ഐറിഷ് നികുതി 'ഡീലില്‍' ആപ്പിളിന് തിരിച്ചടി, 1,440 കോടി ഡോളര്‍ തിരിച്ചടക്കണം
യൂറോപ്യന്‍ യൂണിയനുമായി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തില്‍ ആപ്പിളിന് കനത്ത തിരിച്ചടി. അയര്‍ലന്റുമായുണ്ടാക്കിയ പ്രത്യേക നികുതി കരാറിലൂടെ ആപ്പിള്‍ കമ്പനി പണം സമ്പാദിച്ചെന്നും ഈ തുക തിരിച്ചടക്കണമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ കോടതി ഉത്തവിട്ടത്. ഉത്തരവ് പ്രകാരം ആപ്പിള്‍ ഏതാണ്ട് 1,440 കോടി ഡോളര്‍ അയര്‍ലന്റിന് നല്‍കണം. 2016 ല്‍ യൂറോപ്യന്‍ കമ്മീഷന്‍ കോംപറ്റീഷന്‍ മേധാവി മാര്‍ഗരറ്റ് വെസ്റ്റാഗര്‍, അയര്‍ലന്റും അപ്പിളും നിയമവിരുദ്ധമായ നികുതി കരാറുണ്ടാക്കിയതായി ആരോപിച്ചിരുന്നു. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള നിക്ഷേപങ്ങളെ അയര്‍ലന്റിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടിയായിരുന്നു ഈ നികുതി ഘടനയെന്നും ആരോപിച്ചിരുന്നു.
അതിസങ്കീര്‍ണ്ണമായി നികുതി ഘടന
അയര്‍ലന്റിലെ അതിസങ്കീര്‍ണ്ണമായ നികുതി ഘടനയിലൂടെയാണ് ആപ്പിള്‍ കമ്പനി വന്‍തുക സമ്പാദിച്ചതെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നികുതിയില്ലാത്ത വരുമാനം ഒരു ഐറിഷ് സബ്‌സിഡറിയിലേക്ക് മാറ്റുന്നതിന് അനുമതിയുണ്ടായിരുന്നു. ഈ പണം പിന്നീട് അയര്‍ലന്റില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കമ്പനിയിലേക്ക് മാറ്റുകയും ടാക്‌സ് ഹെവന്‍ ബര്‍മുഡ പോലുള്ള മറ്റെവിടെയെങ്കിലും നികുതി ചുമത്തുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ ഇതിനെതിരെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് 2014 ല്‍ അയര്‍ലന്റ് ഇതിലെ പഴുതുകള്‍ അടച്ചു. അതുവരെ ആപ്പിള്‍ കമ്പനി നികുതി വെട്ടിപ്പിലൂടെ വന്‍തുകയുണ്ടാക്കിയതായാണ് കണ്ടെത്തിയത്.
നിരാശയെന്ന് ആപ്പിള്‍
കോടതി വിധി നിരാശയുണ്ടാക്കുന്നതാണെന്ന് ആപ്പിള്‍ മാനേജ്‌മെന്റ് പ്രതികരിച്ചു. നിയമത്തെ മുന്‍കാല പ്രാബല്യത്തോടെ മാറ്റാനാണ് യുറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നികുതി നിയമം അനുശാസിക്കുന്ന പ്രകാരം ഞങ്ങളുടെ വരുമാനം അമേരിക്കയില്‍ നികുതിക്ക് വിധേയമായിരുന്നെന്ന കാര്യം കോടതി അവഗണിച്ചെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വിധി അന്തിമമായതിനാല്‍ ആപ്പിളിന് ഇനി അപ്പീല്‍ പോകാനാകില്ല.
കോടതി വിധിയിലൂടെ ലഭിക്കാനിരിക്കുന്ന വന്‍ തുക എന്തു ചെയ്യണമെന്നത് സംബന്ധിച്ച് അയര്‍ലന്റ് പ്രതികരിച്ചിട്ടില്ല. അതേസമയം, കോര്‍പ്പറേറ്റ് നികുതിയില്‍ നിക്ഷേപിക്കുന്നതിനുള്ള സോവറിന്‍ വെല്‍ത്ത് ഫണ്ടിലേക്ക് ഈ തുക മാറ്റിയേക്കുമെന്നാണ് സൂചനകള്‍. രാജ്യത്തെ പ്രതിസന്ധിയിലായ സേവന മേഖലകളില്‍ ഈ ഫണ്ട് ഉപയോഗിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ ആമസോണ്‍, സ്റ്റാര്‍ ബക്‌സ് എന്നീ കമ്പനികള്‍ക്കെതിരെയും ഇത്തരത്തിലുള്ള നികുതി അനുബന്ധ കേസുകള്‍ വന്നിരുന്നു. ലക്‌സംബര്‍ഗിലെ നികുതി ഇടപാടുകളുടെ പേരില്‍ ആമസോണ്‍ 25 കോടി യൂറോ അടക്കണമെന്ന് വിധി വന്നെങ്കിലും പിന്നീട് ഇത് ഒഴിവായി. ഡച്ച് നികുതി കേസില്‍ മൂന്നു കോടി യൂറോ അടക്കണമെന്ന ആവശ്യത്തിനെതിരെ സ്റ്റാര്‍ബക്‌സിന്റെ നിയമപോരാട്ടം വിജയിച്ചിരുന്നു. അതേസമയം, ലക്‌സംബര്‍ഗ് നികുതി കേസില്‍ ഫിയറ്റ് ക്രിസ്‌ലര്‍ പരാജയപ്പെടുകയുമായിരുന്നു.