ജീവിതത്തിലും ബിസിനസിലും വിജയിക്കാന്‍ ഈ ഒരൊറ്റ കാര്യം മാത്രം മതി! ജെഫ് ബെസോസ് പറയുന്നു;

ആമസോണ്‍ സി ഇ ഒ എന്ന നിലയില്‍ ഓഹരിയുടമകള്‍ക്ക് അയച്ച അവസാന കത്തില്‍ ബിസിനസിലും ജീവിതത്തിലും വിജയിക്കാന്‍ പിന്തുടരേണ്ട ലളിതവും എന്നാല്‍ പലരും വിസ്മരിക്കുന്നതുമായ മഹത്തായ കാര്യം വെളിപ്പെടുത്തി ജെഫ് ബെസോസ്. ആമസോണിന്റെ മഹത്തായ ചരിത്രവും ഭാവിയെ കുറിച്ചുള്ള തന്റെ ആശയങ്ങളും വെളിപ്പെടുത്തുന്ന 5,600 വാക്കുകളുള്ള കത്തില്‍ വെറും അഞ്ച് വാക്കുകളിലൂടെയാണ് ജെഫ് ബെസോസ് ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. ''ബിസിനസില്‍ (ജീവിതത്തിലും) വിജയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍, നിങ്ങള്‍ എന്തൊക്കെ ഉപഭോഗം ചെയ്യുന്നുവോ അതിലേറെ സൃഷ്ടിക്കണം (create more than you consume). നിങ്ങളുമായി ഇടപഴകുന്ന ഓരോരുത്തരിലും മൂല്യം സൃഷ്ടിക്കുക എന്നതാകണം ലക്ഷ്യം. ഏതൊരു ബിസിനസുമാകട്ടേ, അത് സ്പര്‍ശിക്കുന്ന ഓരോ വ്യക്തിയിലും മൂല്യം സൃഷ്ടിച്ചില്ലെങ്കില്‍, ബിസിനസ് വിജയമാണെന്ന് കണ്ടാല്‍ പോലും അത് ഇപ്പോഴത്തെ ലോകത്ത് ദീര്‍ഘകാലം നിലനില്‍ക്കില്ല,'' ജെഫ് ബെസോസ് വെളിപ്പെടുത്തുന്നു.

'Create more than you consume' എന്ന ആശയത്തില്‍ തന്നെ അടിയുറച്ചാണ് ആമസോണ്‍ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ബെസോസ് വ്യക്തമാക്കുന്നു.
നിങ്ങളുടെ ബിസിനസ് ഉപഭോഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സൃഷ്ടിക്കുന്നുണ്ടോ?
പുറമേ കേള്‍ക്കുമ്പോള്‍ ലളിതമെങ്കിലും ഇത് പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്നത് അത് എളുപ്പമല്ലെന്നും ബെസോസ് തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തിലെ ഏത് ബിസിനസ് സ്‌കൂളിലും വാല്യു ക്രിയേഷന്‍, വാല്യു ക്യാപ്ചര്‍ തുടങ്ങിയ വാക്കുകള്‍ പറയുന്നുണ്ടെങ്കിലും അവ നിരന്തര ആശയക്കുഴപ്പം തന്നെ സൃഷ്ടിക്കുന്നുണ്ടെന്നും ബെസോസ് കത്തില്‍ തുടര്‍ന്നു പറയുന്നു. ജീവിതത്തിലും ബിസിനസിലും ഇവ ദീര്‍ഘകാലം കൊണ്ടാണ് അളക്കപ്പെടുന്നത്. പക്ഷേ വാല്യു സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ വാല്യു നേടിയെടുക്കാനും സാധിക്കില്ല. അതുകൊണ്ട് മൂല്യം സൃഷ്ടിക്കുന്നുണ്ടെന്ന കാര്യം നിരന്തരം അളക്കപ്പെടേണ്ടതുമുണ്ട്. ഇതിനായി രണ്ട് ചെറിയ ചോദ്യങ്ങള്‍ സ്വയം ചോദിക്കാം.

$ ഈ ബിസിനസ്, അത് ഉപഭോഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ?

$ വ്യക്തിയെന്ന നിലയില്‍ ഉപഭോഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സൃഷ്ടിക്കുന്നുണ്ടോ?

ഇതിനെ കൂടുതല്‍ ലളിതമായി വിശകലനം ചെയ്യാന്‍ സ്വയം ചോദിക്കേണ്ട കാര്യം കൂടിയുണ്ട്. 'എന്റെ വ്യക്തിബന്ധങ്ങളില്‍, പ്രൊഫഷണല്‍ ജീവിതത്തില്‍, ഞാന്‍ കൊണ്ടുനടക്കുന്ന ബിസിനസില്‍ ഉപഭോഗം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ സൃഷ്ടിക്കുന്നുണ്ടോ?' എന്നതാണത്.

ആമസോണിന്റെ ഓഹരിയുടമകള്‍, ജീവനക്കാര്‍, തേര്‍ഡ് പാര്‍ട്ടി സെല്ലേഴ്‌സ്, കസ്റ്റമേഴ്‌സ് എന്നിവര്‍ക്ക് കമ്പനി സൃഷ്ടിച്ച വാല്യു എത്രയെന്നും കത്തില്‍ വിശദമായി പറയുന്നുണ്ട്. ആമസോണിന്റെ ഈ നാല് പ്രമുഖ പങ്കാളികള്‍ക്കുമായി പ്രതിവര്‍ഷം 301 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് സൃഷ്ടിക്കുന്നതെന്ന് ബെസോസ് വിശദീകരിക്കുന്നു.


Related Articles
Next Story
Videos
Share it