Begin typing your search above and press return to search.
ഒരു ബില്യണ്‍ ഡോളര്‍ സമാഹരണത്തിനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്
ലോകത്തിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ ശൃംഖലയായ വോള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള തയ്യാറെടുപ്പുകളിലെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഓയിലൂടെ സമാഹരിക്കുന്നതിനു പുറമെ ആയിരിക്കും ഇതെന്നാണ് വാര്‍ത്ത. ഇത് സംബന്ധിച്ച് കമ്പനി ചില നിക്ഷേപകരുമായി ചര്‍ച്ച നടത്തി വരികയാണ്.
ഐപിഒയിലൂടെ ഉള്ളതിനെക്കാള്‍ വാല്വേഷന്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രധാന എതിരാളികളായ ആമസോണ്‍ ഡോട്ട് കോം ഇങ്ക്, റിലയന്‍സ് റീറ്റെയില്‍ എന്നിവയുമായി മികച്ച രീതിയില്‍ മത്സരിക്കുന്നതിനാണ് പുതിയ നീക്കമെന്നും വാര്‍ത്തയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയവര്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂലധന സമാഹരണം പ്രീ- ഐപിഓ ആയിട്ടാവില്ല, മറിച്ച് വിപുലീകരണത്തിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സോവറീന്‍ വെല്‍ത്ത് ഫണ്ടുകള്‍, സിപിപിഐബി, സിഡിപിക്യു, കാര്‍ലൈല്‍ എന്നിവ ഉള്‍പ്പെടുന്ന സാങ്കേതികവിദ്യ കേന്ദ്രീകരിച്ചുള്ള ചില ധനകാര്യ ഗ്രൂപ്പുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ദീര്‍ഘകാല നിഷ്‌ക്രിയ ഫണ്ടുകള്‍, സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ എന്നിവയില്‍ നിന്നായിരിക്കും ഫണ്ട് സമാഹരണം പ്രധാനമായും നടക്കുക.
ജെ പി മോര്‍ഗന്‍, ഗോള്‍ഡ്മന്‍ സാക്‌സ് എന്നിവരാകും ധനസമാഹരണത്തിലെ ഉപദേഷ്ടാക്കള്‍.
Next Story
Videos