റെക്കോര്‍ഡ് വരുമാനം നേടി കല്യാണ്‍ ജൂവലേഴ്‌സ്

വരുമാനത്തിൽ മികച്ച വളര്‍ച്ച നേടി കല്യാണ്‍ ജൂവലേഴ്‌സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് 2022 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 109 ശതമാനം വളര്‍ച്ച കൈവരിച്ചു. മൊത്തം വരുമാനം 1,637 കോടി രൂപയായാണ് വര്‍ധിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ മൊത്തം വരുമാനം 782 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാദത്തിൽറെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി.

ഇന്ത്യയിലെ വരുമാനം 94 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വരുമാന വളര്‍ച്ച 183 ശതമാനമായി. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം (EBIT) 11 കോടിയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 68 ലക്ഷമാണ് രേഖപ്പെടുത്തിയത്.

കോവിഡ് ലോക്ഡൗണുകളില്‍ അടഞ്ഞ്കിടന്ന സ്‌റ്റോറുകള്‍ പലതും പ്രവര്‍ത്തനക്ഷമമായതും മികച്ച സെയ്ല്‍സിന് വഴിയൊരുക്കി. അതേസമയം കോവിഡ് രണ്ടാം തരംഗം മൂലം മെയിലും പല സംസ്ഥാനങ്ങളിലും ലോക്ഡൗണുകള്‍ വന്നത് വില്‍പ്പനയെ ബാധിച്ചെങ്കിലും
ജൂണില്‍ വില്‍പ്പന തിരിച്ചുപിടിക്കാന്‍ കല്യാണിനായി.
ഈ പാദത്തിലെ ഏകീകൃത നഷ്ടം കഴിഞ്ഞ വര്‍ഷത്തെ 86 കോടി രൂപയില്‍ നിന്ന് 51 കോടി രൂപയായി കുറഞ്ഞു. ജൂണ്‍ 2021 ല്‍ സ്റ്റോറുകളില്‍ നിന്നുള്ള (ഗോള്‍ഡ് സ്‌കീമുകള്‍ ഒഴികെയുള്ള) വില്‍പ്പനയില്‍ 68 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇ-കൊമേഴ്സ് വിഭാഗം കാന്‍ഡിയര്‍ അതിന്റെ വളര്‍ച്ചാ വേഗത തുടര്‍ന്നു. ഈ വിഭാഗത്തിലെ വരുമാനം 24 കോടി രൂപയാണ്. ആദ്യ പാദത്തിലെ 5 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 363%വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 1.08 കോടി രൂപയുടെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 31 ലക്ഷമാണ് ഈ മേഖലയിലെ നഷ്ടം.
കല്യാണ്‍ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറയുന്നത് ആദ്യ പാദത്തിന്റെ ഫലങ്ങള്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്ക് മുകളിലാണെന്നാണ്. ''മൊത്തത്തിലുള്ള പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഡിമാന്‍ഡ് റിക്കവറി വേഗത വര്‍ധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് നീക്കത്തെ സ്വാഗതം ചെയ്യുന്നു. അത് ഈ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിലും കൂടുതല്‍ സുതാര്യമാക്കുന്നതിലും പ്രധാന പങ്ക് വഹിക്കും, അതോടൊപ്പം മേഖല സംഘടിതമാകുന്ന തരത്തിലേക്കുള്ള മാറ്റവും വരും.'' അദ്ദേഹം വ്യക്തമാക്കി.


Related Articles
Next Story
Videos
Share it