ഇലക്ട്രിക് വാഹന വിപ്ലവത്തിലെ മാറിമറിയുന്ന അവസരങ്ങള്‍
'പെട്രോള്‍ വില ഇങ്ങനെ കൂടുകയാണെങ്കില്‍ കാര്‍ ഒക്കെ ഒഴിവാക്കേണ്ടി വരുമെന്നാണ് തോന്നുന്നത്, അല്ലെങ്കില്‍ വല്ല ഇലക്ട്രിക് കാറൊക്കെ വാങ്ങേണ്ടി വരും...' ഇന്ധനവില കുതിച്ചുയരുന്നത് കണ്ട് കഴിഞ്ഞ ദിവസം സുഹൃത്ത് പറഞ്ഞതാണിത്. ഇത് ഒരാളുടെ മാത്രം കാര്യമല്ല, ഇക്കാലത്തെ പലരുടെയും അഭിപ്രായമാണ്. അതായത് സാധാരണക്കാര്‍ പോലും ഇന്ന് ഇലക്ട്രിക് വാഹനം എന്നതിലേക്ക് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് സാരം.
നമ്മുടെ നാട്ടില്‍ ഇന്ധനച്ചെലവാണ് ഏവരെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുന്നതെങ്കില്‍ ആഗോളതലത്തില്‍ പരിസ്ഥിതി സൗഹൃദമെന്നതാണ് ഏവര്‍ക്കും ഇലക്ട്രിക് കാറുകളോട് പ്രിയമേറാന്‍ കാരണം. ആഗോള വമ്പന്മാരായ കാര്‍ നിര്‍മാതാക്കളും ഇപ്പോള്‍ ശ്രദ്ധകൊടുക്കുന്നത് ഇലക്ട്രിക് വാഹന വിപണിക്കാണ്. 2039 ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കഴിഞ്ഞദിവസം നടത്തിയ പ്രഖ്യാപനം. എംജി മോട്ടോഴ്സും കിയയും ടാറ്റയുമൊക്കെ ഇലക്ട്രിക് വാഹനങ്ങള്‍ രംഗത്തിറക്കി വിപണിയില്‍ സ്ഥാനം നേടാനുള്ള മത്സരയോട്ടത്തിലാണ്. ഹ്യുണ്ടായ് പ്രാദേശികമായി ഇലക്ട്രിക് കാര്‍ നിര്‍മിക്കാന്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ 3200 കോടി രൂപയാണ് ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തിക്കുന്നതിനാലാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ബാറ്ററി ഉല്‍പ്പാദനം ഇന്ത്യയില്‍ നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ലിഥിയം അയേണ്‍ ഇന്ത്യയിലെത്തിക്കുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തില്‍ ലിഥിയം റിഫൈനറി തുടങ്ങുന്നതിനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇപ്പോള്‍ ലഭ്യമാകുന്ന വിലയില്‍നിന്ന് അധിക വ്യത്യാസമില്ലാതെ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ഏവര്‍ക്കും സ്വന്തമാക്കാനാകും. ഇതൊക്കെ അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കകം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ്. അപ്പോള്‍ വിലയില്‍ കാര്യമായ വ്യത്യമാസമില്ലാതെ, ഇന്ധനച്ചെലവ് കുറവുള്ള, പരിസ്ഥിതി സൗഹൃദമായ ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങാന്‍ നിങ്ങളും ആഗ്രഹിച്ചുപോവില്ലേ ?. ഈയൊരു ഇലക്ട്രിക് വിപ്ലവം നമ്മിലേക്ക് വരുമ്പോള്‍ നമ്മുടെ മുന്നില്‍ തുറന്നിടുന്ന ബിസിനസ് അവസരങ്ങളും വലുതാണ്.
വരാനിരിക്കുന്നത് ഇലക്ട്രിക് കാര്‍ വിപ്ലവം
ഗുണം ചെറുതല്ല
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് റേഡിയേറ്റര്‍, കൂളന്റ്, ഗിയര്‍ ബോക്‌സ് തുടങ്ങിയവ ഇല്ല, മാത്രമല്ല ഓയലോ ഫില്‍ട്ടറോ ഇല്ലാത്തതിനാല്‍ ഇടക്കിടക്ക് സര്‍വിസ് സെന്ററുകളില്‍ കൊണ്ടുപോവേണ്ട ആവശ്യമില്ല. അഥാവാ ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വീസ് സെന്ററില്‍ പോകേണ്ടി വന്നതിനാല്‍ തന്നെ അരമണിക്കൂറിനുള്ളില്‍ സര്‍വിസ് നടത്താന്‍ സാധിക്കും. ഇതിലൂടെ സമയനഷ്ടവും ഉപഭോക്താക്കള്‍ക്ക് ഒഴിവാക്കാനാകുമെന്ന് കൈനഡി പ്ലാന്റേഷന്‍ എംഡി റോഷന്‍ കൈനഡി പറയുന്നു.
ലാഭം ഇന്ധനത്തിലും
എം.ജി മോട്ടോഴ്‌സ് ഈയടുത്തായി പുറത്തിറക്കിയ ഇസെഡ്എസ് ഇവി 2021ന് ഒറ്റച്ചാര്‍ജില്‍ 417 കിലോമീറ്റര്‍ ദൂരപരിധിയാണ് കമ്പനി അവകാശപ്പെടുന്നത്. ഏത് പ്രതിസന്ധഘട്ടത്തിലും ചുരുങ്ങിയത് 300 കിലോമീറ്റര്‍ ലഭിക്കുമെന്ന് കമ്പനി പറയുന്നു. നിലവില്‍ ഇലക്ട്രോണിക് വാഹന വിപണിയില്‍ മത്സരം നടക്കുന്നതിനാല്‍ തന്നെ കൂടുതല്‍ ദീര്‍ഘദൂരം ലഭ്യമാകുന്നതും കാര്യക്ഷമതയുമുള്ള വാഹനങ്ങളായിരിക്കും കമ്പനികള്‍ അവതരിപ്പിക്കുക. ഇതിലൂടെ ചെറിയ ചെലവില്‍ കൂടുതല്‍ ദൂരവും അതുവഴി ഇന്ധനത്തിലും ലാഭം നേടാം.
കാര്യക്ഷമതയില്‍ സംശയം വേണ്ട
ആര്‍ക്കൊക്കെ, എന്തൊക്കെ സാധ്യതകള്‍
വീടുകളില്‍ ചാര്‍ജ് ചെയ്യുന്നതിന് കൂടുതല്‍ സൗകര്യപ്രദമായ ഹോം ചാര്‍ജിംഗ് സ്റ്റേഷന്‍ സെറ്റപ്പ് സര്‍വിസ് രംഗത്തും ഭാവിയില്‍ സാധ്യതകളേറെയാണ്. പേഴ്സണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൂടുതലായി ഓടാത്തതിനാല്‍ തന്നെ രാത്രി കാലങ്ങളിലൊക്കെയായി വീട്ടില്‍തന്നെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വീടുകളില്‍ ഇത്തരത്തില്‍ കാര്യക്ഷമമായ ചാര്‍ജിംഗ് സൗകര്യം ഒരുക്കുന്നതിന് ചാര്‍ജിംഗ് സ്റ്റേഷന്‍ സെറ്റപ്പ് സര്‍വിസ് മേഖലയെ ആയിരിക്കും ഭാവിയില്‍ ആശ്രയിക്കുക.
'സോളാര്‍ അധിഷ്ടിത ചാര്‍ജിംഗ് സ്‌റ്റേഷനുകളും വീടുകളില്‍ തന്നെ വാഹനം ചാര്‍ജ് ചെയ്യുന്നതിന് സോളാര്‍ എനര്‍ജി ഉപയോഗിക്കുന്ന സംവിധാനവും സമീപഭാവിയില്‍ തന്നെ സാധ്യമാകും. ഇന്ത്യയില്‍ സോളര്‍ എനര്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ അനുകൂല സാഹചര്യമായതിനാല്‍ തന്നെ ഇത് വലിയൊരു ബിസിനസ് സാധ്യതയാണ് തുറന്നുവയ്ക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിക്കുമെന്നതിനാല്‍ ഫാസ്റ്റ് ചാര്‍ജിംഗ് ടെക്‌നോളജിയില്‍ കൂടുതല്‍ റിസര്‍ച്ചുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും ഡെവലപ്പ് ചെയ്യാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. വാഹനം പാര്‍ക്ക് ചെയ്യുന്ന സമയം മുതല്‍ യാതൊരു കണക്ടിവിറ്റിയുമില്ലാതെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യയും ഉടന്‍ യാഥാര്‍ത്ഥ്യമാകും' റോഷന്‍ കൈനഡി പറയുന്നു.