അസാധാരണ മാന്ദ്യമാണ് രാജ്യം നേരിടുന്നതെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍

നികുതിദായകര്‍ക്ക് ആശ്വാസം പകരുന്നതിനെന്ന പേരില്‍ ഈ സമയത്ത് വ്യക്തിഗത ആദായനികുതി വെട്ടിക്കുറയ്ക്കുന്നത് രാജ്യത്തിനു ഗുണകരമാകണമെന്നില്ലെന്ന് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. സമ്പദ് വ്യവസ്ഥയ്ക്കായുള്ള അധിക ഉത്തേജനം ഒഴിവാക്കി കേന്ദ്ര ബജറ്റിലൂടെ സത്യസന്ധമായ അക്കൗണ്ടിംഗ് തിരികെ കൊണ്ടുവരികയെന്നതായിരിക്കണം പ്രധാനമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ഐഡിയ എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ അദ്ദേഹം പറഞ്ഞു.

ബജറ്റ് യാഥാര്‍ത്ഥ്യ ബോധമുള്ളതും മിതമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കപ്പെട്ടതുമാകണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് സംവാദത്തിലുടനീളം പങ്കുവച്ചത്.ധനപരമായ വിവേകം അനിവാര്യമാണ്. ആദായനികുതി ഇളവ് ഉപഭോഗത്തില്‍ പരിമിതമായ സ്വാധീനമേ ചെലുത്തൂ. കാരണം, ജനസംഖ്യയുടെ 5 ശതമാനം മാത്രമാണ് ആദായനികുതി നല്‍കിവരുന്നത്. പിഎം കിസാന്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി പോലെ വലിയ ജനസംഖ്യക്കു ഗുണകരമാകുന്ന പദ്ധതികളിലാണ് ഉത്തേജന പരിപാടികളാണുണ്ടാകേണ്ടത്.കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണ് വ്യക്തിഗത ആദായനികുതി നിരക്കില്‍ കുറവു വരുത്തണമെന്ന ആക്രോശം വര്‍ദ്ധിച്ചതെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി.

പലിശനിരക്ക് ജിഡിപി വളര്‍ച്ചാ നിരക്കിനേക്കാളും കൂടുതലായിരിക്കവേ ആവശ്യമായ അളവിലും തോതിലും സമ്പദ്വ്യവസ്ഥയിലേക്ക് പണമെത്തിക്കുന്നതില്‍ സര്‍ക്കാരിനു പരിമിതിയുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. സമ്പദ്വ്യവസ്ഥയെ പെട്ടെന്നു കരകയറ്റാനുതകുന്ന 'മാജിക് ബുള്ളറ്റ്' പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഘടനാപരമായ പരിഹാരങ്ങള്‍ ഫലമുളവാക്കിയേക്കാം. കൃഷി, വൈദ്യുതി മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ജിഎസ്ടി വരുമാനം ലക്ഷ്യങ്ങളിലെത്തുന്നില്ലെങ്കിലും പരോക്ഷ നികുതി ഘടനയെ അതികഠിനമായി കുറ്റപ്പെടുത്തുന്നതിനെ അനുകൂലിക്കാനാകില്ലെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.

നിലവില്‍ രാജ്യം നേരിടുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്ന് എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഡിപി കണക്കുകള്‍ ഇപ്പോള്‍ രാജ്യവ്യാപകമായി അംഗീകരിക്കുന്നുണ്ടെന്നും അതിനാല്‍ ജിഡിപി കണക്കുകളില്‍ ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 2.5 ശതമാനം പോയിന്റുകള്‍ അധികമായി കണക്കാക്കിയിരുന്നതായി അരവിന്ദ് സുബ്രഹ്മണ്യന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലവിലെ കണക്കുകളെ കുറിച്ച് വിശദമാക്കിയത്.

ഇറക്കുമതി, കയറ്റുമതി നിരക്കുകള്‍, അസംസ്‌കൃത വസ്തു വ്യവസായത്തിന്റെ വളര്‍ച്ച, ഉപഭോക്തൃ വസ്തുക്കളുടെ നിര്‍മാണത്തിലെ വളര്‍ച്ച എന്നിവ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകങ്ങളാണ്. എന്നാല്‍ ഇതെല്ലാം നിലവില്‍ താഴ്ന്നിരിക്കുന്നു.

2000 മുതല്‍ 2002 വരെയുള്ള സാമ്പത്തിക മാന്ദ്യ കാലയളവില്‍ ജിഡിപി വളര്‍ച്ച 4.5 ശതമാനമായിരുന്നു. കയറ്റുമതി, ഉപഭോക്തൃ, നികുതി വരുമാന കണക്കുകള്‍ തുടങ്ങിയ സൂചകങ്ങളെല്ലാം രചനാത്മകമായിരുന്നു. എന്നാല്‍ നിലവില്‍ ഈ സൂചകങ്ങളെല്ലാം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സാധാരണ സാമ്പത്തിക മാന്ദ്യമല്ല. ഇത് ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ്.

കഴിഞ്ഞ ഏഴ് പാദവാര്‍ഷിക കണക്കുകളിലും ഇന്ത്യയുടെ ജിഡിപി നിരക്ക് താഴേക്ക് പോകുന്നതായാണ് സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തമാകുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 8 ശതമാനമുണ്ടായിരുന്ന ജിഡിപി 2019-20 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.5 ലേക്ക് കൂപ്പുകുത്തിയിരുന്നു.

ഐഐഎം അഹമ്മദാബാദ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അരവിന്ദ് സുബ്രഹ്മണ്യന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. 2014 മുതല്‍ 2018 ജൂണ്‍ വരെയാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നത്.

ഒഴിവാക്കാന്‍ പറ്റാത്ത കുടുംബകാരണങ്ങളാലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ തിരിച്ചുപോവുന്നതെന്ന് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞെങ്കിലും ജൂണിലെ രാജിക്കു പിന്നില്‍ സര്‍ക്കാരുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണെന്നു സൂചനയുണ്ടായിരുന്നു. രാജ്യസഭാംഗവും ബി.ജെ.പി. നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പെടെ ഭരണകക്ഷിയിലെ ചിലര്‍ അദ്ദേഹത്തെ ശത്രുപക്ഷത്താണു കണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it