യു.എ.ഇയില്‍ പൊതുമാപ്പ് ഈ മാസം കൂടി; കാലാവധി നീട്ടില്ലെന്ന് മുന്നറിയിപ്പ്
യു.എ.ഇയില്‍ പൊതുമാപ്പിന്റെ കാലാവധി ഒക്ടോബര്‍ 31 ന് അവസാനിക്കും. പൊതുമാപ്പിന് അര്‍ഹരായവര്‍ ഈ സമയത്തിനുള്ളില്‍ അപേക്ഷിക്കണമെന്നും കാലവധി നീ്ട്ടില്ലെന്നും യു.എ.ഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് സെക്യൂരിറ്റി അറിയിച്ചു. കാലാവധിക്ക് ശേഷവും രാജ്യത്ത് അനധികൃതമായി തുടരുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. അവര്‍ക്ക് പിന്നീട് യു.എ.ഇയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും ഫെഡറല്‍ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പരിശോധനകള്‍ ശക്തമാക്കും
സെപ്തംബര്‍ ഒന്നിനാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് നിയമപരമായ മാര്‍ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള അവസരമാണിതെന്ന് ഫെഡറല്‍ അതോരിറ്റി ഡയരക്ടര്‍ ജനറല്‍ സുല്‍ത്താന്‍ അല്‍ നുആമി പറഞ്ഞു. കാലാവധി കഴിഞ്ഞാല്‍ രാജ്യത്ത് വ്യാപകമായ പരിശോധനകളുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവരെ കണ്ടെത്തിയാല്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകും. പിഴ ചുമത്തി നാട്ടിലേക്ക് കയറ്റി വിടും. ഇവര്‍ക്ക് പിന്നീട് യു.എ.ഇയിലേക്ക് വരാന്‍ അനുമതിയുണ്ടാകില്ല. പൊതുമാപ്പിലൂടെ രാജ്യം വിടാന്‍ പെര്‍മിറ്റ് ലഭിച്ചവര്‍ ഒക്ടോബര്‍ 31 മുമ്പ് സ്വന്തം നാടുകളിലേക്ക് പോകണമെന്നും ഫെഡറല്‍ അതോരിറ്റി അറിയിപ്പില്‍ പറഞ്ഞു. രേഖകളുടെ അഭാവത്തില്‍ അനിശ്ചിതത്വത്തില്‍ കഴിഞ്ഞിരുന്ന 20,000 പേര്‍ക്ക് നിയമപ്രകാരമുള്ള ക്രമപ്പെടുത്തലുകള്‍ അനുവദിച്ചിട്ടുണ്ട്. 7,401 പേര്‍ക്ക് സ്വന്തം രാജ്യത്തേക്ക് പോകാന്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കി.