മദ്യം ആര്‍ക്കും വാങ്ങാം, സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നിയമങ്ങളില്‍ ഇളവുമായി യുഎഇ

21 വയസ് പൂര്‍ത്തിയായാല്‍ ആര്‍ക്കും ഭരണകൂടത്തിന്റെ ലൈസന്‍സ് ഇല്ലാതെ തന്നെ മദ്യം വാങ്ങുന്നതടക്കം മുസ്ലിം വ്യക്തിഗത നിയമങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തി യുഎഇ. ഒരു പരിധി വരെ ഇസ്ലാമിക് നിയമങ്ങള്‍ പാലിച്ചിരുന്ന യുഎഇയില്‍ പുതിയ മാറ്റത്തോടെ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളടക്കമുള്ള സന്ദര്‍ശകര്‍ക്ക് ഗുണകരമാകും.

മദ്യ ഉപഭോഗവും വില്‍പ്പനയും അടക്കമുള്ള കാര്യങ്ങളില്‍ 21 വയസിന് മുകളിലുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കുന്നതാണ് പ്രധാന മാറ്റം. നിലവില്‍ ബാറുകളിലും ക്ലബുകളിലും യഥേഷ്ടം ബിയറും മദ്യവും ലഭിക്കുന്നുണ്ടെങ്കിലും പുറത്തു നിന്ന് വാങ്ങണമെങ്കില്‍ ഭരണകൂടം നല്‍കുന്ന ലൈസന്‍സ് ആവശ്യമായിരുന്നു. പുതിയ നിയമ പ്രകാരം മുസ്ലിങ്ങള്‍ക്കും മദ്യത്തിനുള്ള ലൈസന്‍സ് അനുവദിക്കും.

പ്രവാസികളുടെ വില്‍പ്പത്രം, പിന്തുടര്‍ച്ചാവകാശം, സ്ത്രീ സുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്തുന്നത്.

വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ വിദേശികളായ താമസക്കാര്‍ക്ക് ഇനി ശരിയ നിയമപ്രകാരമുള്ള വിചാരണ നേരിടേണ്ടി വരില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ദുരഭിമാനക്കൊല കര്‍ശനമായി നേരിടുമെന്നാണ് പുതിയ നിയമം. വിവിധ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ കുടുംബങ്ങള്‍ക്ക് ദുഷ്‌പേര് ഉണ്ടാക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തുന്ന രീതി സാര്‍വത്രികമായിരുന്നു.

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ഇനി കുറ്റമായി കണക്കാക്കില്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കും.

പൊതുസ്ഥലങ്ങളില്‍ വഴക്കിടുന്നതും ചുംബിക്കുന്നതും ഇനി തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കില്ല. പകരം പിഴ ഈടാക്കും.

ഇത്തരം നിയമങ്ങളില്‍ ഇളവ് വരുന്നത് മേഖലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും നിക്ഷേപം കൊണ്ടു വരാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡിനെ തുടര്‍ന്ന് മാറിയ ലോകക്രമങ്ങളില്‍ സാമ്പത്തിക രംഗത്ത് മുന്നോട്ട് പോകാന്‍ എണ്ണയെ മാത്രം ആശ്രയിച്ചാല്‍ മതിയാകില്ലെന്ന ബോധ്യം ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുണ്ട്. അതകൊണ്ടു തന്നെ എണ്ണയിതര വരുമാന മാര്‍ഗങ്ങളെ കുറിച്ച് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ഗൗരവമായി ചിന്തിച്ചു വരുന്ന സമയമാണിത്. നിയമത്തില്‍ ഇളവുകള്‍ വരുന്നതോടെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷപകരെ ആകര്‍ഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it