കേരളത്തിൽ യുവാക്കളിൽ മൂന്നിലൊന്നു പേർക്കും തൊഴിലില്ല; 44% സ്ത്രീകളും തൊഴിൽരഹിതർ

നാടിന്റെ സാമ്പത്തിക വികസനത്തിന് അത്യന്താപേക്ഷിത ഘടകമാണ് തൊഴില്‍ മേഖലയിലെ യുവാക്കളുടെ (15-29 വയസ്സ് പ്രായമുള്ളവര്‍) സാന്നിധ്യം. ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ (PLFS) പ്രകാരം കേരളത്തിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നഗരപ്രദേശങ്ങളില്‍ 29.4 ശതമാനമാണ്. ഗ്രാമപ്രദേശങ്ങളില്‍ ഇത് 27.9 ശതമാനവും.

യുവാക്കളുടെ കാര്യത്തിൽ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ 44.7 ശതമാനവും നഗരപ്രദേശങ്ങളില്‍ 42.8 ശതമാനം സ്ത്രീകളും തൊഴിലില്ലാത്തവരാണ്. പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 21.7 ശതമാനവും നഗരപ്രദേശങ്ങളില്‍ 19.3 ശതമാനവുമാണ്.

ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം 2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെയുള്ള കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമായി കുറഞ്ഞു. 2021-22ല്‍ ഇത് 10.1 ശതമാനമായിരുന്നു. 2022-23ലെ തൊഴിലില്ലായ്മ നിരക്ക് പുരുഷൻമാരിൽ 4.8 ശതമാനവും സ്ത്രീകളില്‍ 10.7 ശതമാനവുമാണ്. നഗര പ്രദേശങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാരില്‍ 4.7 ശതമാനവും സ്ത്രീകളില്‍ 9.2 ശതമാനവുമാണ്. ഗ്രാമീണ മേഖലകളില്‍ ഇത് പുരുഷന്മാരില്‍ 4.8 ശതമാനവും സ്ത്രീകളില്‍ 12.9 ശതമാനവുമാണ്.

അഖിലേന്ത്യാ തലത്തില്‍

അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് 2021-22ലെ 4.1 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 3.2 ശതമാനമായി കുറഞ്ഞു. പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2022-23ല്‍ ഇത് 3.3 ശതമാനവും സ്ത്രീകളില്‍ 2.9 ശതമാനവും ആയിരുന്നു. 2021-22ല്‍ ഈ നിരക്കുകള്‍ യഥാക്രമം 4.4 ശതമാനവും 3.3 ശതമാനവുമായി.

2022-23ല്‍ ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാരില്‍ തൊഴിലില്ലായ്മ നിരക്ക് 2.7 ശതമാനവും സ്ത്രീകളുടേത് 1.8 ശതമാനവുമായിരുന്നു. ഈ കാലയളവില്‍ നഗരപ്രദേശങ്ങളിലെ പുരുഷന്മാരില്‍ തൊഴിലില്ലായ്മ നിരക്ക് 4.7 ശതമാനവും സ്ത്രീകളുടേത് 7.5 ശതമാനവുമായിരുന്നു. അഖിലേന്ത്യാതലത്തില്‍ 2022-23ല്‍ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.0 ശതമാനമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it