പുതുക്കിയ ടാക്‌സ് റിട്ടേണ്‍; കാലാവധി നീട്ടി, പുതിയ തീയതികള്‍ അറിയാം

2019-20, 2021 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടി വച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പ്രകാരം റിട്ടേണുകള്‍ ഈ മേയ് 31 വരെ അടയ്ക്കാം. യഥാസമയം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും പുതുക്കി നല്‍കേണ്ടവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. 148ാം വകുപ്പ് പ്രകാരമുള്ള നോട്ടിസിനു മറുപടിയായി ഏപ്രില്‍ ഒന്നിനോ ശേഷമോ സമര്‍പ്പിക്കേണ്ട റിട്ടേണുകളും മേയ് 31 നു മുന്‍പ് സമര്‍പ്പിച്ചാല്‍ മതി.

നികുതി തര്‍ക്കങ്ങള്‍ , അപ്പീല്‍ എന്നിവയുടെ തീയതി മേയ് 31ലേക്കു നീട്ടിയതായും നികുതി ബോര്‍ഡിന്റെ അറിയിപ്പില്‍ പറയുന്നു. കേരളത്തില്‍ 25,000 രൂപയ്ക്കും ഒരുലക്ഷം രൂപയ്ക്കും ഇടയില്‍ ആദായ നികുതി നല്‍കുന്ന ബിസിനസുകാരാണു റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരില്‍ ഏറെയും. നിരവധി നിവേദനങ്ങളാണ് ഇത് സംബന്ധിച്ച് കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തിന് ലഭിച്ചതും.
2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായിരുന്ന 2021 മാര്‍ച്ച് 31നു സമര്‍പ്പിക്കാന്‍ കാത്തിരുന്നവരാണ് അവസാന മണിക്കൂറുകളില്‍ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് നിര്‍ജീവമായതിനെത്തുടര്‍ന്നു ബുദ്ധിമുട്ടിലായത്. പാനും ആധാറും ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 31ല്‍ നിന്ന് ജൂണിലേക്കു നീട്ടിയെങ്കിലും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടുന്ന കാര്യത്തില്‍ തീരുമാനം വന്നിരുന്നില്ല. ഇതാണ് നീട്ടി നല്‍കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമാക്കിയ അവസരത്തില്‍ തീയതി നീട്ടിയത് ആശ്വാസദായകമായ നടപടിയാണ്.
ജിഎസ്ടി റിട്ടേണ്‍ തീയതിയും നീട്ടി
ചരക്ക്, സേവന നികുതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും കോവിഡ് അധികരിച്ച സാഹചര്യത്തില്‍ കേന്ദ്രം നീട്ടിവച്ചിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം ജിഎസ്ടിആര്‍ 1(സെയില്‍സ് റിട്ടേണ്‍) ഈ മാസം 26 വരെ സമര്‍പ്പിക്കാം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ജിഎസ്ടി ആര്‍ബി 3(സമ്മറി റിട്ടേണ്‍) 5 കോടി വരെയുള്ളവര്‍ക്ക് 30 ദിവസവും അതിനുമുകളിലുള്ളവര്‍ക്ക് 15 ദിവസവും ഇളവു ലഭിക്കും. ജിഎസ്ടിആര്‍ 4 (വാര്‍ഷിക കോപോസിഷന്‍ റിട്ടേണ്‍) സമര്‍പ്പിക്കാനുള്ള തീയതി ഈ മെയ് 31 എന്നത് അടുത്ത വര്‍ഷം (2022) ഏപ്രില്‍ 30 ആക്കി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it