തിങ്കളാഴ്ചകളില്‍ ചുളിവു വീണ വസ്ത്രങ്ങള്‍ ധരിക്കൂ, വ്യത്യസ്ത ക്യാമ്പയിന് പിന്നിലെന്ത്?

വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതും കാലാവസ്ഥാ വ്യതിയാനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ചുളിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയാന്‍ സഹായകമാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും കണക്കുകള്‍ നിരത്തി 'അതേ' എന്ന ഉത്തരം നല്‍കുകയാണ് ഇന്ത്യയുടെ സോളാര്‍ മാന്‍ എന്നറിയപ്പെടുന്ന മുംബൈ ഐഐടി പ്രൊഫസര്‍ ചേതന്‍ സോളങ്കി.

ഒരു അസാധാരണ പ്രൊഫസറാണ് സോളങ്കി. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും സൗരോര്‍ജത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി പത്തു വര്‍ഷത്തേക്ക് തന്റെ ജോലിയും കുടുംബവും ഉപേക്ഷിച്ച് ഇറങ്ങിയ ആളാണ് അദ്ദേഹം. ഗാന്ധിയന്‍ തത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സോളങ്കി പറയുന്നു: ''കാലാവസ്ഥാ വ്യതിയാനം അടിയന്തിരമായി തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം മതിയാകില്ല. ഇതിന് ചുരുങ്ങിയത് ഒരു പതിറ്റാണ്ട് വേണ്ടി വരും. അതുകൊണ്ട് 2030 വരെയുള്ള പത്തു വര്‍ഷക്കാലം തുടര്‍ച്ചയായി സോളാര്‍ ബസില്‍ ഇന്ത്യയിലുടനീളം യാത്ര ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.''

തിങ്കളാഴ്ചകളില്‍ ചുളിവു വീണ വസ്ത്രങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഒരു ദേശീയ ക്യാമ്പയിന്‍ ആരംഭിച്ചു. 340 സംഘടനകളില്‍ നിന്നായി ഏകദേശം 6.5 ലക്ഷം ആളുകള്‍ ഇപ്പോള്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയോടും പൊതുജനങ്ങളോടും തിങ്കളാഴ്ചകളില്‍ ഇസ്തിരിയിടാത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഹ്വാനം നടത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍, നമ്മുടെ ചെറിയ പ്രവൃത്തികള്‍ കാലാവസ്ഥാ വ്യതിയാനം വര്‍ധിക്കാന്‍ കാരണമാകുന്നത് എങ്ങനെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം പറയുന്നു; ''ഒരു വസ്ത്രം ഇസ്തിരിയിടാന്‍ അഞ്ച് മുതല്‍ ഏഴ് മിനുട്ട് വരെ എടുക്കുന്നു. ഓരോ തവണയും 0.2 യൂണിറ്റ് വൈദ്യുതി അതിനായി ഉപയോഗിക്കുന്നു.

വൈദ്യുതിയാകട്ടെ മിക്കവാറും കല്‍ക്കരി ഉപയോഗിച്ച് ഉണ്ടാക്കുന്നതുമാണ്. അതിനര്‍ത്ഥം നമ്മള്‍ ഓരോ തവണയും ഇസ്തിരിയിടുമ്പോള്‍ 200 ഗ്രാം കാര്‍ബണ്‍ പുറന്തള്ളാന്‍ കാരണമാകുന്നു എന്നാണ്.'' ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന ഓരോ കാര്യവും- പല്ലു തേക്കല്‍, പാചകം, യാത്ര, ലൈറ്റ് ഇടുന്നത്, ഫര്‍ണിച്ചര്‍ വാങ്ങുന്നത് ഒക്കെയും ഊര്‍ജം ആവശ്യമായ കാര്യങ്ങളാണ്. ഇതൊക്കെയും ആഗോളതാപനത്തിന് കാരണമാകുന്നു.

ഇക്കാര്യത്തില്‍ രാജ്യങ്ങള്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ല എന്ന ആശങ്കയും അദ്ദേഹം പങ്കുവെയ്ക്കുന്നു. യൂറോപ്പില്‍ താപതരംഗത്തില്‍ 60000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സമുദ്ര നിരപ്പ് ഉയര്‍ന്നുവരുന്നതിനാല്‍ ബംഗ്ലാദേശില്‍ പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലേറെ ആളുകള്‍ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നു. ഒഡിഷയിലെ ഒരു ഗ്രാമം തന്നെ അടുത്തിടെ അപ്രത്യക്ഷമായി. ഇപ്പോള്‍ തന്നെ 1.3 സെല്‍ഷ്യസിലേക്ക് ഉയര്‍ന്ന താപനില നാശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഇത് 1.5 സെല്‍ഷ്യസിലേക്ക് എത്താല്‍ അഞ്ചു വര്‍ഷവും ഏതാണ്ട് നൂറ് ദിവസവും മാത്രമെ ശേഷിക്കുന്നുള്ളൂ. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം മാരകമായ പ്രത്യാഘാതങ്ങളോടെ മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് എല്ലാ സൂചനകളും.

പൂര്‍ണമായി സോളാര്‍ എനര്‍ജിയിലേക്ക് മാറാനുള്ള ഒരു വഴി നല്‍കുകയാണ് സോളങ്കി- ഒഴിവാക്കുക (Avoid), ചുരുക്കുക (Minimize), ഉല്‍പ്പാദിപ്പിക്കുക (Generate). ഊര്‍ജ ഉപയോഗം കഴിയുന്നത്ര ഒഴിവാക്കുക. ഒഴിവാക്കാനാവുന്നില്ലെങ്കില്‍ കാര്യക്ഷമമായ ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ ഇതിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ പ്രാദേശികമായി ഊര്‍ജോല്‍പ്പാദനം ആരംഭിക്കുക. ഒരു തുടക്കമെന്ന നിലയില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ തന്നെ ചുളിവു വീണ വസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങാം!

(ജൂണ്‍ 15 ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

Related Articles

Next Story

Videos

Share it