ആമസോണും ഫ്‌ളിപ്കാര്‍ട്ടുമുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് താക്കീതുമായി പീയുഷ് ഗോയല്‍

ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി ചില നടപടികള്‍ സ്വീകരിക്കുന്നതും ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതുമെല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളായിരുന്നു. ഇപ്പോളിതാ, എല്ലാ ഇ-കൊമേഴ്‌സ് കമ്പനികളും രാജ്യത്തെ നിയമങ്ങള്‍ പാലിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പിയൂഷ് ഗോയല്‍.
മസില്‍ പവറും മണി പവറും ഉപയോഗിച്ച് ഇന്ത്യക്കാരുടെ താത്പര്യങ്ങളെ ഹനിക്കരുതെന്നും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. ഇപ്പോള്‍ കുത്തകയായിട്ടുള്ള മിക്ക ഇ-കൊമേഴ്‌സ് കമ്പനികളുടെ പല പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ താത്പര്യത്തിന് വിരുദ്ധമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് ഡ്രാഫ്റ്റ് റൂള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കടക്കം ബാധകമായിട്ടുള്ളതാണ്. ഈ നിയമം രാജ്യത്തെ ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കമ്പനികളെയും രാജ്യത്തേക്ക് ക്ഷണിക്കുന്നു, ഇവിടെ വിപണി സാധ്യതയുമുണ്ട്. പക്ഷെ, ഓണ്‍ലൈന്‍ കമ്പനികള്‍ ഇവിടുത്തെ നിയമങ്ങള്‍ പാലിക്കണം. നിര്‍ഭാഗ്യവശാല്‍ പല കമ്പനികളും ഇത് പാലിക്കുന്നില്ല. പല കമ്പനികളോടും താന്‍ നേരിട്ട് സംസാരിച്ചു. അമേരിക്കന്‍ കമ്പനികള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.