എന്തുകൊണ്ട് ജോര്‍ജ് കുര്യന്‍-സുരേഷ് ഗോപി കോംബോ? വികസനം മാത്രമല്ല ബി.ജെ.പിക്ക് പ്ലാന്‍ ബിയും

സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഗ്യാരന്റി. എന്നാല്‍ ജോര്‍ജ് കുര്യന്റെ നിയോഗം ഏവരെയും അമ്പരപ്പിച്ചു. ബി.ജെ.പി രാഷ്ട്രീയത്തിലെ നിശബ്ദ സാന്നിധ്യമായിരുന്ന ജോര്‍ജ് കുര്യനും താരത്തിളക്കത്തില്‍ സുരേഷ് ഗോപിയും ചേരുമ്പോള്‍ വ്യത്യസ്ത കൂട്ടുകെട്ടിലൂടെ പുതിയ വോട്ടുബാങ്കുകളിലേക്ക് കടന്നുചെല്ലാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി കേന്ദ്രനേതൃത്വം. ഒന്നും കാണാതെയല്ല മിഷന്‍ കേരളയുമായി അമിത് ഷായും മോദിയും ഇരുവരെയും ദൗത്യം ഏല്പിക്കുന്നതെന്ന് ഉറപ്പ്.
കുര്യനിലൂടെ ക്രൈസ്തവ പാലം
ബി.ജെ.പിയുടെ കേരളത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് ജോര്‍ജ് കുര്യന്‍. 40 വര്‍ഷമായി പാര്‍ട്ടിക്കൊപ്പം ഉയര്‍ച്ച താഴ്ചകളില്‍ നിഴലുപോലെ വിവാദങ്ങളില്‍ നിന്നകന്ന് അദ്ദേഹമുണ്ട്. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവര്‍ ബി.ജെ.പിയോട് അകലംപാലിച്ചിരുന്ന കാലത്ത് ഒപ്പംചേര്‍ന്ന ജോര്‍ജ് കുര്യനെ മന്ത്രിയാക്കിയതിലൂടെ വ്യക്തമായ സന്ദേശം അണികള്‍ക്കും നേതാക്കള്‍ക്കും നല്കാന്‍ നേതൃത്വത്തിന് സാധിച്ചു, ആത്മാര്‍ത്ഥയോടെ ഒപ്പംനിന്നാല്‍ പാര്‍ട്ടി അതിനു പ്രതിഫലം നല്കുമെന്ന്.
ജോര്‍ജിന്റെ മന്ത്രിസ്ഥാനത്തിലൂടെ ഒന്നിലേറെ കാര്യങ്ങളാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. അതിലേറ്റവും പ്രധാനം അവരുടെ ദീര്‍ഘകാല രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള വിത്തുപാകുകയെന്നതാണ്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയത്തില്‍ ക്രൈസ്തവ വോട്ടുകളുടെ വലിയ ഒഴുക്കുണ്ടായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ഹിന്ദു+ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിച്ചാല്‍ ഭാവിയില്‍ വലിയ ലക്ഷ്യങ്ങളിലേക്ക് എത്താമെന്ന് അവര്‍ കരുതുന്നു.
ക്രൈസ്തവര്‍ ഏറെയുള്ള ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി അധികാരത്തിലുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്കാണ് കിട്ടുന്നതും. ഇതേ തന്ത്രം കേരളത്തിലും വിജയത്തിലെത്തിയാല്‍ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് വളരാമെന്ന് അമിത് ഷായും മോദിയും കണക്കുകൂട്ടുന്നു.
കേരളത്തിലെ സഭാനേതൃത്വവുമായി ജോര്‍ജ് കുര്യന് അടുത്ത ബന്ധമുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനം മുമ്പ് ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് കേന്ദ്രമന്ത്രിയായെങ്കിലും ആ നീക്കം കാര്യമായി വിജയിച്ചിരുന്നില്ല. എന്നാല്‍, മാറിയ കാലഘട്ടത്തില്‍ ജോര്‍ജിന്റെ വരവ് ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഇടടയാക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ.
സുരേഷ് ഗോപിയുടെ നിയോഗം
സിനിമ തിരക്കുകള്‍ മൂലം മന്ത്രിസ്ഥാനത്തിനായി കുറച്ചുകൂടി സമയം നല്‍കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. മോദിയോ അമിത്ഷായോ അത് ചെവിക്കൊണ്ടില്ല. കേന്ദ്രമന്ത്രിയാക്കാമെന്ന ഉറപ്പില്‍ തൃശൂരുകാര്‍ നല്‍കിയ ജനവിധിയെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതാണ് ഇതിനു കാരണം. സുരേഷ് ഗോപിയുടെ ശ്രമഫലമായി കേന്ദ്ര പദ്ധതികളും ഫണ്ടുകളും കേരളത്തിന് കൂടുതല്‍ കിട്ടുന്നുവെന്ന പ്രതീതി ഉണ്ടാക്കിയെടുക്കാന്‍ ബി.ജെ.പി ശ്രമിക്കും.
ഗുജറാത്ത് മോഡലിനെ അവതരിപ്പിച്ച് രാജ്യംപിടിച്ച മോദിയുടെ ശൈലി തൃശൂരിലേക്ക് പകര്‍ത്താനാകും അവര്‍ ശ്രമിക്കുക. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലേക്കും ഈ പ്രചരണം വ്യാപകമായി എത്തിക്കാന്‍ സാധിച്ചാല്‍ ബി.ജെ.പിക്കത് വരും തിരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടം സമ്മാനിക്കും.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും കൂടുതല്‍ പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. റെയില്‍വേ, റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം കൃത്യമായ ഇടപെടലുകള്‍ക്ക് കഴിയുന്ന നേതാക്കളാണ് ഇരുവരും. കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം രണ്ടുപേര്‍ക്കും ഉണ്ടെന്നതും വിസ്മരിച്ചുകൂടാ.
Lijo MG
Lijo MG  

Sub-Editor

Related Articles

Next Story

Videos

Share it