രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നര ലക്ഷം കടന്നു; ഇനി എങ്ങോട്ട്

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. തടയാന്‍ വ്യാപകമായ നടപടികള്‍ സ്വീകരിച്ചിട്ടും അണുബാധ വര്‍ധിക്കുന്നു, ലോകാരോഗ്യ സംഘടന തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി.

ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറയുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് ഗണ്യമായി വര്‍ധിക്കുന്നതായാണ് തങ്ങള്‍ നിരീക്ഷിക്കുന്നതെന്നാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.61 ലക്ഷം(1,61,736) പുതിയ കോവിഡ് കേസുകളാണ്. 879 പേരാണ് കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1.71 ലക്ഷം(1,71,058) കടന്നു. ഇതുവരെ 1.36 കോടി(1,36,89,453) കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ 10 കോടി പേര്‍ക്കാണ് വാക്സിന്‍ ഡോസ് നല്‍കിയിട്ടുള്ളത്. സ്്പുട്‌നിക് 5 വാക്‌സിനും അനുമതി നല്‍കിയതോടെ വാക്‌സിന്‍ ഊര്‍ജിതമാക്കിയേക്കും. കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി വാക്സിനേഷന്‍ വേഗത്തിലാക്കാനുള്ള മഹാ വാക്സിനേഷന്‍ ക്യാമ്പുകള്‍ പല സംസ്ഥാനങ്ങളും നടപ്പിലാക്കുന്നുണ്ട്.
കൊറോണ വൈറസ് ഇതിനകം ലോകത്തിലെ 2.9 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 136 ദശലക്ഷം പേരെ ഇതിനോടകം വൈറസ് ബാധിക്കുകയും ചെയ്തു. ഇതും ഗണ്യമായി ഉയരുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 1.60 ലക്ഷം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ അമേരിക്കയില്‍ 56,522 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രസീലില്‍ 40,000ത്തിനടുത്ത് മാത്രമാണ് പുതിയ കേസുകള്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it