വന്ദേ ഭാരത് ട്രെയിനുകള്‍ ഇനി ഇന്ത്യക്ക് പുറത്തേക്കും; പ്രഖ്യാപനവുമായി കേന്ദ്രം

കേന്ദ്രം അഭിമാന പദ്ധതിയായി അവതരിപ്പിച്ച വന്ദേ ഭാരത് (Vande Bharat) ട്രെയിനുകള്‍ ഇനി വിദേശത്തും ഓടും. ചിലി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ട്രെയിനുകള്‍ക്കായുള്ള ആവശ്യം അറിയിച്ചിട്ടുണ്ടെന്നും വിദേശത്തേക്ക് വൈകാതെ കയറ്റുമതി ആരംഭിക്കുമെന്നും ഡെൽഹിയിൽ നടക്കുന്ന ആഗോള ബിസിനസ് ഉച്ചകോടിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ട്രെയിനുകള്‍ കയറ്റുമതി ആരംഭിക്കും. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 475 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ട്രെയിന്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഘടകങ്ങള്‍ സ്വന്തം വര്‍ക്ക് ഷോപ്പുകളില്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ റെയില്‍വെ. സ്വന്തമായി ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ നിരവധി വെല്ലുവിളികളുണ്ട്. എന്നിരുന്നാലും റെയില്‍വേ എന്‍ജിനീയര്‍മാര്‍ കഴിവിന്റെ പരമാവധി അതിനായി ശ്രമിക്കുന്നുണ്ടെന്നും വരും വര്‍ഷങ്ങളില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു.

വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം കൂടി

രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 82 ആയി ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹി-മുംബൈ, ന്യൂഡല്‍ഹി-ഹൗറ റൂട്ടുകളില്‍ ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രെയിനുകളുടെ പ്രവര്‍ത്തന സാധ്യത, ട്രാഫിക്, ആവശ്യമായ അസംസ്‌കൃത ഘടകങ്ങളുടെ ലഭ്യത എന്നിവയ്ക്ക് അനുസരിച്ചാകും വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it