ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ റഷ്യ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങുന്നു

ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വീസയില്ലാതെ റഷ്യന്‍ യാത്ര സാധ്യമായേക്കും. ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീസയില്ലാതെ സന്ദര്‍ശനം നടത്താനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച ജൂണില്‍ നടക്കുന്നുണ്ട്.
അടുത്ത വര്‍ഷം മുതല്‍ കടമ്പകളില്ലാതെ ഇരുരാജ്യങ്ങളിലുള്ളവര്‍ക്കും യാത്ര ചെയ്യാനുള്ള അവസരം ഉണ്ടായേക്കും. നിലവില്‍ ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് വീസയില്ലാതെ റഷ്യയില്‍ സന്ദര്‍ശനം നടത്താം. ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്താമെന്ന് റഷ്യ കരുതുന്നു.
യുക്രൈയ്ന്‍ അധിനിവേശത്തിനുശേഷം പാശ്ചാത്യരാജ്യങ്ങള്‍ റഷ്യയുമായി അകലം പാലിക്കുകയാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിരുന്നു. അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ റഷ്യ ശ്രമിക്കുന്നതിന് കാരണവും ഇതുതന്നെ.
മുന്‍കൈയെടുത്ത് റഷ്യ
ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ആനുകൂല്യം നല്‍കി രാജ്യത്തേക്ക് എത്തിക്കാന്‍ മുന്‍കൈയെടുക്കുന്നത് റഷ്യയാണ്. ടൂറിസം രംഗത്തെ സഹകരണത്തില്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് റഷ്യന്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ നികിത കൊന്‍ട്രാടൈവ് വ്യക്തമാക്കി.
ഈ വര്‍ഷം അവസാനത്തോടെ വീസയില്ലാതെ ഇരുരാജ്യങ്ങളിലുള്ളവര്‍ക്കും സന്ദര്‍ശിക്കാവുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്താമെന്നാണ് പ്രതീക്ഷയെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണ, ആയുധ വ്യാപാരത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തകാലത്ത് ദൃഢമായിട്ടുണ്ട്. ഈ സഹകരണം ടൂറിസത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

Related Articles

Next Story

Videos

Share it