Begin typing your search above and press return to search.
സ്വകാര്യവല്‍ക്കരണം തിരിച്ചടിയായോ? തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊള്ളുന്ന യൂസര്‍ ഫീ; വ്യാപക പ്രതിഷേധം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് 50 ശതമാനം വര്‍ധിപ്പിക്കാന്‍ എയര്‍ പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നല്‍കി. വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ക്കും ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് വിമാനത്താവളത്തിലെ യൂസര്‍ ഫീ നിരക്ക് ഉയര്‍ത്തുന്നത്. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും നിരക്ക് വര്‍ധിക്കും.ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിമാനയാത്രകള്‍ക്കുള്ള ചെലവേറും.
ജൂലൈ ഒന്ന് മുതല്‍ അടുത്ത മാര്‍ച്ച് 31 വരെയുള്ള പുതിയ നിരക്കനുസരിച്ച് ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ 1540 രൂപയും യൂസര്‍ ഫീ നല്‍കണം. നേരത്തെ ഇത് യഥാക്രമം 450 രൂപയും 950 രൂപയുമായിരുന്നു.അടുത്ത വര്‍ഷം ഇത് യഥാക്രമം 840 രൂപയും 1680 രൂപയുമാകും. 2026 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ 910 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ 910 രൂപയും യൂസര്‍ ഫീ നല്‍കണം. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കും ഈ വര്‍ഷം മുതല്‍ യൂസര്‍ ഫീയുണ്ട്. വന്നിറങ്ങുന്നവര്‍ ഫീസ് നല്‍കേണ്ടത് ഇങ്ങനെ വര്‍ഷം, ആഭ്യന്തര യാത്രക്കാര്‍ നല്‍കേണ്ട തുക, അന്താരാഷ്ട്ര യാത്രക്കാര്‍ നല്‍കേണ്ട തുക എന്ന ക്രമത്തില്‍ - 2024 (330, 660) , 2025 (360, 720), 2026 (390, 780). വിമാനങ്ങളുടെ ലാന്‍ഡിംഗ് ചാര്‍ജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് 890 രൂപയാക്കി. അടുത്ത സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് 1400 രൂപയും 1650 രൂപയുമായി വര്‍ധിക്കും.
അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാനും തിരുവനന്തപുരം വിമാനത്താവളത്തിന് സാധിച്ചു.4.4 ലക്ഷം അന്താരാഷ്ട്ര, പ്രാദേശിക യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 50 ലക്ഷം യാത്രക്കാര്‍ എന്നതാണ് ലക്ഷ്യം.
പ്രതിഷേധം ശക്തം
സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും വ്യവസായി സംഘടനകളും അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന തീരുമാനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പുനപരിശോധിക്കണമെന്നും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡ്രസ്ട്രി പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു. ഇത്തരം അനീതികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മാത്രം നടക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു. മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ യാത്രക്കാരെ പിഴിയാനുള്ള തീരുമാനം അവരെ കൊച്ചി വിമാനത്താവളത്തിലേക്ക് അടുപ്പിക്കും. യാഥാര്‍ത്ഥ്യം പരിശോധിക്കാതെയാണ് യൂസര്‍ ഫീ വര്‍ധിപ്പിച്ചിരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്ന ഫീസുകള്‍ താരതമ്യം ചെയ്ത ശേഷം നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ പിന്തുണ നല്‍കിയ തിരുവനന്തപുരത്തുകാരെക്കൊണ്ട് മറുത്ത് ചിന്തിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രക്കാര്‍ കുറയും, വിമാനക്കമ്പനികള്‍ ഉപേക്ഷിച്ച് പോകും
യൂസര്‍ഫീ, ലാന്‍ഡിംഗ് ഫീ, പാര്‍ക്കിംഗ് ഫീ തുടങ്ങിയവ കുത്തനെ ഉയര്‍ത്തുന്നത് വിമാനക്കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഭാരമാണ്.എന്നാല്‍ അമിത ടിക്കറ്റ് നിരക്കിന്റെ രൂപത്തില്‍ യാത്രക്കാരുടെ തലയിലാകും കൂടുതല്‍ ഭാരമെത്തുക. തിരുവനന്തപുരത്ത് നിന്നുള്ള ടിക്കറ്റ് നിരക്കുകള്‍ ജൂലൈ ഒന്ന് മുതല്‍ വര്‍ധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ യാത്രക്കാര്‍ മറ്റ് വിമാനത്താവളങ്ങള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങും. പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കുന്നതോടെ അന്താരാഷ്ട്ര വിമാനക്കമ്പനികളും തിരുവനന്തപുരത്ത് നിന്നും സര്‍വീസ് നടത്താന്‍ മടിക്കും. ഇത് തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രാപ്രതിസന്ധി രൂക്ഷമാക്കും.
Next Story
Videos