ഇനി ഷോപ്പിംഗ് ഉത്സവം; വന്‍ ഓഫറുകളുമായി ഇ കൊമേഴ്‌സ് കമ്പനികള്‍

ഉത്സവകാല വിപണി മുന്നില്‍ കണ്ട് വന്‍ ഓഫറുകളുമായി ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, റിലയന്‍സിന്റെ അജിയോ, മിന്ത്ര തുടങ്ങി പല സൈറ്റുകളും ഇതിനകം തന്നെ ഓഫര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്ല്‍ എന്ന പേരില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഓഫര്‍ ഒക്ടോബര്‍ ഏഴിന് തുടങ്ങും 12 വരെ ഇത് നീണ്ടു നില്‍ക്കും. ടിവി, മറ്റു ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് 80 ശതമാനം വരെ ഇളവുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ചില ബാങ്കുകളുടെ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ സമയത്ത് 50 ലേറെ പുതിയ ലോഞ്ചിംഗുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും നടക്കും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാണ് ഉല്‍സവകാല വില്‍പ്പന പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാലിന് ആരംഭിക്കും. 70 ശതമാനം വരെ വിലക്കുറവിനൊപ്പം പുതിയ ലോഞ്ചിംഗ് അടക്കമുള്ളവയും പ്രഖ്യാപിച്ചിട്ടുണ്ട്. പതിവു പോലെ പ്രൈം മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് ഓഫര്‍ സമയം നേരത്തേ ആരംഭിക്കും.
റിലയന്‍സിന്റെ ഫാഷന്‍ ഇ കൊമേഴ്‌സ് പ്ലാറ്റഫോമായ അജിയോ 50 മുതല്‍ 90 ശതമാനം വരെ വിലക്കുറവ് എന്ന ഓഫറുമായി ബിഗ് ബോള്‍ഡ് സെയ്ല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 30നാണ് ഓഫര്‍ തുടങ്ങുക. 99.9 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് വിലക്കിഴിവുമായി ബിഗ് ഫാഷന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മിന്ത്ര. ഒക്ടോബര്‍ 3 മുതല്‍ 10 വരെയാണ് ഓഫര്‍ ലഭ്യമാകുക. 7000 ത്തിലേറെ ബ്രാന്‍ഡുകള്‍ ഈ ഓഫറിലൂടെ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാക്കും.
2021 ല്‍ ഇന്ത്യയിലെ ഇ കൊമേഴ്‌സ് വിപണിയില്‍ 55 ശതകോടി ഡോളറിന്റെ വില്‍പ്പന നടക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പുതുതായി 40 ദശലക്ഷം ഓണ്‍ലൈന്‍ ഉപഭോക്താക്കളെ നേടാനും ഇ കൊമേഴ്‌സ് സൈറ്റുകള്‍ക്കാവും.



Related Articles
Next Story
Videos
Share it