Begin typing your search above and press return to search.
അങ്ങനെ അതും നമ്മള്‍ നേടി: വിഴിഞ്ഞം തുറമുഖത്ത് സാന്‍ ഫെര്‍ണാണ്ടോയ്ക്ക് ഔദ്യോഗിക സ്വീകരണം
കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കം. വിഴിഞ്ഞം തുറമുഖ ടെര്‍മിനല്‍ പരിസരത്ത് നടന്ന പരിപാടിയില്‍ കേന്ദ്രതുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനേവാലിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖം പദ്ധതിയെ തടയാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളെ മറികടന്ന് തുറമുഖം പുനരുജ്ജീവിപ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന സ്ഥാപിത താത്പര്യത്തോടെ ചിലര്‍ ശ്രമം നടത്തിയെങ്കിലും നാടിന്റെ ഇച്ഛാശക്തിയെ ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞില്ല. ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന ഇടമായി മാറിയ വിഴിഞ്ഞം നാല് വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ തുറമുഖമായി മാറും. 10,000 കോടി രൂപയുടെ നിക്ഷേപം വിഴിഞ്ഞത്തെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു സ്വപ്ന സാക്ഷാത്ക്കാര നിമിഷമാണ്. ഇന്ത്യയ്ക്കാകെയും അയല്‍രാജ്യങ്ങള്‍ക്ക് കൂടിയും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിത്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമായി ഉയര്‍ന്നുവരുമ്പോള്‍ അത് നമ്മുടെ രാഷ്ട്രത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം ഒന്നുകൂടി വര്‍ധിപ്പിക്കും. അതില്‍ അസഹിഷ്ണുതയുള്ള ചില അന്താരാഷ്ട്ര ലോബികള്‍ ഇത് യാഥാര്‍ഥ്യമാവാതിരിക്കാന്‍ രംഗത്തുണ്ടായിരുന്നു. വിഴിഞ്ഞം അങ്ങനെ ഉയരുന്നത് പല വാണിജ്യ ലോബികള്‍ക്കും ഇഷ്ടമായിരുന്നില്ല. അവരും രംഗത്തുണ്ടായിരുന്നു. ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് സ്ഥാപിത താല്‍പര്യങ്ങളോടെ ചിലര്‍ നടത്തിയ പ്രക്ഷോഭവും ഇതിനോടു ചേര്‍ത്ത് കാണേണ്ടതുണ്ട്. എന്നാല്‍ അതിനെയെല്ലാം ചെറുത്തുതോല്‍പ്പിക്കാന്‍ കഴിഞ്ഞതയും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി
ലോകോത്തര നിലവാരമുള്ള തുറമുഖം സാധ്യമാക്കിയതില്‍ കേരളത്തെ അഭിനന്ദിക്കുന്നതായി കേന്ദ്രതുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനേവാള്‍ പറഞ്ഞു. കൊളംബോ, സിങ്കപ്പൂര്‍ തുറമുങ്ങളുമായി മത്സരിക്കാന്‍ വിഴിഞ്ഞം തുറമുഖത്തിന് കഴിയും. രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള തുറമുഖങ്ങള്‍ നിര്‍മിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമാണ് ഗുജറാത്തിലും ആന്‍ഡമാനിലും പുതിയ തുറമുഖങ്ങള്‍ നിര്‍മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
33 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു - കരണ്‍ അദാനി
വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി 33 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായെന്ന് അദാനി പോര്‍ട്‌സ് സി.ഇ.ഒ കരണ്‍ അദാനി പറഞ്ഞു. 1991ല്‍ ഈ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെറിയൊരു ഗ്രാമമായിരുന്ന വിഴിഞ്ഞം ഇന്ന് ലോകമറിയുന്ന തുറമുഖമായി മാറി. ഇന്ത്യന്‍ സമുദ്ര ചരിത്രത്തിലെ തിളക്കമാര്‍ന്ന നേട്ടത്തിന്റെ പ്രതീകമാണ് തുറമുഖത്ത് നങ്കൂരമിട്ട സാന്‍ ഫെര്‍ണാണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്തിന്റെ ഭാവി വികസനത്തിന് സാമ്പത്തികം തടസമാകില്ല: ധനമന്ത്രി
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഇനി നടപ്പിലാക്കേണ്ട പദ്ധതികള്‍ക്ക് സാമ്പത്തികമായി യാതൊരു തടസവുമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. തുറമുഖം നിര്‍മിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അതുമായി ബന്ധപ്പെട്ട റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. അതിന് വേണ്ടി വിപുലമായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. 10,000 ഏക്കര്‍ ഭൂമിയും സ്വകാര്യ നിക്ഷേപവും തുടര്‍ വികസനത്തിന് വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രദ്ധിക്ക് പ്രതിപക്ഷ നേതാവേ...
അതേസമയം, ചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ വിട്ടുനിന്നെങ്കിലും സ്ഥലം എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.വിന്‍സെന്റ് ചടങ്ങിനെത്തി. വിഴിഞ്ഞം പദ്ധതിക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാണിച്ച അദ്ദേഹം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും കൂട്ടിച്ചേര്‍ത്തു. തുറമുഖവുമായി ബന്ധപ്പെട്ട ജോലികളില്‍ 50 ശതമാനം പ്രദേശവാസികള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. ഈ ചടങ്ങില്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം കൂടിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനായിരുന്നു. കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍ എന്ന പാലാ നാരായണന്‍ നായരുടെ കവിത ചൊല്ലിയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി,കെ.എന്‍ ബാലഗോപാല്‍, ജി.ആര്‍ അനില്‍,വി.എന്‍ വാസവന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവരും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.
Next Story
Videos