്ദേശങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാക്കിയതെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു. ഇതേക്കുറിച്ച് പലവട്ടം അറിയിപ്പുകള്‍ നല്‍കിയിരുന്നതായും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.
എന്നാല്‍ നിയന്ത്രണങ്ങള്‍ പലതും തെറ്റായ രീതിയിലാണ് നടപ്പാക്കപ്പെടുന്നതെന്നും അതാണ് തങ്ങളുടെ ഇടപാടുകളെ തടസ്സപ്പെടുത്തിയതെന്നും പേമെന്റ് കമ്പനികളും ബാങ്കുകളും കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐ.ബി.എ.) ട്രായിയെയും റിസര്‍വ് ബാങ്കിനെയും ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരം നടപ്പിലാക്കാന്‍ സമീപിച്ചിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ ചൊവ്വാഴ്ച ഇത് ഏഴുദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു.





Related Articles
Next Story
Videos
Share it