വില്‍മര്‍ ഓഹരികള്‍ വില്‍ക്കാന്‍ അദാനി; എഫ്.എം.സി.ജിയില്‍ നിന്ന് സമ്പൂര്‍ണ്ണ പിന്‍മാറ്റം; 17,400 കോടിയുടെ വില്‍പ്പന

എഫ്.എം.സി.ജി മേഖലയില്‍ നിന്നുള്ള പൂര്‍ണ പിന്‍മാറ്റത്തിന്റെ സൂചനകള്‍ നല്‍കി അദാനി എന്റര്‍ പ്രൈസസ്, അദാനി വില്‍മര്‍ ലിമിറ്റഡിലുള്ള എല്ലാ ഓഹരികളും വില്‍ക്കാനൊരുങ്ങുന്നു. 42,785 കോടി രൂപയുടെ വിപണി മൂല്യമുള്ള അദാനി വില്‍മറില്‍ അഡാനി എന്റര്‍പ്രൈസസിനുള്ള 44 ശതമാനം ഓഹരികളാണ് വില്‍മറിന്റെ മാതൃ കമ്പനിയായ ലെന്‍സ് പിടിഇ ലിമിറ്റഡിന് (Lence Pte Ltd) കൈമാറുന്നത്‌. ഇതുവഴി 17,400 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസിന് ലഭിക്കുക. വില്‍പ്പനയുടെ വിവരങ്ങള്‍ ഇന്നാണ് അദാനി എന്റര്‍പ്രൈസസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചത്. അദാനിയുടെ കൈവശമുള്ള ഓഹരികളില്‍ 31.06 ശതമാനം ഓഹരികളാണ് ലെന്‍സ് ലിമിറ്റഡ് വാങ്ങുന്നത്. ഓഹരി വിപണിയിലെ കാള്‍,പുട്ട് ഒപ്ഷനുകളിലായാണ് കൈമാറ്റം നടത്തുക. 13 ശതമാനം ഓഹരികള്‍, മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് ആവശ്യകതകള്‍ പാലിക്കുന്നതിനായും അദാനി എന്റര്‍പ്രൈസസ് വില്‍ക്കും. എഫ്.എം.സി.ജി മേഖലയില്‍ നിന്ന് മാറി അടിസ്ഥാന മേഖലകളില്‍ നിക്ഷേപമിറക്കാനാണ് അദാനി എന്റര്‍പ്രൈസസിന്റെ നീക്കം.

ഒരു ഷെയറിന് 305 രൂപ

ഷെയറിന് 305 രൂപ കണക്കാക്കിയാണ് വില്‍പ്പന. ഇന്ന് ഓഹരി വിപണിയില്‍ 1.81 ശതമാനം താഴ്ന്ന് 323.25 രൂപ നിരക്കിലാണ് വില്‍മര്‍ ഓഹരി ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 7 ശതമാനം ഉയര്‍ന്ന് 2,585 രൂപയിലും ക്ലോസ് ചെയ്തു.

ഓഹരി വില്‍പ്പനയില്‍ നിന്നുള്ള പണം എനര്‍ജി, ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍ വെഹിക്കിള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന മേഖലയില്‍ നിക്ഷേപിക്കാനാണ് അദാനി ലക്ഷ്യമിടുന്നത്. ഓഹരി കൈമാറ്റത്തോടെ അദാനി വില്‍മറിന്റെ പേര് മാറും. എ.ഡബ്ല്യൂ.എല്‍ ലിമിറ്റഡ്, എ.ഡബ്ല്യു.എല്‍ അഗ്രി ബിസിനസ്, ഫോര്‍ച്ച്യൂണ്‍ അഗ്രി ബിസിനസ് ലിമിറ്റഡ് എന്നീ പേരുകളാണ് പരിഗണിനയിലുള്ളത്. ഇതിന് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

കണ്‍സ്യൂമര്‍ ഗുഡ്‌സില്‍ നിന്നുള്ള പിന്‍മാറ്റം

വിപണിയില്‍ ഫോര്‍ച്യൂണ്‍ ബ്രാന്റില്‍ പ്രശസ്തമായ വിവിധ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളാണ് അദാനി വില്‍മര്‍ കമ്പനി പുറത്തിറക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ നിര്‍മാണ കമ്പനിയാണിത്. ഏതാണ്ട് 51,000 കോടി രൂപയുടെ ബിസിനസാണ് ഈ മേഖലയില്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി 807 കോടി രൂപ ലാഭം നേടിയിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഇന്റര്‍നാഷണലിന് ഈ കമ്പനിയില്‍ 43.97 ശതമാനം ഓഹരികളാണ് ഉള്ളത്. പുതിയ വില്‍പ്പനയോടെ കമ്പനിയുടെ പൂര്‍ണ ഉടമാവകാശം വില്‍മര്‍ ഇന്റര്‍നാഷണലിനാകും. കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡില്‍ നിന്ന് അദാനി പ്രതിനിധികള്‍ അടുത്ത ദിവസം രാജിവെക്കും. അടിസ്ഥാന മേഖലയില്‍ ശ്രദ്ധയൂന്നുന്നതിന് ചില ബിസിനസുകളില്‍ നിന്ന് പൂര്‍ണമായി ഒഴിയാന്‍ മാസങ്ങള്‍ക്ക് മുമ്പ് അദാനി ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഹിന്‍ഡന്‍ ബര്‍ഗ് പ്രതിസന്ധി രൂക്ഷമായതോടെ വില്‍മര്‍ ഉള്‍പ്പടെയുള്ള കമ്പനികളിലെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം വേഗത്തിലാക്കി. 30,000 കോടി രൂപ വരെ സമാഹരിക്കാനായിരുന്നു നീക്കം. എന്നാല്‍ വില്‍മര്‍ ഓഹരി വില്‍പ്പനയിലൂടെ 17,400 കോടി രൂപയാണ് അദാനിക്ക് ലഭിക്കുന്നത്.

Related Articles
Next Story
Videos
Share it