Begin typing your search above and press return to search.
വലിപ്പത്തില്‍ നാലാം സ്ഥാനം, പാക് എണ്ണശേഖരത്തില്‍ തൊടാന്‍ മടിച്ച് എണ്ണക്കമ്പനികള്‍; കാരണം സിമ്പിളാണ്
സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന രാജ്യത്തിന്റെ തലവര മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് എണ്ണശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എണ്ണശേഖരമാണ് പാക് അധികാര പരിധിയിലുള്ള അറബിക്കടല്‍ ഭാഗത്ത് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടിട്ടും എണ്ണപര്യവേഷണത്തിനായി ആഗോള എണ്ണക്കമ്പനികളൊന്നും പാകിസ്ഥാനെ സമീപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പാകിസ്ഥാനോട് താത്പര്യം കുറയാന്‍ കാരണമെന്ത്?
എണ്ണകമ്പനികള്‍ക്ക് പാകിസ്ഥാനോടുള്ള പഴയ താത്പര്യം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാകിസ്ഥാനിലുള്ള ബിസിനസ് സൗദി എണ്ണ കമ്പനിയായ അരാംകോയ്ക്ക് കൈമാറുമെന്ന് അമേരിക്കന്‍ ഓയില്‍ കമ്പനിയായ ഷെല്‍ കഴിഞ്ഞ വര്‍ഷം തന്നെ അറിയിച്ചിരുന്നു. കൂടാതെ രാജ്യത്തെ 18 ഓയില്‍ ഗ്യാസ് ബ്ലോക്കുകളുടെ അന്താരാഷ്ട്ര ലേലത്തിലും ഓയില്‍ കമ്പനികള്‍ കാര്യമായ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. രാജ്യത്തെ എണ്ണപര്യവേഷണത്തില്‍ അന്താരാഷ്ട്ര ഓയില്‍ കമ്പനികള്‍ക്ക് താത്പര്യമില്ലെന്ന് പാക് പെട്രോളിയം മന്ത്രി മുസാദിക്ക് മാലിക്ക് കഴിഞ്ഞ ജൂലൈയില്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. നിലവിലുള്ള കമ്പനികള്‍ തന്നെ രാജ്യം വിടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
സുരക്ഷയ്ക്ക് ഇരട്ടി ചെലവ്
പര്യവേഷണത്തിന് നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെയും ഉപകരണങ്ങളുടെയും സുരക്ഷയ്ക്ക് ചെലവിടേണ്ടി വരുന്ന ഉയര്‍ന്ന തുകയാണ് മിക്ക കമ്പനികളെയും പിന്നോട്ടടിക്കുന്നത്. എണ്ണപര്യവേഷണം നടത്തുന്ന സ്ഥലങ്ങളില്‍ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഇരട്ടി സുരക്ഷയൊരുക്കേണ്ടി വരും. പാക് സൈന്യം നല്‍കുന്ന സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നിട്ടുമുണ്ട്.
വടക്ക്-കിഴക്കന്‍ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ 5 ചൈനീസ് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷം മാര്‍ച്ചിലാണ്. ഖൈബര്‍ പഖ്തുന്‍ഖാവ പ്രവിശ്യയിലെ ഡാസു അണക്കെട്ട് നിര്‍മിക്കാന്‍ എത്തിയ എഞ്ചിനീയര്‍മാര്‍ സഞ്ചരിച്ച ബസില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സി.പി.ഇ.സി) ഭാഗമായ പദ്ധതി സംഭവത്തെ തുടര്‍ന്ന് താത്കാലികമായി നിറുത്തിവയ്‌ക്കേണ്ടിയും വന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് വിദേശ കമ്പനികളെ പാകിസ്ഥാനില്‍ പര്യവേഷണം നടത്തുന്നതില്‍ നിന്നും തടയുന്ന പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും വിദേശനിക്ഷേപത്തെ തടയുന്നുണ്ട്.
ലോകത്തിലെ നാലാമത്തെ എണ്ണശേഖരം, പുറത്തെടുക്കാന്‍ വമ്പന്‍ നിക്ഷേപം വേണം
അറബിക്കടലില്‍ എണ്ണശേഖരം കണ്ടെത്തിയതായി പാക് ഏജന്‍സികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ അളവ് എത്രയാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ലോകത്തിലെ നാലാമത്തെ വലിയ എണ്ണശേഖരമാണെന്നും പാകിസ്ഥാന്റെ തലവര മാറ്റുമെന്നും വാദിക്കുന്നവരുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പാകിസ്ഥാന്റെ ഊര്‍ജ്ജ ഇറക്കുമതി 17.5 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 1,45,250 കോടി ഇന്ത്യന്‍ രൂപ). അടുത്ത ഏഴ് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയോളമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പാകിസ്ഥാന് ആവശ്യമായ 29 ശതമാനം ഗ്യാസും 85 ശതമാനം പെട്രോളിയവും 20 ശതമാനം കല്‍ക്കരിയും 50 ശതമാനം എല്‍.പി.ജിയും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. പുതിയ എണ്ണശേഖരം ഉപയോഗിച്ച് ഈ കണക്കുകളെ മറികടക്കാനാകുമോ എന്ന കാര്യത്തില്‍ പാകിസ്ഥാനിലെ ഗവേഷകര്‍ക്ക് പോലും ഉറപ്പില്ല.
കടലിനടിയിലെ നിക്ഷേപം പുറത്തെടുക്കാന്‍ വലിയ തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ഇത് വിദേശസഹായത്തോടെയല്ലാതെ നടക്കില്ല. സൗദി രാജകുടുംബം ഇടയ്ക്ക് പാകിസ്ഥാനിലെ എണ്ണപര്യവേഷണത്തില്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഇപ്പോള്‍ അയഞ്ഞ മട്ടാണ്. പുതിയ സാഹചര്യങ്ങളില്‍ റിസ്‌കെടുക്കാന്‍ വയ്യെന്നാണ് ചൈനീസ് നിലപാടെന്നാണ് സൂചന. ചൈനീസ് കമ്പനികളോ സൗദി അറേബ്യയിലെ അരാംകോയോ മുന്‍കയ്യെടുത്തില്ലെങ്കില്‍ പാകിസ്ഥാന്റെ എണ്ണസ്വപ്‌നങ്ങള്‍ കടലിനടിയില്‍ തന്നെ കിടക്കുമെന്നാണ് വിലയിരുത്തല്‍.
Next Story
Videos