ഏറ്റവും ധനികനായ വ്യക്തി നല്‍കുന്ന നികുതി എത്രയായിരിക്കും ? വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്

2021ല്‍ അടയ്ക്കുന്ന നികുതി തുക വെളിപ്പെടുത്തി ലോകത്തിലെ ഏറ്റവും ധനികനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. 11 ബില്യണ്‍ ഡോളറിലധികം രൂപ നികുതിയായി അടയ്ക്കുമെന്നാണ് മസ്‌ക് അറിയിച്ചത്. അതായത് ഏകദേശം 85,000 കോടി രൂപ. യുഎസ് ഇൻ്റെണല്‍ റെവന്യൂ സര്‍വീസസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നികുതി അടയ്ക്കുന്ന വ്യക്തി താനായിരിക്കുമെന്ന് ഡിസംബര്‍ ആദ്യം മസ്‌ക് പറഞ്ഞിരുന്നു.

വരുമാനത്തിന് അനുസരിച്ച് മസ്‌ക് കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രൊപബ്ലിക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രൊപബ്ലിക്കയുടെ റിപ്പോര്‍ട്ടിനെതിരെ മസ്‌ക് രംഗത്തെത്തിയിരുന്നു. തൻ്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സ്, ടെസ്‌ല എന്നീ കമ്പനികളില്‍ നിന്ന് ശമ്പളമൊന്നും സ്വീകരിക്കുന്നില്ലെന്നാണ് മസ്‌ക് വ്യക്തമാക്കിയത്.
ഏകദേശം 15 മില്യണ്‍ ഓപ്ഷനുകളാണ് മസ്‌ക് എക്‌സസൈസ് ചെയ്തിരിക്കുന്നത്. ഈ ഇടപാടുമായി ബന്ധപ്പെട്ട നികുതികള്‍ അടയ്ക്കുന്നതിന് ടെസ്‌ലയിലെ ഓഹരികള്‍ മസ്‌ക് വിറ്റിരുന്നു. കാലാവധി തീരുംമുമ്പ് ഓപ്ഷനുകളിലെ ഇടപാടുകള്‍ മസ്‌ക് പൂര്‍ത്തിയാക്കിയാല്‍ 10 ബില്യണോളം രൂപ നികുതി അടയ്‌ക്കേണ്ടിവരുമന്നായിരുന്നു ബ്ലൂംബെര്‍ഗിൻ്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 2300 ശതമാനത്തോളമാണ് ടെസ്‌ലയുടെ ഓഹരി വില ഉയര്‍ന്നത്. ഫോബ്‌സ് റിയല്‍ടൈം ബില്യണേഴ്‌സ് ലിസ്റ്റ് പ്രകാരം 244.2 ബില്യണ്‍ ഡോളറാണ് മസ്‌കിൻ്റെ ആസ്ഥി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it