ഐ.പി.എല്‍ ടീമില്‍ അദാനിയുടെ മോഹം പാളി; വില്ലനായത് മറ്റൊരു ഗുജറാത്ത് കമ്പനി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാനുള്ള ഗൗതം അദാനിയുടെ നീക്കത്തിന് വന്‍ തിരിച്ചടി. നിലവിലെ ഉടമകളായ സി.വി.സി ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് അവരുടെ ഓഹരികള്‍ ഭൂരിപക്ഷവും വില്ക്കാന്‍ തീരുമാനിച്ചതോടെയാണ് അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറന്റ് ഗ്രൂപ്പിന് ഭൂരിപക്ഷ ഓഹരികള്‍ കൈമാറാന്‍ സി.വി.സി ക്യാപിറ്റല്‍സ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് അദാനി ഗ്രൂപ്പ് ചിത്രത്തില്‍ നിന്ന് പുറത്തായത്. 2021ല്‍ ഐ.പി.എല്ലില്‍ ഗുജറാത്ത് ഫ്രാഞ്ചൈസി അനുവദിച്ച സമയത്തും ടീമിനെ സ്വന്തമാക്കാന്‍ മുന്നിലുണ്ടായിരുന്ന ഗ്രൂപ്പായിരുന്നു ടോറന്റ്. അന്ന് ലേലത്തില്‍ അദാനി ഗ്രൂപ്പും പങ്കെടുത്തിരുന്നെങ്കിലും ടീമിനെ ലഭിച്ചില്ല.

2021ലും അദാനി മോഹം പൊലിഞ്ഞു

2021ലെ ടീം ലേലത്തില്‍ 5,100 കോടി രൂപയുടെ ബിഡ് ആയിരുന്നു അദാനി ഗ്രൂപ്പ് സമര്‍പ്പിച്ചത്. മറ്റൊരു എതിരാളികളായ ടോറന്റ് 4,653 കോടി രൂപയുടേതും. എന്നാല്‍ ഈ രണ്ടു കമ്പനികളെയും തള്ളി സി.വി.സി ഗ്രൂപ്പ് ടീമിനെ സ്വന്തമാക്കുകയായിരുന്നു. ലക്‌സംബര്‍ഗ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമാണ് സി.വി.സി പാര്‍ട്‌ണേഴ്‌സ്. സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാലിഗ, റഗ്ബി, വോളിബോള്‍ ലീഗുകള്‍ എന്നിവയിലും ഈ കമ്പനിക്ക് നിക്ഷേപമുണ്ട്. 5,625 കോടി രൂപയ്ക്കായിരുന്നു അവര്‍ ഐ.പി.എല്‍ ടീമിനെ സ്വന്തമാക്കിയിരുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഒട്ടുമിക്ക ടീമുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയ നേട്ടം സ്വന്തമാക്കിയിരുന്നു. ബി.സി.സി.ഐയുടെ സെന്‍ട്രല്‍ റവന്യുവില്‍ നിന്നുള്ള വരുമാനം ലഭിച്ചതോടെയായിരുന്നു ഇത്. മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ സബ്സിഡിയറി കമ്പനിയായ ഇന്ത്യാവിന്‍ സ്പോര്‍ട്സാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകള്‍. 2022-23 സാമ്പത്തികവര്‍ഷം 359 കോടി രൂപയായിരുന്നു വരുമാനം. അറ്റനഷ്ടം 49 കോടി രൂപയും. ഇത്തവണ വരുമാനം ഇരട്ടിയായി, 737 കോടി രൂപ. നഷ്ടം ലാഭത്തിന് വഴിമാറി. 2023-24ലെ ലാഭം 110 കോടി രൂപ.
പ്രമുഖ മദ്യ നിര്‍മാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഉടമസ്ഥര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തികവര്‍ഷം 163 ശതമാനത്തിന്റെ വരുമാന വര്‍ധനയാണ് കമ്പനി സ്വന്തമാക്കിയത്. മൊത്ത വരുമാനം 650 കോടി രൂപയായി ഉയര്‍ന്നു, അറ്റലാഭം 222 കോടി. മുന്‍വര്‍ഷം 15 അറ്റനഷ്ടം രേഖപ്പെടുത്തിയിരുന്ന സമയത്താണിത്.
Related Articles
Next Story
Videos
Share it