ഇന്ത്യന്‍ ഇ കോമേഴ്‌സ് രംഗത്ത് പുത്തനുണര്‍വ്: 1000 കോടി ഡോളറിന്റെ ഐ പി ഒയ്ക്ക് ഒരുങ്ങി ഫ്ലിപ്പ്കാർട്ട്

ഇന്ത്യയിലെ പ്രധാന ഇ കോമേഴ്‌സ് കമ്പനികളില്‍ ഒന്നായ ഫ്ലിപ്പ്കാർട്ട് അമേരിക്കയിയിലെ ഓഹരി വിപണിയില്‍ ഏകദേശം 1000 കോടി ഡോളര്‍ സമാഹരണം ലക്ഷ്യമാക്കിയുള്ള ഐ പി ഓക്ക് ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍.

ഇതിന്റെ പ്രാരംഭ നടപടിക്കായി ഫ്ലിപ്പ്കാർട്ടിന്റെ ഉടമകളായ വാള്‍മാര്‍ട്ട് ഗോള്‍ഡ്മാന്‍ സാക്‌സിനെ നിയമിച്ചതായി മിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഫ്ലിപ്പ്കാർട്ടിന്റെ ഏകദേശം 25 ശതമാനം ഓഹരി ആണ് വില്‍ക്കാന്‍ പദ്ധതി.

''ഐപിഒയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കോവിഡ് ഈ പ്രക്രിയയെ വേഗത്തിലാക്കി, പ്രത്യേകിച്ചും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഗണ്യമായ രീതിയില്‍ വര്‍ദ്ധനവുണ്ടായ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍,'' സോഴ്‌സുകളില്‍ ഒരാളുടെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തി പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ മഹാമാരി കൊടുമ്പിരി കൊണ്ട സമയത്തു കൂടുതല്‍ ആളുകളും കടകളില്‍ പോകാതെ വീട്ടില്‍ ഇരുന്നു തന്നെ സാധനങ്ങള്‍ വാങ്ങാന്‍ ആമസോണ്‍, ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ കോമേഴ്‌സ് കമ്പനികളെയാണ് ആശ്രയിച്ചത്. തിരക്കേറിയ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളും ആളുകള്‍ ഒഴിവാക്കി.

കൊറോണയെ തുടര്‍ന്ന് ചെറിയ പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളാണ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ എത്തിച്ചേര്‍ന്നത്. ഇത് വഴി ഇകൊമേഴ്‌സ് കമ്പനികളുടെ മൂല്യനിര്‍ണ്ണയം വര്‍ധിക്കുകയും ചെയ്തു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫഌപ്പ്കാര്‍ട്ടിന്റെ പ്രധാന എതിരാളികള്‍ ആമസോണും റിലയന്‍സിന്റെ ജിയോമാര്‍ട്ടുമാണ്.

ഫ്ലിപ്പ്കാർട്ടിന്റെ പദ്ധതികള്‍ വിജയിക്കുകയാണെങ്കില്‍, വിദേശ എക്‌സ്‌ചേഞ്ചുകളില്‍ ഇന്ത്യ ആസ്ഥാനമായുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ പി ഒ ആകുമിത്.

ഫ്ലിപ്പ്കാർട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തതിനു ശേഷമുള്ള മൂല്യനിര്‍ണ്ണയം ഇരട്ടിയിലധികം കൂടി ഏകദേശം 40 ബില്യണ്‍ ഡോളര്‍ ആകും. 2021ല്‍ ഫ്ലിപ്പ്കാർട്ട് ഐ പി ഒ ആയി വരുമെന്ന് സെപ്റ്റംബറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്ലിപ്പ്കാർട്ടിനെ നാല് വര്‍ഷത്തിനകം പബ്ലിക്ക് ആകുമെന്ന് ഈ കമ്പനിയില്‍ 2018ല്‍ 16 ബില്യണ്‍ ഡോളറിനു 77 ശതമാനം ഓഹരി നേടുമ്പോള്‍ വാള്‍മാര്‍ട്ട് വ്യക്തമാക്കിയിരുന്നു.

വാള്‍മാര്‍ട്ട് പ്രധാന നിക്ഷേപകനായി ഫ്ലിപ്പ്കാർട്ട് ജൂലൈയില്‍ 1.2 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 24.9 ബില്യണ്‍ ഡോളറായി മാറിയിരുന്നു.

വാള്‍മാര്‍ട്ടിന് ഇപ്പോള്‍ 82.3 ശതമാനം ഓഹരി ഫ്ലിപ്പ്കാർട്ടിലുണ്ട്. യുഎസ് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ടൈഗര്‍ മാനേജ്‌മെന്റ്, ചൈനയുടെ ടെന്‍സെന്റ്, ആക്‌സല്‍ പാര്‍ട്ട്‌നെര്‍സ്, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നിവരാണ് മറ്റു പ്രധാന നിക്ഷേപകര്‍. ചെറിയ നിക്ഷേപകര്‍ക്ക് അവരുടെ ഓഹരികള്‍ വില്‍ക്കാനോ കുറയ്ക്കാനോ ഐപിഒ അവസരം നല്‍കും.

ഫ്ലിപ്പ്കാർട്ടിന്റെ ഇന്ത്യയിലുള്ള കമ്പനികള്‍ ഫ്ലിപ്പ്കാർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2011 ഒക്ടോബറിലാണ് സിംഗപ്പൂരില്‍ ഫ്ലിപ്പ്കാർട്ട് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. സിംഗപ്പൂര്‍ കമ്പനിയെ അമേരിക്കന്‍ വിപണിയില്‍ കൊണ്ടു പോകുന്നത് വഴി ഇന്ത്യന്‍ കമ്പനികളെ വിദേശ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റുചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാള്‍മാര്‍ട്ടിനെ സഹായിക്കും.

സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തിന് ഫ്ലിപ്പ്കാർട്ട്.കോം നടത്തുന്ന ഫ്ലിപ്പ്കാർട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ കമ്പനികള്‍ ഉണ്ട്. മൊത്തവ്യാപാര ബിസിനിസായ ഫ്ലിപ്പ്കാർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഇകാര്‍ട്ട് നടത്തുന്ന ഫ്ലിപ്പ്കാർട്ട് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

ഐപിഒ എന്നത് എല്ലായ്‌പ്പോഴും ഫ്ലിപ്പ്കാർട്ടിന്റെ ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും ഇപ്പോഴത്തെ പ്രധാന ലക്ഷ്യങ്ങള്‍ വളര്‍ച്ചയും സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലെ വാണിജ്യ വളര്‍ച്ചയുമാണെന്നു ഒരു ഫ്‌ലിപ്പ്കാര്‍ട്ട് വക്താവ് പറഞ്ഞു.

ഫ്ലിപ്പ്കാർട്ടിന്റെ ബിസിനസ്സ് വിപുലീകരിക്കുന്നതിന് ഓഹരി വില്പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിക്കും. 2022ഓടെ ബ്രേക്ക്ഈവന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്ന ഫ്ലിപ്പ്കാർട്ടിന്റെ പേയ്‌മെന്റ് യൂണിറ്റ് ഫോണ്‍പേയും 2023 കൊണ്ട് ഐ പി ഓ രംഗത്തു പ്രവേശിക്കുമെന്നാണ് സൂചനകള്‍.

പേടിഎം, ഗൂഗിള്‍ പേ, ആമസോണ്‍ പേ എന്നിവയുമായി മത്സരിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനി ഫോണ്‍പേ 10 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ യുഎസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യാനാണ് സാദ്ധ്യതകള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it