Begin typing your search above and press return to search.
തുനിഞ്ഞിറങ്ങി ഗൂഗിള്‍, ഇന്ത്യയിലെ 10,000 സ്റ്റാര്‍ട്ടപ്പുകളെ നിര്‍മിത ബുദ്ധി പഠിപ്പിക്കും
10,000 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ നിര്‍മിത ബുദ്ധി (Artificial Inteligence AI) പഠിപ്പിക്കാന്‍ ടെക് ഭീമനായ ഗൂഗിള്‍. രാജ്യത്ത് നിര്‍മിത ബുദ്ധിയുടെ ഉപയോഗം കൂടുതല്‍ ജനകീയമാക്കുന്നതിനും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മൈറ്റി (MeitY) സ്റ്റാര്‍ട്ടപ്പ് ഹബ്ബുമായി ചേര്‍ന്നാണ് ഗൂഗിളിന്റെ പദ്ധതി. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന ഡെവലപ്പര്‍മാരുടെ ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ വച്ചാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്.
നിര്‍മിത ബുദ്ധി ദൈനംദിന ജോലികളില്‍ കൂടി ഉള്‍പ്പെടുത്തുന്നതിനാണ് 10,000 സ്റ്റാര്‍ട്ടപ്പുകളെ ഗൂഗിള്‍ പരിശീലിപ്പിക്കുക. ഇതിന്റെ ഭാഗമായി 3,50,000 ഡോളര്‍ (ഏകദേശം 2.9 കോടി രൂപ) വിലമതിക്കുന്ന ഗൂഗിള്‍ ക്ലൗഡ് സ്റ്റോറേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൗജന്യമായി നല്‍കും. ഇത് സ്റ്റാര്‍ട്ടപ്പുകളെ ക്ലൗഡ് മാനേജ്‌മെന്റ് കാര്യക്ഷമായി നടപ്പിലാക്കാന്‍ സഹായിക്കും. നിര്‍മിത ബുദ്ധിക്കാലത്തെ വെല്ലുവിളികളെ നേരിടാനും വിപണി മത്സരത്തില്‍ മുന്നില്‍ നില്‍ക്കാനും സഹായിക്കുന്ന തരത്തില്‍ എ.ഐ പരിശീലനവും നല്‍കും.
ഇതിന് പുറമെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിര്‍മിത ബുദ്ധി അധിഷ്ഠിതമായി വിവിധ പദ്ധതികളും ഗൂഗിള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ദേശീയ തലത്തില്‍ ജന്‍ എ.ഐ ഹാക്കത്തോണ്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മൈറ്റി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് എന്നിവരുമായി ചേര്‍ന്ന് മൂന്ന് മാസം പ്രവര്‍ത്തിക്കാനുള്ള അവസരം, സ്റ്റാര്‍ട്ടപ്പ് ബൂട്ട്ക്യാപ് എ.ഐ എഡിഷന്‍ തുടങ്ങിയ പദ്ധതികളാണ് ഗൂഗിളിന്റെ മനസില്‍. ആരോഗ്യം, കാലാവസ്ഥ വ്യതിയാനം, കൃഷി, സൈബര്‍ സുരക്ഷ എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരിഹാരം കാണാന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തരാക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.
കൃഷിയിലും നിര്‍മിത ബുദ്ധി
കാര്‍ഷിക മേഖലയിലും നിര്‍മിത ബുദ്ധി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിള്‍. ഇതിനായി അഗ്രിക്കള്‍ച്ചറല്‍ ലാന്‍ഡ്‌സ്‌കേപ്പ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ( എ.എല്‍.യു) എന്ന ടൂള്‍ ഗൂഗിള്‍ പുറത്തിറക്കി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വിവിധ കാര്യങ്ങള്‍ അപഗ്രഥിച്ച് കൃഷി രീതികളെ കൂടുതല്‍ എളുപ്പവും കാര്യക്ഷമവും ആക്കുകയാണ് ലക്ഷ്യം.
Next Story
Videos