യൂണികോണ്‍: ഇന്ത്യ തിളങ്ങുന്നു; കേരളം കിതയ്ക്കുന്നു

കോവിഡും ഒമിക്രോണും താണ്ഡവമാടുമ്പോഴും യൂണികോണ്‍ കമ്പനികളുടെ കണക്കില്‍ ഇന്ത്യ കുതിപ്പ് തുടരുകയാണ്. ആഗോളതലത്തില്‍ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ യൂണികോണ്‍ പട്ടികയില്‍ മൂന്നാംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. 44 യൂണിക്കോണുകളാണ് ഇന്ത്യയിലുള്ളത്. 254 യൂണിക്കോണുകളുമായി അമേരിക്കയും 74 എണ്ണവുമായി ചൈനയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

100 കോടി ഡോളറോ അതിലേറെയോ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണുകള്‍. സ്റ്റാര്‍ട്ടപ്പുകള്‍, അതിന്റെ പ്രാരംഭഘട്ടത്തില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളാണ്.

യൂണികോണുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എവിടെ നില്‍ക്കുന്നു? നോക്കാം. 2021ലെ കണക്ക് പ്രകാരം ബാംഗ്ലൂര്‍ 18 യൂണികോണുകളുമായി പട്ടികയില്‍ ഒന്നാമതാണ്. 13 എണ്ണവുമായി ഡെല്‍ഹി രണ്ടാം സ്ഥാനത്തും 11 യൂണികോണുകളുമായി മുംബൈ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ചെന്നൈയില്‍ രണ്ട് യൂണികോണുകളും ജെയ്പൂരില്‍ ഒരെണ്ണവുമുണ്ട്. ലോകത്തിലെ തന്നെ ഏഴാമത്തെ വലിയ യൂണികോണ്‍ ഹബ്ബാണ് ബാംഗ്ലൂര്‍.

കെപിഎംജിയുടെ റിപ്പോര്‍ട്ട് പ്രകാരം യൂണികോണുകളുടെ മൊത്തം മൂല്യം 283 ബില്യണ്‍ ഡോളറാണ്. ഇത് പല ഇന്ത്യന്‍ സംസ്ഥാനങ്ങളുടെയും ജിഡിപിയേക്കാള്‍ ഏറെ കൂടുതലാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ എത്ര വലിയ സ്വാധീനമാണ് യൂണികോണുകള്‍ വഹിക്കുന്നത് എന്നതിന്റെ സൂചന കൂടിയാണിത്.

ഒരു കമ്പനി യൂണികോണ്‍ പദവിയിലെത്താനെടുക്കുന്ന ശരാശരി കാലാവധി, 2021 ല്‍ 7.8 വര്‍ഷമാണ്. 2020ല്‍ ഇത് 9.9 വര്‍ഷമായിരുന്നു. വളരെ മികച്ച സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിയുണ്ടെങ്കില്‍ പോലും കേരളത്തില്‍ നിന്നും ഇതുവരെ ഒരു യൂണികോണ്‍ പിറവിയെടുത്തിട്ടില്ല. ബൈജൂസ്, റേസര്‍പേ, സെറോധ, ഷെയര്‍ചാറ്റ്, അര്‍ബന്‍ കമ്പനി, മീഷോ, ഫാംഈസി, കാര്‍ ദേക്കോ തുടങ്ങിവയെല്ലാം ഇന്ത്യയിലെ മുന്‍നിര യൂണികോണുകളാണ്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it