പുരപ്പുറ സൗരോര്‍ജ വൈദ്യുതി കൂടുതല്‍ പ്രചാരത്തിലാകും, ഇനി 'റിന്യുവബിള്‍ എനര്‍ജി' യുടെ കാലമെന്ന് ആര്‍.ബി.ഐ

ഇന്ത്യയിലെ വൈദ്യുതി ഉൽപാദനത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ആധിപത്യം ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ തീരുമെന്ന് കരുതുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. ഫോസില്‍ ഇന്ധനങ്ങളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുതലുളളതിനാല്‍ പ്രകൃതിക്ക് വിനാശകരമാണ്.

50 ശതമാനം കടക്കും

2030 ഓടെ ആഗോളതലത്തിൽ വൈദ്യുതി ഉൽപ്പാദനത്തിൽ പുനരുപയോഗ ഊർജം 50 ശതമാനം കടക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉരുക്ക് നിർമ്മാണം, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ബദലുകള്‍ ഇപ്പോഴും തുടക്ക ഘട്ടത്തിലാണ്. ഇതിനാല്‍ വൈദ്യുതി ഉല്‍പ്പാദന രംഗത്ത് പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ കൂടുതലായി നടപ്പിലാക്കേണ്ടതുണ്ട്.
കാർബൺ ബഹിര്‍ഗമനം കുറഞ്ഞ കാറ്റ്, സൂര്യന്‍ തുടങ്ങിയ ഊർജ സ്രോതസുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികളില്‍ നിക്ഷേപങ്ങള്‍ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ആര്‍.ബി.ഐ എടുത്തു പറയുന്നു.
വരും വർഷങ്ങളിൽ ഫോസിൽ ഇന്ധനങ്ങളിൽ ഒരു ഡോളര്‍ നിക്ഷേപിക്കുമ്പോള്‍ പുനരുപയോഗ ഊർജത്തിനായി മൂന്ന് ഡോളർ വീതം വകയിരുത്തേണ്ടതുണ്ട്. രണ്ട് മേഖലകൾക്കും തുല്യ നിക്ഷേപം അനുവദിക്കുന്ന നിലവിലെ അനുപാതത്തിൽ നിന്ന് ഗണ്യമായ വ്യതിചലനം ആവശ്യമാണ്.

നെറ്റ്-സീറോയില്‍ എത്തുന്നതിന് ഊര്‍ജിത ശ്രമങ്ങള്‍

2030 ഓടെ പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷി മൂന്നിരട്ടിയാക്കേണ്ടതുണ്ട്. 2050 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി കുറച്ച് നെറ്റ്-സീറോയിലേക്ക് എത്തുന്നതിനായുളള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ നടപടി അത്യന്താപേക്ഷിതമാണ്.
ഡീകാർബണൈസ്ഡ് ഊർജ സംവിധാനം ആഗോള വ്യാപകമായി 2050 ഓടെ പൂർണമായും നടപ്പിലാക്കുന്നതിന് 215 ട്രില്യൺ യു.എസ് ഡോളർ (ഏകദേശം 18,000 ലക്ഷം കോടി രൂപ) വേണ്ടി വരുമെന്നാണ് ആർ.ബി.ഐ കണക്കാക്കുന്നത്.
പൊതുവായ നയ രൂപീകരണങ്ങളും വിപണിയിലെ മത്സരവും തമ്മില്‍ നവ, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതിന് ശരിയായ സന്തുലിതാവസ്ഥ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ലോക രാജ്യങ്ങള്‍ വളരെ വേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നതിനാൽ ഈ രംഗത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ആര്‍.ബി.ഐ അഭിപ്രായപ്പെടുന്നു.

Related Articles

Next Story

Videos

Share it