ഊബര്‍ ഇന്ത്യയില്‍ ആദ്യമായി ജലഗതാഗത രംഗത്ത്; ദാല്‍ തടാകത്തിലും റൈഡ് ബുക്ക് ചെയ്യാം; കശ്മീർ യാത്രകള്‍ കളറാകും

ഊബര്‍ ആപ്പിലൂടെ ഇനി കശ്മീരിലെ ശിക്കാര യാത്രയും ബുക്ക് ചെയ്യാം. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ ട്രാസ്‌പോര്‍ട്ട് സര്‍വീസ് ബുക്കിംഗിന് ഊബര്‍ ആപ്പില്‍ തുടക്കം. ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കുന്ന ഏഷ്യയില്‍ തന്നെ ആദ്യത്തെ കമ്പനിയായി ഊബര്‍ മാറി. ഊബര്‍ ശിക്കാര എന്ന് പേരിട്ട ഈ സേവനം കശ്മീരിലെ ശ്രീനഗര്‍ ദാല്‍ തടാകത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ സഹായകമാകും. '' കശ്മീരിലെ ടൂറിസം മേഖലക്ക് പുതിയ മുഖം നല്‍കാനും വിനോദ സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാനും പുതിയ സേവനം സഹായമാകും.'' ഊബര്‍ ഇന്ത്യ സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രബ്ജീത്ത് സിംഗ് പറഞ്ഞു.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകളായിരിക്കും ഊബര്‍ വഴിയുള്ള ബുക്കിംഗിന് ഈടാക്കുന്നത്. ഇത് മൂലം കൂടിയ നിരക്ക് നല്‍കേണ്ടി വരുന്ന നിലവിലുള്ള അവസ്ഥ ഇല്ലാതാകും. തുടക്കത്തില്‍ എഴ് ശിക്കാരകളിലേക്കുള്ള ബുക്കിംഗാണ് ആരംഭിക്കുന്നത്. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ മൊബൈല്‍ ആപ്പില്‍ ബുക്കിംഗ് തുടങ്ങും. ഒരു മണിക്കൂര്‍ റൈഡിനുള്ള ബുക്കിംഗ് ആണ് നടത്താനാകുക. യാത്രക്ക് 12 മണിക്കൂര്‍ മുമ്പ് വരെ ബുക്ക് ചെയ്യാം. അഡ്വാന്‍സ് ബുക്കിംഗ് 15 ദിവസത്തിനുള്ളിലാണ്.

ശ്രീനഗറില്‍ 4,000 ശിക്കാരകളാണുള്ളത് ആദ്യ ഘട്ടത്തില്‍ പരിമിതമായ ബോട്ടുകളിലാണ് ബുക്കിംഗ് എന്നും പിന്നീട് കൂടുതല്‍ സിക്കാര ഉടമകളുമായി ഊബര്‍ കരാര്‍ ഉണ്ടാക്കുമെന്നും ശ്രീനഗറിലെ ശിക്കാര ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വാലി മുഹമ്മദ് പറഞ്ഞു. നിലവില്‍ ശ്രീനഗറില്‍ ഊബറിന്റെ കാബ് സര്‍വീസ് ലഭ്യമാണ്. ഇറ്റലി ഉള്‍പ്പടെയുള്ള ഏതാനും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഊബറിന്റെ വാട്ടര്‍ സര്‍വ്വീസ് സേവനമുണ്ട്.

Related Articles
Next Story
Videos
Share it