ചൂടില്‍ തളര്‍ന്നെങ്കിലും വേരറ്റില്ല; ഇന്ത്യക്കാരുടെ ഇഷ്ട ലൊക്കേഷനില്‍ ഇടംപിടിച്ച് കേരള ടൂറിസം

കടുത്ത ചൂടും പൊതുതിരഞ്ഞെടുപ്പും കേരളത്തിലെ ടൂറിസം രംഗത്തിന് ഇത്തവണ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. അവധിക്കാലത്ത് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയതോതില്‍ കുറഞ്ഞിരുന്നു. മെയ്ക്ക്‌മൈ ട്രിപ്പ് പുറത്തുവിട്ട വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചിരിക്കുകയാണ്.
വേനല്‍ക്കാലത്ത് ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവുമധികം യാത്രക്കാര്‍ എത്തിയത് ഗോവയിലാണ്. ബീച്ചുകളും രാത്രികാല വിനോദങ്ങളും ഗോവയിലേക്കുള്ള ഒഴുക്കിന് കാരണമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ കുറവു വന്നെങ്കിലും കേരളത്തിന് രണ്ടാംസ്ഥാനത്ത് എത്താനായി.
കടുത്ത ചൂടില്‍ രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ കുറഞ്ഞിരുന്നു. ഇതിന് ആനുപാതികമായി മാത്രമാണ് കേരളത്തിലും കുറവു വന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ആളുകളുടെ വരവ് കുറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ളത്.
അനുകൂല കാലാവസ്ഥയും ടൂറിസത്തിന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതും വടക്കുകിഴക്കന്‍ മേഖലയ്ക്ക് ഗുണംചെയ്തു. കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നടിഞ്ഞ ഹിമാചല്‍പ്രദേശ് പതിയെ ടൂറിസത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നതിനും വേനല്‍ക്കാലം സാക്ഷ്യംവഹിച്ചു. പട്ടികയില്‍ നാലാംസ്ഥാനത്താണ് ഹിമാചല്‍. അഞ്ചാംസ്ഥാനത്ത് കാശ്മീരാണ്.
വിദേശയാത്രയില്‍ പ്രിയം തായ്‌ലന്‍ഡിനോട്
ഇന്ത്യക്കാരുടെ വിദേശ ലൊക്കേഷനുകളില്‍ ഒന്നാംസ്ഥാനത്ത് തായ്‌ലന്‍ഡാണ്. വിസാ ഫ്രീ ഉള്‍പ്പെടെ സന്ദര്‍ശകര്‍ക്കായി വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതും കുറഞ്ഞ ചെലവില്‍ പോയിവരാമെന്നതും തായ്‌ലന്‍ഡിന് ഗുണം ചെയ്തു. ദുബൈ ആണ് പട്ടികയില്‍ രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. ഇന്തോനേഷ്യയിലെ ബാലിയാണ് മൂന്നാംസ്ഥാനത്തെത്തിയത്. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വീസ ഫ്രീയായി സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ് ബാലി.
Related Articles
Next Story
Videos
Share it