ചരക്ക് സേവന നികുതി ടൂറിസത്തെ തളര്‍ത്തുമെന്ന് സംരംഭകര്‍

ജി.എസ്.ടിയുടെ നടുക്കത്തിലാണ് കേരളത്തിലെ ഹൗസ്‌ബോട്ട് ഉടമകള്‍. ഇതുവരെ ഒമ്പത് ശതമാനമായിരുന്ന നികുതി ജി.എസ്.ടി നടപ്പാക്കുന്നതോടെ 28 ശതമാനമായി ഉയരും. അതായത് 10,000രൂപ വാടകയിനത്തില്‍ ഈടാക്കുന്ന ഒരു ബോട്ട് ഉടമ 2,800 രൂപ നികുതി കൊടുക്കേണ്ടിവരുമെന്ന് സാരം. നികുതി ഭാരം വിനോദസഞ്ചാരികളുടെ എണ്ണം കുറയ്ക്കുമെന്ന ആശങ്കയാണ് ഈ രംഗത്തുളളവര്‍ പങ്കുവയ്ക്കുന്നത്.

ടൂറിസ്റ്റ് ഓപ്പറേറ്റര്‍ എന്ന പട്ടികയിലായിരുന്നു ഹൗസ്‌ബോട്ടുകള്‍ ഇതുവരെ. ജി.എസ്.ടിയില്‍ ഹോട്ടലുകള്‍ ഉള്‍പ്പെടുന്ന അക്കമഡേഷന്‍ വിഭാഗത്തിലാണ് ഹൗസ്‌ബോട്ടുകളെ ഉള്‍പ്പെടുത്തിയത്. ഇതാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുളള അതേ നികുതി ഹൗസ് ബോട്ടുകള്‍ക്കും ബാധകമാകാന്‍ കാരണം. ഇതിലുളള അപാകത ധനമന്ത്രി തോമസ് ഐസക്കിനെ അറിയിച്ചതായും നികുതി നിരക്കില്‍ മാറ്റം വന്നില്ലെങ്കില്‍ ജി.എസ്.ടിയുടെ പരിധിയില്‍ വരുന്ന ഹൗസ്‌ബോട്ടുകള്‍ കടുത്ത പ്രതിസന്ധിയിലാകുമെന്നും കേരളാ ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷന്‍ നേതാവ് വി.സി സക്കറിയ പറഞ്ഞു.

കേരളത്തില്‍ ആകെ 1200 ഓളം ഹൗസ്‌ബോട്ടുകളാണുളളത്. ആലപ്പുഴയിലും കുമരകത്തും കൊല്ലത്തുമാണ് ഹൗസ്‌ബോട്ട് സര്‍വ്വീസ് കൂടുതല്‍. 75 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുളള ബോട്ടുടമകള്‍ക്ക് 2.5 ശതമാനം നികുതി കോംപൗണ്ടിംഗ് വ്യവസ്ഥയില്‍ അടച്ച് നികുതി ബാധ്യത തീര്‍ക്കാം. എന്നാല്‍ ഇതിനുമുകളില്‍ വാര്‍ഷിക വരുമാനമുളളവരാണ് ജി.എസ്.ടിയുടെ വരവോടെ പ്രതിസന്ധിയിലാകുക. ജി.എസ്.ടിയുടെ പരിധിയില്‍ വരുന്ന മറ്റു മേഖലകളില്‍നിന്ന് വ്യത്യസ്തമായി ഇന്‍പുട്ട് ക്രെഡിറ്റിനുളള സാധ്യത ഹൗസ് ബോട്ടുകള്‍ക്ക് കുറവുമാണ്.

ഇക്കഴിഞ്ഞ ജനുവരി 22 വരെ നാലര ശതമാനമായിരുന്നു ഹൗസ് ബോട്ടുകളുടെ നികുതി. പിന്നീടാണ് നികുതി ഒമ്പത് ശതമാനമായി ഉയര്‍ത്തിയത്. പൊടുന്നനെ നികുതിനിരക്ക് 28 ശതമാനമായി ഉയരുമ്പോള്‍ ഈ തുക സഞ്ചാരികളില്‍നിന്ന് ഈടാക്കാനാകില്ലെന്ന് ഉടമകള്‍ പറയുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വാടക നിരക്ക് നേരത്തെ നിശ്ചയിച്ചു നല്‍കിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഹോട്ടലുകള്‍ക്കും ഹൗസ്‌ബോട്ടുകള്‍ക്കും 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയത് കേരളാ ടൂറിസത്തിന് ഷോക്കിംഗ് അനൗണ്‍സ്‌മെന്റാണെന്ന് പ്രമുഖ സംരംഭകനും സി.ജി.എച്ച് എര്‍ത് മാനേജിംഗ് ഡയറക്ടറുമായ ജോസ് ഡൊമിനിക് പ്രതികരിച്ചു. നികുതിഭാരം ഉപഭോക്താക്കളുടെ ചുമലില്‍വച്ചാല്‍പിന്നെ ആരും ഇവിടേക്ക് വരില്ല. മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ 10 മുതല്‍ 15 ശതമാനം വരെ മാത്രമെ ടൂറിസം മേഖലയ്ക്ക് നികുതിയുളളൂ. ജി.എസ്.ടിയുടെ വരവോടെ നികുതി കുത്തനെ ഉയര്‍ന്നാല്‍ മീറ്റിംഗുകള്‍ക്കും മറ്റുമായി കേരളത്തിലേക്ക് വരുന്നവര്‍ ചെലവ് കുറഞ്ഞ മറ്റു രാജ്യങ്ങളിലേക്ക് പോകുമെന്നും ജോസ് ഡൊമനിക് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it