കേരളത്തില്‍ ഉടന്‍ രണ്ട് ലുലു മാളുകള്‍ കൂടി; ഇന്ത്യയിലുടനീളം വിവിധ പദ്ധതികള്‍
(UPDATE : ഈ വാർത്തയുടെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കു വെച്ചുകൊണ്ടുള്ള എക്സ്ക്ലൂസിവ് റിപ്പോർട്ട് ഇവിടെ വായിക്കാം: തിരൂരും പാലക്കാടുമുള്‍പ്പെടെ കേരളത്തില്‍ 5 'മിനി മാളു'കളുമായി ലുലു ഗ്രൂപ്പ് )
ഇന്ത്യന്‍ റീറ്റെയ്ല്‍ വ്യവസായ രംഗത്ത് വന്‍ പദ്ധതികളാണ് എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിനുള്ളത്. കേരളത്തില്‍ രണ്ട് ലുലു മാളുകൾ ആണ് വരാന്‍ ഒരുങ്ങുന്നതെന്നാണ് ഈ അടുത്ത് ലുലു ഗ്രൂപ്പിന് കീഴിലുള്ള ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്ററായ ഷിബു ഫിലിപ്‌സ് ഇന്ത്യ റീറ്റെയ്‌ലിംഗിന് (indiaretailing.com) നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ഹൈദരാബാദിലും ലക്‌നൗവിലും പുതിയ മാളുകള്‍ തുറന്ന ലുലു ഈ വര്‍ഷം തന്നെ അഹമ്മദാബാദും ചെന്നൈയിലും മാളുകള്‍ തുറക്കാനുള്ള പദ്ധതിയിലാണ് ഇതിനൊപ്പം കേരളത്തിലും രണ്ട് പുതിയ ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ ഗ്രൂപ്പ് ഇട്ടിരിക്കുന്നത്.
രണ്ട് മാളുകളില്‍ ഒരെണ്ണം കോഴിക്കോടാണ് പ്രവര്‍ത്തനമാരംഭിക്കുക.അവസാന ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ മാള്‍ ഉടന്‍ തുറന്നേക്കാം. എന്നാല്‍ രണ്ടാമത്തെ മാള്‍ എവിടെയാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഗ്രൂപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്.
കോഴിക്കോട് ലുലു മാള്‍ 1.97 ലക്ഷം ചതുരശ്ര അടിയിലാണ് ഒരുങ്ങുന്നത്. ഇതില്‍ 75 ശതമാനവും ലുലുവിന്റെ ഔട്ട്‌ലെറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റിനും ലുലു കണക്റ്റ്, ലുലു ഫാഷന്‍ എന്നിവയ്ക്കായിട്ടുമാണ് മാറ്റിവച്ചിരിക്കുന്നത്. അത് ഏകദേശം 1.5 ലക്ഷം ചതുരശ്ര അടി വരും. ബാക്കിയുള്ള 25 ശതമാനമായിരിക്കും മറ്റു വ്യാപാരികള്‍ക്കായി ഒഴിച്ചിടുക.
നേരത്തെ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും ചേര്‍ന്നുള്ള പദ്ധതിയായിരുന്നു കോഴിക്കോട്ടുണ്ടായിരുന്നതെങ്കിലും 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് മാള്‍ എന്ന തീരുമാനത്തിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയിലെമ്പാടും ലുലു
അഭിമുഖത്തില്‍ പറഞ്ഞതനുസരിച്ച് മാളുകള്‍ കൂടാതെ കേരളത്തിൽ ആറ് പുതിയ റീറ്റെയ്ല്‍ സെന്ററുകളും ലുലു പദ്ധതിയിട്ടിരിക്കുന്നു. ബംഗളുരുവിലും കോയമ്പത്തൂരിലും ലുലുമാള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.ചെന്നൈ,ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലും ഗ്രൂപ്പിന് കീഴിൽ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ഷോപ്പിംഗ് സംസ്കാരം തന്നെ മാറിയിരിക്കുന്നു, ലോകോത്തര ബ്രാന്‍ഡുകള്‍ പലതും മാളുകള്‍ക്കുള്ളില്‍ വലിയ ഷോറൂം തുറക്കാന്‍ താല്‍പര്യപ്പെടുന്നു എന്നത് മാളുകളുടെ വളര്‍ച്ചയ്ക്ക് സഹായകമായ ഘടകമാണെന്നും ഷിബു ഫിലിപ്‌സ് വ്യക്തമാക്കുന്നു. ഷോപ്പിംഗ് മാളുകള്‍ക്കുള്ളില്‍ ഫുഡ് മാളുകളും ബ്രാന്‍ഡ് സ്റ്റോറുകളും മള്‍ട്ടി പ്ലക്‌സ് ഉള്‍പ്പെടുന്ന വിനോദോപാധികളും വ്യത്യസ്ത ഷോപ്പിംഗ് അനുഭവവും പ്രദാനം ചെയ്യുന്നതിലൂടെയുള്ള വളര്‍ച്ചാ സാധ്യതയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു.
ഏറ്റവും പുതുതായി, കൊച്ചിയില്‍ തുറന്ന ഫോറം മാളിലും ഇടപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ലുലു മാളിലുമാണ് കേരളത്തിൽ ഇപ്പോള്‍ ലുലു ഹൈപ്പർ മാർക്കറ്റുകൾ പ്രവര്‍ത്തിക്കുന്നത്.
(കോഴിക്കോട് ലുലു സംബന്ധിച്ചുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു [12.30pm, 10-10-2023])