ഡി മാര്‍ട്ടിനെ തോല്‍പ്പിക്കാനാവില്ല മക്കളേ...!

ചില്ലറ വില്‍പ്പന രംഗത്തെ ഇന്ത്യയുടെ വലിയ വിജയഗാഥകളിലൊന്നായ ഡി മാര്‍ട്ടിന് നന്നായി അറിയാവുന്ന ഒരു കാര്യമാണ് ഇകൊമേഴ്‌സ് വമ്പന്മാരില്‍ നിന്ന് അവര്‍ നേരിടുന്ന മത്സരം. ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ട്, ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ജിയോമാര്‍ട്ട് എന്നിവരാണ് ഡിമാര്‍ട്ടിന് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത്.

2020 നവംബറില്‍ ഉള്ള ഒരു ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടെ ഓണ്‍ലൈന്‍ പലചരക്ക് വിഭാഗം അടുത്ത വര്‍ഷങ്ങളില്‍ 18 മടങ്ങ് വളര്‍ന്ന് 37 ബില്യണ്‍ ഡോളറിലെത്തും. ഇന്ത്യയിലെ പലചരക്ക് മേഖലയില്‍ ഇകൊമേഴ്‌സിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും ദമാനിയുടെ ഡിമാര്‍ട്ടിന് അറിയാം.

കഴിഞ്ഞ ഒക്ടോബറില്‍ ഡിമാര്‍ട്ട് റെഡി എന്ന ബ്രാന്‍ഡുമായി ഇകൊമേഴ്‌സ് രംഗത്ത് കാലെടുത്തുവച്ച ഡിമാര്‍ട്ട് അടുത്ത ഘട്ട വളര്‍ച്ച കൈവരിക്കാന്‍ തയ്യാറായി. താമസിയാതെ പുറത്തുവിടാന്‍ പോകുന്ന കമ്പനിയുടെ മൂന്നാം പാദ വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇവര്‍ക്ക് ഇകൊമേഴ്‌സ് ബിസിനസ്സിലേക്ക് കാര്യമായി കടന്നുകയറാന്‍ കഴിഞ്ഞോ എന്ന കാര്യം പ്രതിഫലിപ്പിക്കും എന്ന് കരുതുന്നു.

മുംബൈയിലെ രണ്ട് സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയും ഇകൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളാക്കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. 'മീര റോഡിലും കല്യാണിലും ഉള്ള രണ്ടു സ്‌റ്റോറുകളാണ് ഇപ്രകാരം മാറുന്നത്. ഈ രണ്ട് സ്ഥലങ്ങളിലും നാലു കിലോമീറ്ററിനുള്ളില്‍ ഒരു ഇതര ഡിമാര്‍ട്ട് സ്‌റ്റോര്‍ ഉണ്ട്,' അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ലിമിറ്റഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ നെവില്‍ നൊറോണ്‍ഹ പ്രസ്താവനയില്‍ പറഞ്ഞു.

എന്നിരുന്നാലും, ഡിമാര്‍ട്ടിന്റെ എഫ്എംസിജി വിഭാഗത്തിലെ വൈദഗ്ധ്യത്തെക്കുറിച്ച് വിശകലന വിദഗ്ധര്‍ക്ക് നല്ല അഭിപ്രായമാണ്. ഇത്തവണത്തെ ഉത്സവ സീസണില്‍ ഇവര്‍ വില്‍പ്പന വര്‍ദ്ധിപ്പിച്ചതായി വിദഗ്ദ്ധര്‍ കരുതുന്നു. 'സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ അവന്യൂ സൂപ്പര്‍മാര്‍ട്ടുകള്‍ ഇരട്ട അക്ക വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മാനേജ്‌മെന്റ് അതിന്റെ പ്രധാന 'ഫുഡ് & എഫ്എംസിജി' സെഗ്മെന്റ് പോസിറ്റീവ് വളര്‍ച്ചാ പാതയിലേക്ക് തിരിച്ചുവന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ജിഎം, വസ്ത്ര വിഭാഗങ്ങള്‍ എന്നിവയിലും നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഉത്സവ സീസണില്‍ ശക്തമായ ഡിമാന്‍ഡ് ഉള്ളതിനാല്‍ കോവിഡിന് മുന്‍പുള്ള നിലയിലേക്ക് കാര്യങ്ങള്‍ വരുന്നുണ്ട്,' ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഓഹരി വിലയില്‍ 20 ശതമാനം വര്‍ധനയുണ്ടായത് രാധാകിഷന്‍ ദമാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയുടെ വിപണി മൂല്യനിര്‍ണ്ണയം ആദ്യമായി രണ്ട് ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തി.


Related Articles
Next Story
Videos
Share it