പ്രതിസന്ധി ഘട്ടങ്ങളിലും പ്രവര്‍ത്തിക്കാന്‍ സജ്ജമായി തിരുവനന്തപുരം വിമാനത്താവളം, പുതിയ എ.ഒ.സി സെന്റര്‍ തുടങ്ങി

പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാക്ക്-അപ്പ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ (എ.ഒസിസി) തുടങ്ങി.
നിലവില്‍, വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു സമീപം ഇത്തരമൊരു കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് എയര്‍സൈഡിലെ ഫയര്‍ റെസ്‌ക്യൂ കെട്ടിടത്തിനുള്ളില്‍ പുതിയ ബാക്ക്-അപ്പ് എ.ഒ.സി.സി സജ്ജീകരിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ ആദ്യത്തെ സെന്ററിന് പ്രവര്‍ത്തിക്കാനാകാതെ വന്നാലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബാക് അപ്പ് എഒസിസി വഴി സുഗമമായി നടക്കും.
എന്താണ് എയര്‍ പോര്‍ട്ട് ഓപറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍
വിമാനത്താവളത്തിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും സുഗമമായി നടക്കുന്നതിന് വിവിധ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് എ.ഒ.സി.സി. അത്യാധുനിക സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രമാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്, എയര്‍ലൈന്‍ കമ്പനികള്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍, വിവിധ വകുപ്പുകള്‍, എജന്‍സികള്‍ എന്നിവരെ ഏകോപിപ്പിച്ച് വിമാനത്താവളത്തെ 24 മണിക്കൂറും തടസമില്ലാതെ മുന്നോട്ടുകൊണ്ട് പോകുന്നത്.
വിമാനത്താവളത്തിലെ എല്ലാ ഡാറ്റകളും ക്രോഡീകരിക്കുന്നതും പരിശോധിക്കുന്നതും ഇവിടെയാണ്. ഇങ്ങനെ ലഭിക്കുന്ന തത്സമയ റിപ്പോര്‍ട്ടുകള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകമാണ്. വിദഗ്ധ പരിശീലനം നേടിയ പ്രൊഫഷനലുകളാണ് കേന്ദ്രത്തില്‍ ജോലിയ്ക്കുണ്ടാവുക. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കലാണ് ഈ കേന്ദ്രത്തിന്റെ ചുമതല. ഇതിന് പുറമെ സുരക്ഷാ നടപടിക്രമത്തിലും ക്രൈസിസ് മാനേജ്‌മെന്റിലും നിര്‍ണായക ചുമതലകളുമുണ്ട്.
സര്‍വീസ് ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍
അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. പുതിയ നിരക്കനുസരിച്ച് ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ 1540 രൂപയും യൂസര്‍ഫീ ഇനത്തില്‍ നല്‍കണം. നേരത്തെ ഇത് യഥാക്രമം 450 രൂപയും 950 രൂപയുമായിരുന്നു.അടുത്ത വര്‍ഷം ഇത് യഥാക്രമം 840 രൂപയും 1680 രൂപയുമാകും. 2026 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ 910 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ 910 രൂപയും യൂസര്‍ ഫീ നല്‍കണം.
ഇതിന് പുറമെ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കും യൂസര്‍ഫീ ചുമത്തിയിട്ടുണ്ട്. വന്നിറങ്ങുന്നവര്‍ ഫീസ് നല്‍കേണ്ടത് ഇങ്ങനെ: വര്‍ഷം, ആഭ്യന്തര യാത്രക്കാര്‍ നല്‍കേണ്ട തുക, അന്താരാഷ്ട്ര യാത്രക്കാര്‍ നല്‍കേണ്ട തുക എന്ന ക്രമത്തില്‍ - 2024 (330, 660) , 2025 (360, 720), 2026 (390, 780). വിമാനങ്ങളുടെ ലാന്‍ഡിംഗ് ചാര്‍ജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് 890 രൂപയാക്കി. അടുത്ത സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് 1400 രൂപയും 1650 രൂപയുമായി വര്‍ധിക്കും.

Related Articles

Next Story

Videos

Share it