മാര്‍ച്ച് 31 മുന്‍പ് ചെയ്യേണ്ട 5 കാര്യങ്ങള്‍

മാര്‍ച്ച് മാസം അല്‍പം തിരക്കേറിയ സമയമാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും കുറേയേറെക്കാര്യങ്ങളുടെ ഡെഡ് ലൈന്‍ പാലിക്കേണ്ടതായുണ്ട്. മറന്നുപോയിട്ടുണ്ടെങ്കില്‍ ഇക്കാര്യങ്ങളെല്ലാം വേഗം ഒന്നു ചെയ്തു തീര്‍ക്കാം.

ആദായനികുതി റിട്ടേണ്‍

2017-18 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ പിഴയോടു കൂടി ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2019 മാര്‍ച്ച് 31 ആണ്. 5 ലക്ഷം രൂപയില്‍ കൂടുതല്‍ തുക വരുമാനമുണ്ടെങ്കില്‍ 10,000 രൂപയും നികുതിവിധേയമായ തുക 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ 1000 രൂപയുമാണ് പിഴ.

റിട്ടേണുകളുടെ പുനഃസമര്‍പ്പണം

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഫയല്‍ ചെയ്ത റിട്ടേണുകളില്‍ എന്തെങ്കിലും തിരുത്തുകള്‍ ഉണ്ടെങ്കില്‍ അവ റിവൈസ് ചെയ്ത് ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2019 മാര്‍ച്ച് 31 ആണ്.

ആധാര്‍-പാന്‍ ലിങ്കിംഗ്

രാജ്യത്ത് 42 കോടി പാൻ കാർഡുകൾ ഉള്ളതിൽ വെറും 23 കോടി കാർഡുകൾ മാത്രമേ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. 2019 മാർച്ച് 31 നാണ് പാനും ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി. ഇതിനു മുൻപ് നാല് തവണ തീയതി നീട്ടിവെച്ചതിനാൽ ഇനി അധികസമയം അനുവദിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ www.incometaxindiaefiling.gov.in ലോഗിൻ ചെയ്തും അല്ലാതെയും പാൻ ആധാറുമായി ബന്ധിപ്പിക്കാം.

നികുതി ഇളവിനുള്ള നിക്ഷേപം

ആദായ നികുതിയില്‍ നിന്നും കിഴിവുകള്‍ ലഭിക്കുന്നതിനുവേണ്ടി വിവിധങ്ങളായ നിക്ഷേപപദ്ധതികള്‍ ഉണ്ട്. 2018-19 സാമ്പത്തിക വർഷത്തിൽ ഇളവ് ലഭിക്കണമെങ്കില്‍ നിക്ഷേപങ്ങള്‍ ഈ മാസം 31നു മുന്‍പ് നടത്തിയിരിക്കണം. പിഎഫ്, ഇപിഎഫ്, യുലിപ്, ഇന്‍ഷുറന്‍സ് പ്രീമിയം, എന്‍പിഎസ്, ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, ടാക്‌സ് സേവിങ് എഫ്ഡി, തുടങ്ങിയവ ഇത്തരം നിക്ഷേപങ്ങളാണ്.

കൂടുതൽ അറിയാം: ടാക്സ് പ്ലാനിംഗ്: അറിയേണ്ടതെല്ലാം

ഓഹരികൾ ഡീമാറ്റ് ചെയ്യാം

കടലാസ് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഓഹരികൾ ഡീമാറ്റ് (ഇലക്ട്രോണിക് രൂപത്തിലേക്കാക്കുക) ചെയ്യുന്നതിനുള്ള അവസാനതീയതി മാർച്ച് 31 ആണ്. എക്‌സ്‌ചേഞ്ച് വഴിയുള്ള ഓഹരികളുടെ ക്രയവിക്രയത്തിന് ഇപ്പോൾത്തന്നെ ഡീമാറ്റ് വ്യവസ്‌ഥ ബാധകമാണ്. കൈമാറാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ കടലാസ് രൂപത്തിലുള്ള സർട്ടിഫിക്കറ്റുകൾ തുടർന്നും അതേ രീതിയിൽ നിലനിർത്തുന്നതിനു തടസ്സമുണ്ടായിരിക്കില്ല. ട്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആണ് ഡീമാറ്റ് ചെയ്യേണ്ടി വരിക.

കൂടുതൽ അറിയാം: എങ്ങനെ ഡീമാറ്റ് ചെയ്യാം

Related Articles

Next Story

Videos

Share it