തിളക്കമില്ലാതെ സ്റ്റാര്‍ട്ടപ്പുകള്‍; ഫണ്ടിംഗില്‍ 35 ശതമാനം ഇടിവ്

2021 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് നേട്ടങ്ങളുടേതായിരുന്നു. എന്നാല്‍ 2022 അങ്ങനെയല്ല, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഫണ്ടിംഗില്‍ 35 ശതമാനം ഇടിവാണ് ഉണ്ടായത്. ഡിസംബര്‍ 5 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 24.3 ബില്യണ്‍ ഡോളറിന്റെ ഫണ്ടിംഗ് ആണ് ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത്.

മുന്‍വര്‍ഷം ഇത് 41.3 ബില്യണ്‍ ഡോളറായിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചുള്ള ആശങ്കയില്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ നിക്ഷേപങ്ങള്‍ കുറച്ചത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചടിയായി. വലിയ ഇടിവുണ്ടായെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തെ ഫണ്ടിംഗ് കണക്കുകള്‍ പരിശോധിച്ചാല്‍ 2022 രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനം 2019ലെ 17.3 ബില്യണ്‍ ഡോളറിനാണ്. എഡ്‌ടെക്ക് പ്ലാറ്റ്‌ഫോം ബൈജൂസ് ആണ് പണം കണ്ടെത്തിയ കമ്പനികളില്‍ മുന്നില്‍. 965 മില്യണ്‍ ഡോളറാണ് ഈ വര്‍ഷം ബൈജൂസ് സമാഹരിച്ചത്. വേര്‍സ് (VerSe-$805 m), സ്വിഗ്ഗി ($700 m) എന്നിവയാണ് ആദ്യ മൂന്നിലുള്ള മറ്റ് കമ്പനികള്‍.

ഡാറ്റ പ്ലാറ്റ്‌ഫോം ട്രാക്‌സണിന്റെ (Tracxn) കണക്കുകള്‍ പ്രകാരം റീട്ടെയില്‍ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളാണ് പണ സമാഹരണത്തില്‍ പിന്നോട്ട് പോയത്. യഥാക്രമം 57 ശതമാനത്തിന്റെയും 41 ശതമാനത്തിന്റെയും ഇടിവാണ് ഈ മേഖലകളില്‍ ഉണ്ടായത്. ഈ വര്‍ഷം ഐപിഒ നടത്തിയത് 11 സ്റ്റാര്‍ട്ടപ്പുകളാണ്. മുന്‍വര്‍ഷം 16 സ്റ്റാര്‍ട്ടപ്പുകള്‍ ഓഹരി വിപണിയില്‍ എത്തിയിരുന്നു. ഐപിഒകളുടെ ശരാശരി വിപണി മൂല്യം കഴിഞ്ഞ വര്‍ഷത്തെ 4 ബില്യണ്‍ ഡോളറില്‍ നിന്ന് 517 മില്യണായി കുറയുകയാണ് ചെയ്തത്. യുണീകോണ്‍ കമ്പനികളുടെ എണ്ണത്തിലും ഇടിവ് ഉണ്ടായി. 2021ല്‍ 45 സ്റ്റാര്‍ട്ടപ്പുകള്‍ യുണീകോണ്‍ പദവി നേടിയപ്പോള്‍ ഈ വര്‍ഷം അത് 22 ആണ്. 2022ല്‍ ഇതുവരെ 229 ഏറ്റെടുക്കലുകളാണ് നടന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it