Begin typing your search above and press return to search.
വന്ദേഭാരത് 'കവച്' പരീക്ഷയും പാസായി; ഇനി വേഗം 160 കി.മി വരെ ആവാം, പക്ഷെ കേരളത്തില്‍ പറ്റില്ല
ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റിയ വന്ദേഭാരത് ട്രെയിനുകള്‍ക്ക് ഇനി സ്പീഡ് കൂട്ടാം. പരമാവധി വേഗതയായ 160 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചുപായാനുള്ള സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണിത്.
കൂട്ടിയിടി പോലുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (കവച്) വന്ദേഭാരത് ട്രെയിനുകളില്‍ കഴിഞ്ഞദിവസം പരീക്ഷിച്ചിരുന്നു. 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയുള്ള പരീക്ഷണം വിജയകരമായെന്ന വിവരം റെയില്‍വേ ബോര്‍ഡാണ് പുറത്തുവിട്ടത്.
ഹരിയാണയിലെ പല്‍വാളിനും ഉത്തര്‍പ്രദേശിലെ വൃന്ദാവനും ഇടയിലാണ് പരീക്ഷണയോട്ടം നടത്തിയത്. 8 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനില്‍ പരീക്ഷണയോട്ടം വിജയിച്ചതോടെ ഇനിമുതല്‍ പരമാവധി വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേയ്ക്ക് സാധിക്കും.
ഇനി വേഗനിയന്ത്രണം പ്രശ്‌നമല്ല
പരീക്ഷണയോട്ടത്തില്‍ റെഡ് സിഗ്നല്‍, ലൂപ് ലൈന്‍, വേഗനിയന്ത്രണം എന്നീ സന്ദര്‍ഭങ്ങളിലെല്ലാം ട്രെയിന്‍ കൃത്യത പാലിച്ചു. 160 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ ട്രെയിന്‍ റെഡ് സിഗ്നല്‍ കണ്ടപ്പോള്‍ ഓട്ടോമാറ്റിക്കായി നിന്നു. സിഗ്നലിന് ഒന്‍പത് മീറ്റര്‍ മുന്‍പിലാണ് ട്രെയിന്‍ നിന്നത്. ലൂപ് ലൈനിലേക്ക് പ്രവേശിക്കുമ്പോള്‍ ഞൊടിയിടയില്‍ 30 കിലോമീറ്റര്‍ വേഗത്തിലേക്ക് മാറാനും സാധിച്ചിരുന്നു.
പരീക്ഷണയോട്ടം വിജയകരമായെങ്കിലും എല്ലാ റൂട്ടുകളിലും 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ നിലവില്‍ സാധിക്കില്ല. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ട്രാക്കുകളുടെ അവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗം കൂട്ടുന്നതിന് തടസമാണ്.
എന്താണ് കവച് സംവിധാനം
ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്. 2011-12 വര്‍ഷമാണ് ഈ സംവിധാനം ഇന്ത്യയില്‍ പരീക്ഷിച്ചതെങ്കിലും 2015 മുതലാണ് റെയില്‍വേ ഈ ടെക്‌നോളജിക്ക് വലിയ പ്രാധാന്യം നല്‍കുന്നത്.
ഒരേ ട്രാക്കില്‍ തന്നെ എതിര്‍ദിശയിലോ പിന്നിലായോ രണ്ട് ട്രെയിനുകള്‍ വരുന്നത് കവച് വഴി അറിയാന്‍ സാധിക്കും. അപകടം മുന്നില്‍ കണ്ടാല്‍ ഓട്ടോമാറ്റിക്കായി ബ്രേക്കിംഗ് സംവിധാനം പ്രവര്‍ത്തിക്കും എന്നതാണ് കവചിന്റെ ഏറ്റവും വലിയ ഗുണം. ഒരേ റെയില്‍ പാതയില്‍ രണ്ടു ട്രെയിനുകള്‍ വരുമ്പോള്‍ അപകടസാധ്യത മനസിലാക്കി കവച് ലോക്കോ പൈലറ്റിന് സിഗ്‌നല്‍ നല്‍കും.
ലോക്കോ പൈലറ്റിന് ബ്രേക്കിംഗ് സാധ്യമാകാതെ വന്നാല്‍ നിശ്ചിത ദൂരപരിധിയില്‍വെച്ച് ട്രെയിനിന്റെ ബ്രേക്കിംഗ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും. റേഡിയോ ടെക്നോളജി, ജി.പി.എസ് സംവിധാനം വഴിയാണ് ഓട്ടോബ്രേക്കിംഗ് അടക്കമുള്ള കവചിന്റെ പ്രവര്‍ത്തനം നടക്കുക. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒഡീഷയില്‍ നടന്ന ട്രെയിന്‍ കൂട്ടിയിടിക്ക് കാരണം കവച് സംവിധാനം ഇല്ലാത്തതായിരുന്നു. ഈ അപകടത്തിനു പിന്നാലെ കവച് സംവിധാനം എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചിരുന്നു.
Next Story
Videos