ആര്‍ക്കൊക്കെ ലോട്ടറിയടിക്കും, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് ഗൂഗിള്‍

ഗൂഗിള്‍ (Google) സിഇഒ സുന്ദര്‍ പിച്ചെ (Sundar Pichai) ഇന്നലെ നടത്തിയ പ്രഖ്യാപനം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 300 മില്യണ്‍ ഡോളറാണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗൂഗിള്‍ നീക്കിവയ്ക്കുന്നത്. നിക്ഷേപിക്കുന്ന തുകയുടെ നാലില്‍ ഒന്നും വനിതകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്കാവും ഗൂഗിള്‍ നല്‍കുക. ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയെ തുടര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗ് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

അതേ സമയം ഏത് മേഖലകളിലൊക്കെയാവും ഗൂഗിള്‍ നിക്ഷേപം നടത്തുക എന്ന് വ്യക്തമല്ല. 2020ല്‍ പ്രഖ്യാപിച്ച 10 ബില്യണ്‍ ഡോളറിന്റെ ( 75,000 കോടി രൂപ) ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ (India Digitization Fund) ഭാഗാണ് ഗൂഗിള്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപങ്ങളെല്ലാം. 2027 വരെ ഈ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ കമ്പനികളില്‍ ഗൂഗിള്‍ നിക്ഷേപം നടത്തിയേക്കും. പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ നല്‍കല്‍, രാജ്യത്തെ സവിശേഷമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ ട്രാന്‍സഫര്‍മേഷന്‍, ആരോഗ്യം-വിദ്യാഭ്യാസം -കൃഷി തുടങ്ങിയ മേഖലകളിലെ എഐ ടെക്‌നോളജി തുടങ്ങിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാവും നിക്ഷേപങ്ങള്‍ നടത്തുകയെന്നാണ് 2020 ജൂലൈ 13ന് എഴുതിയ ബ്ലോഗില്‍ സുന്ദര്‍ പിച്ചെ വ്യക്തമാക്കിയിട്ടുള്ളത്.

റിലയന്‍സ് ജിയോ ആണ്, ഇന്ത്യയില്‍ ഗൂഗിള്‍ ഏറ്റവും വലിയ നിക്ഷേപം നടത്തിയ കമ്പനി. 4.5 ബില്യണ്‍ ഡോളറിന് ജിയോയുടെ 7.73 ശതമാനം ഓഹരികളാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. 700 മില്യണ്‍ ഡോളറിന് ഭാരതി എയര്‍ടെല്ലിന്റെ 1.2 ശതമാനം ഓഹരികളും ഗൂഗിള്‍ വാങ്ങിയിരുന്നു. മലയാളി സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍, ഷെയര്‍ചാറ്റ്, ഡെയിലിഹണ്ട്, സ്ലാങ് ലാബ്‌സ്, ഡന്‍സോ,ഡോട്ട്‌പേ,ഇന്‍ഡിക് ഇന്‍സ്പിരേഷന്‍ തുടങ്ങിയവ ഗൂഗിളിന് നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികളാണ്.

Related Articles
Next Story
Videos
Share it