ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം: ഏപ്രില്‍ വരെ 6 ശതമാനത്തിന് മുകളില്‍ തുടരും

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഏപ്രില്‍ വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐയുടെ) ആറ് ശതമാനത്തിന് താഴേക്ക് കുറയാനിടയില്ലെന്ന് റിപ്പോര്‍ട്ട്. ഇത് പണപ്പെരുപ്പത്തിനായുള്ള പ്രവചനങ്ങള്‍ ഉയര്‍ത്താന്‍ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയെ (എംപിസി) പ്രേരിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ക്രൂഡ് ഓയ്ല്‍ ഉള്‍പ്പെടെയുള്ള ചരക്ക് വിലക്കയറ്റം കണക്കിലെടുത്താല്‍ പോളിസി നിരക്കിലുള്ള നിലപാട് ആര്‍ബിഐ മാറ്റിയേക്കില്ല. എണ്ണ വിപണന കമ്പനികള്‍ (ഒ എം സി) മൂന്നാം ദിവസമായ വെള്ളിയാഴ്ചയും പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 80 പൈസ കൂട്ടി.

6.07 ശതമാനമാണ് കഴിഞ്ഞ മാസത്തെ ചില്ലറ പണപ്പെരുപ്പം. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് ചില്ലറ പണപ്പെരുപ്പം ആര്‍ബിഐയുടെ ആശ്വാസ നിലവാരത്തിന് മുകളിലെത്തുന്നത്. ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 6.01 ശതമാനമായിരുന്നു.

അതേസമയം, രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.11 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അസംസ്‌കൃത എണ്ണയുടെയും ഭക്ഷ്യേതര ഇനങ്ങളുടെയും വിലയിലുള്ള വര്‍ധനവാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിക്കാന്‍ കാരണം.

നേരത്തെ, 2021 ജൂണിലായിരുന്നു ചില്ലറ പണപ്പെരുപ്പം ഉയര്‍ന്ന നിലയായ 6.26 ശതമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 5.03 ശതമാനമായിരുന്നു രാജ്യത്തെ ചില്ലറ പണപ്പെരുപ്പം. കൂടാതെ, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില ജനുവരിയിലെ 5.89 ശതമാനമായി ഉയര്‍ന്നതായും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ 5.43 ശതമാനമായിരുന്നു ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it