Begin typing your search above and press return to search.
തിരഞ്ഞെടുപ്പ് കഴിയട്ടേ, നിരക്ക് കൂട്ടാന്‍ റെഡി; മൊബൈല്‍ താരിഫില്‍ വന്‍ വര്‍ധനയ്ക്ക് ടെലികോം കമ്പനികള്‍
പൊതുതിരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യത്ത് മൊബൈല്‍ ഡേറ്റയ്ക്കും ഫോണ്‍വിളിക്കും ചെലവേറും. തിരഞ്ഞെടുപ്പിന് ശേഷം താരിഫില്‍ 15-17 ശതമാനം വര്‍ധനയ്ക്കാകും ഇന്ത്യന്‍ ടെലികോം രംഗം സാക്ഷ്യം വഹിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ താരിഫ് നിരക്ക് കൂട്ടിയിട്ട് മൂന്നു വര്‍ഷമായി. 2021 ഡിസംബറില്‍ 20 ശതമാനമാണ് താരിഫില്‍ വര്‍ധന വരുത്തിയത്. 5ജി ഉള്‍പ്പെടെ നെറ്റ്‌വര്‍ക്ക് ആധുനീകവത്കരണം ഉള്‍പ്പെടെ നടത്തുന്ന ടെലികോം കമ്പനികള്‍ക്ക് ആശ്വാസം പകരുന്നതാകും താരിഫ് വര്‍ധന.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ARPU) 2 ഡോളറാണ് (160 രൂപ). മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇതു തീരെ കുറവാണ്. ഇന്ത്യന്‍ ടെലികോം രംഗത്ത് നിലനില്‍ക്കുന്ന കടുത്ത മല്‍സരമാണ് വലിയ തോതില്‍ നിരക്ക് കൂട്ടുന്നതില്‍ നിന്ന് കമ്പനികളെ തടയുന്നത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ ഓരോ ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം 208 രൂപയില്‍ നിന്ന് 286 രൂപയായി ഉയര്‍ത്താന്‍ താരിഫ് വര്‍ധനയിലൂടെ ടെലികോ കമ്പനികള്‍ക്ക് സാധിക്കും. അടിസ്ഥാന വികസനത്തിന് കൂടുതല്‍ പണം ചെലവിടാന്‍ ഇതുവഴി കമ്പനികള്‍ക്ക് സാധിക്കും. വരുമാനം കൂടുകയും ചെലവ് കുറയുകയും ചെയ്യുന്നതോടെ എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ കമ്പനികള്‍ക്ക് നേട്ടമാകും.
ജിയോയ്ക്കും എയര്‍ടെല്ലിനും നേട്ടം
ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കനുസരിച്ച് ജനുവരിയില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോ 41.78 ലക്ഷം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കി. ഇതോടെ ജിയോ സര്‍വീസ് ആസ്വദിക്കുന്നവരുടെ എണ്ണം 46.39 കോടിയായി.
ഇക്കാലയളവില്‍ എയര്‍ടെല്ലിന് പുതുതായി കിട്ടിയത് 7.52 ലക്ഷം കണക്ഷനുകളാണ്. വൊഡാഫോണ്‍ ഐഡിയയ്ക്ക് പക്ഷേ കനത്ത തിരിച്ചടിയാണ് ഇക്കാലയളവില്‍ നേരിടേണ്ടി വന്നത്. 15.2 ലക്ഷം ഉപയോക്താക്കളെ കമ്പനിക്ക് നഷ്ടമായി. 12.36 ലക്ഷം നമ്പറുകള്‍ മറ്റ് നെറ്റ് വര്‍ക്കിലേക്ക് മാറ്റാനുള്ള അപേക്ഷയും ഇക്കാലയളവില്‍ ലഭിച്ചു.
Next Story
Videos