അക്ഷയ തൃതീയ പടിവാതിലിൽ; കേരളത്തിൽ ഇന്നും സ്വര്‍ണവില കൂടി; വെള്ളിക്ക് മാറ്റമില്ല

കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് വില 6,605 രൂപയായി. 160 രൂപ ഉയര്‍ന്ന് 52,840 രൂപയിലാണ് പവന്‍ വ്യാപാരം.

18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5,500 രൂപയിലെത്തി. അതേസമയം, വെള്ളിവില ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും ഗ്രാമിന് വില 87 രൂപ.
രാജ്യാന്തരവില മേലോട്ട്
കഴിഞ്ഞവാരം ഔണ്‍സിന് 2,300 ഡോളര്‍ നിലവാരത്തിന് താഴെയായിരുന്ന രാജ്യാന്തരവില ഇന്ന് 15.86 ഡോളര്‍ വര്‍ധിച്ച് 2,309.75 ഡോളറിലെത്തിയിട്ടുണ്ട്. ഇതും ലോകത്തെ ആറ് മുന്‍നിര കറന്‍സികള്‍ക്കെതിരായ ഡോളര്‍ ഇന്‍ഡെക്‌സ് 0.13 ശതമാനം മെച്ചപ്പെട്ട് 105.17ല്‍ എത്തിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം 83.43 എന്ന താഴ്ന്നതലത്തില്‍ തുടരുന്നതും ഇന്ത്യയില്‍ ആഭ്യന്തരവില കൂടാന്‍ ഇന്ന് ഇടവരുത്തി.
രാജ്യാന്തര സ്വര്‍ണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട്, ഡോളറിന്റെ മൂല്യം കൂടുമ്പോള്‍ ഇറക്കുമതിച്ചെലവും വര്‍ധിക്കും. ഇതും ഇന്ത്യയിലെ വിലയെ ഇന്ന് സ്വാധീനിച്ചു.
അക്ഷയ തൃതീയ മേയ് 10ന്
ഇക്കുറി അക്ഷയ തൃതീയ മേയ് 10നാണ്. വില ഉയര്‍ന്നുനില്‍ക്കുന്നത് ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും, മുന്‍കൂര്‍ ബുക്കിംഗ് അടക്കം പ്രയോജനപ്പെടുത്തി ഉപയോക്താക്കള്‍ വിപണിയിലേക്ക് ഒഴുകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കുറഞ്ഞവിലയ്ക്ക് സ്വര്‍ണാഭരണം നേടാമെന്നതാണ് മുന്‍കൂര്‍ ബുക്കിംഗ് കൊണ്ടുള്ള നേട്ടം. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വായിക്കുക: അക്ഷയ തൃതീയ ഇങ്ങെത്തി, വിപണിയിലെ ട്രെന്‍ഡ് ഇങ്ങനെ (Click here).
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it