Begin typing your search above and press return to search.
ടാറ്റയുടെ ഐഫോണ്‍ പ്ലാന്റില്‍ തിപിടുത്തം: ഉല്‍പ്പാദനം കൂട്ടാന്‍ ആപ്പിള്‍ ചൈനയിലേക്ക് നീങ്ങിയേക്കും
ദീപാവലി ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ അവിചാരിതമായാണ് തമിഴ്‌നാട്ടിലെ ടാറ്റ ഗ്രൂപ്പിന്റെ ഐഫോൺ നിര്‍മ്മാണ പ്ലാന്റില്‍ തീപിടിത്തമുണ്ടായത്. ഉത്സവ സീസണില്‍ വലിയ വിൽപ്പനയാണ് ഐഫോണ്‍ ലക്ഷ്യമിട്ടിരുന്നത്.
ഇന്ത്യയില്‍ ഒക്ടോബർ അവസാനം മുതൽ നവംബർ ആദ്യം വരെ നടക്കുന്ന ഉത്സവ സീസണിൽ 1.5 ദശലക്ഷം ഐഫോൺ 14, 15 മോഡലുകളുടെ വില്‍പ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എന്നാല്‍ തീപിടിത്തത്തെ തുടര്‍ന്ന് ടാറ്റയുടെ ഹൊസുർ പ്ലാന്റിലെ ഉൽപ്പാദനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐഫോണ്‍ ഉല്‍പ്പാദനം നടക്കുന്ന ചൈന അടക്കമുളള മറ്റു ഭാഗങ്ങളിലേക്ക് തിരിയാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. തീപിടിത്തമുണ്ടായ പ്ലാന്റിൽ 20,000 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്.
ചൈനയിലേക്ക് തിരിഞ്ഞേക്കും
ടാറ്റയുടെ പ്ലാന്റില്‍ ഉൽപ്പാദനം നിര്‍ത്തിവെക്കുന്നത് തുടരുകയാണെങ്കില്‍ ചൈനയിൽ മറ്റൊരു അസംബ്ലി ലൈൻ സ്ഥാപിക്കുന്നതിനോ ചൈനയിലെ നിലവിലുളള പ്ലാന്റില്‍ ഉല്‍പ്പാദാനം കൂട്ടുന്നതിനോ ഉളള സാധ്യതകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്ത്യയില്‍ ഐഫോൺ ബാക്ക് പാനലുകളുടെ നിര്‍മ്മാണം നടക്കുന്നത് ഹൊസുരിലെ പ്ലാന്റിലാണ്. ഇന്ത്യയിൽ നിന്നുള്ള പഴയ ഐഫോൺ മോഡലുകളുടെ നിർമ്മാണത്തിൽ 10 മുതല്‍ 15 ശതമാനം വരെ കുറവ് ഇതുമൂലമുണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതൽ ഐഫോണ്‍ ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിലൂടെ ഈ വിടവ് നികത്താനാണ് ആപ്പിള്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ടാറ്റ നെതർലാൻഡ്‌സിലേക്കും അമേരിക്കയിലേക്കും ചൈനയിലേക്കും 250 മില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ നടത്തിയിട്ടുളളത്.
ഇന്ത്യയിലെ ആപ്പിളിന്റെ ഏറ്റവും പുതിയ വിതരണക്കാരിൽ ഒരാളാണ് ടാറ്റ. ഈ വര്‍ഷം ആഗോള ഐഫോൺ കയറ്റുമതിയുടെ 20-25 ശതമാനം ടാറ്റയാണ് സംഭാവന ചെയ്യുകയെന്ന് കണക്കാക്കുന്നു. കഴിഞ്ഞ വർഷം ഇത് 12-14 ശതമാനം ആയിരുന്നു.
Next Story
Videos