ഈ ആഫ്രിക്കന്‍ വിസ്മയ രാജ്യത്തേക്കും പറക്കാം ഇനി വീസയില്ലാതെ
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് വീസയില്ലാതെ പറക്കാന്‍ ഇനി പുതിയൊരു ഇടം കൂടി. 2024 ജനുവരി മുതല്‍ ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് കെനിയ സന്ദര്‍ശിക്കാന്‍ ഇനി വീസ ആവശ്യമില്ല. വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങള്‍ വളര്‍ത്തുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു.
വീസയ്ക്ക് പകരം പുതുതായി വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി പ്രവേശന പ്രക്രിയ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിലൂടെ കെനിയന്‍ വീസ നേടുന്നതിന്റെ ഭാഗമായുള്ള സങ്കീര്‍ണമായ നടപടികള്‍ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില്യം റൂട്ടോയുടെ വീസ രഹിത ആഫ്രിക്കന്‍ യാത്ര പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
കാണാനുണ്ട് ഏറെ
വന്യജീവി പ്രേമികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കെനിയ. മസായ് മാര നാഷണല്‍ റിസര്‍വ്, അംബോസെലി നാഷണല്‍ പാര്‍ക്ക്, അബര്‍ഡെയര്‍ നാഷണല്‍ പാര്‍ക്ക്, നൈവാഷ തടാകം, നകുരു നാഷണല്‍ പാര്‍ക്ക്, സാംബുരു നാഷണല്‍ റിസര്‍വ്, നെയ്റോബി നാഷണല്‍ പാര്‍ക്ക് തുടങ്ങിവ അവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന പക്ഷികളെയും ഇവിടെ കാണാനാകും.
പക്ഷി നിരീക്ഷകരുടെ പറുദീസ എന്നാണ് കെനിയ അറിയപ്പെടുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് കൊടുമുടികളില്‍ കയറാനും കെനിയ അവസരമൊരുക്കുന്നു. കെനിയ പര്‍വ്വതം ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പര്‍വതമാണ്. കൂടാതെ കടല്‍തീരങ്ങളും ഇവിടെയുണ്ട്. മാത്രമല്ല അതുല്യമായ സംസ്‌കാരം, ചരിത്രം, പൈതൃകം എന്നിവയാല്‍ സമ്പന്നമാണ് കെനിയ.
കെനിയന്‍ വിനോദസഞ്ചാര വ്യവസായം
കെനിയയുടെ പ്രധാന വരുമാന മാര്‍ഗവും വിനോദസഞ്ചാരമാണ്. അതിമനോഹരമായ ഭൂപ്രകൃതിയും മഹത്തായ ജീവിത സംസ്‌കാരങ്ങളും വന്യജീവി സമ്പത്തുമുള്ള കെനിയയില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സഞ്ചാരികള്‍ എത്താറുണ്ട്. എന്നാല്‍ നിലവില്‍ രാജ്യത്തിന്റെ മൊത്തം ജി.ഡി.പിയുടെ 8 ശതമാനത്തെ മാത്രമാണ് കെനിയന്‍ വിനോദസഞ്ചാര വ്യവസായം പ്രതിനിധീകരിക്കുന്നത്. വീസ നിയന്ത്രണങ്ങള്‍ ഒഴിവാകുന്നതോടെ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കെനിയ പ്രതീക്ഷിക്കുന്നത്.