നികുതിദായകരേ, ശ്രദ്ധിക്കാം 6 കാര്യങ്ങള്‍

മാര്‍ച്ച് 31 നകം നികുതിയിളവിനുള്ള നിക്ഷേപങ്ങള്‍ നടത്തുകയും അതിനുള്ള തെളിവ് സമര്‍പ്പിക്കുകയും വേണം. അതിനുള്ള തയാറെടുപ്പില്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങളിതാ.

മുന്‍ വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നോ?

ചിലപ്പോള്‍ മുന്‍ വര്‍ഷത്തെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം. അതിനുള്ള അവസരം ഇനിയുമുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 2018 ജൂലൈ 31 ആയിരുന്നു. എന്നാല്‍ വൈകിയതിനുള്ള പിഴ അടച്ചു കൊണ്ട് 2019 മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാനുള്ള അവസരം ഇപ്പോഴുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം അഞ്ചു ലക്ഷത്തില്‍ താഴെയാണെങ്കില്‍ പിഴയായി ആയിരം രൂപ അടച്ചാല്‍ മതി. എന്നാല്‍ അഞ്ചു ലക്ഷത്തില്‍ മുകളിലാണ് വരുമാനമെങ്കില്‍ 10,000 രൂപ അടയ്‌ക്കേണ്ടി വരും.

തൊഴിലുടമയ്ക്ക് നിക്ഷേപത്തിന്റെ തെളിവുകള്‍ സമര്‍പ്പിക്കുക

നിങ്ങള്‍ ഒരു ശമ്പളക്കാരനാണെങ്കില്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയ നികുതിയിളവ് ലഭിക്കുന്ന നിക്ഷേപങ്ങളുടെ തെളിവ് തൊഴിലുടമയ്ക്ക് നല്‍കുക. തെളിവ് നല്‍കാന്‍ വൈകിയാല്‍ നിങ്ങളുടെ ശമ്പളത്തില്‍ നിന്ന് ടിഡിഎസ് പിടിക്കാന്‍ അത് കാരണമാകും. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ഇങ്ങനെ പിടിച്ച ടിഡിഎസ് തിരികെ ലഭിക്കാന്‍ ആവശ്യപ്പെടാമെങ്കിലും സമയത്തിനു തന്നെ തെളിവുകള്‍ നല്‍കി ടിഡിഎസില്‍ നിന്ന് ഒഴിവാകുകയാണ് നല്ലത്. നിക്ഷേപത്തിന്റെ തെളിവുകള്‍ ഹാജരാക്കുന്നതിനൊപ്പം തന്നെ ഹൗസ് റെന്റ് അലവന്‍സ്, ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ റിഇംപേഴ്‌സ്‌മെന്റ് എന്നിവയിന്മേലുള്ള ഇളവുകള്‍ കൂടി നേടിയെടുക്കാന്‍ ശ്രമിക്കണം.

അഡ്വാന്‍സ് ടാക്‌സ് അടച്ച് പലിശയൊഴിവാക്കാം

വരുമാനത്തിനനുസരിച്ച് അപ്പപ്പോള്‍ ആദായനികുതി അടക്കുകയാണ് നല്ലത്. ശമ്പളക്കാരെ സംബന്ധിച്ച് ശമ്പളത്തില്‍ നിന്ന് ടിഡിഎസ് പിടിക്കുന്നതിനാല്‍ ഈയൊരു പ്രശ്‌നം ഉദിക്കുന്നില്ല. എത്ര തുകയ്ക്ക് നികുതി അടക്കേണ്ടി വരുമെന്ന് കണക്കു കൂട്ടി അത് അടക്കാനുള്ള നടപടി കൈക്കൊള്ളുക. അഡ്വാന്‍സ് ടാക്‌സ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിന്നീട് പിഴയും പലിശയും അടക്കേണ്ടി വരും.

സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവുകള്‍

സെക്ഷന്‍ 80 സി 1.5 ലക്ഷം രൂപ വരെ നികുതിയിളവിനുള്ള അവസരം നല്‍കുന്നു. നികുതിയിളവ് എന്നു കേള്‍ക്കുമ്പോള്‍ മനസില്‍ ആദ്യമോടിയെത്തുന്നതും ഈ വകുപ്പായിരിക്കും. നിശ്ചിത മാര്‍ഗങ്ങളില്‍ നിക്ഷേപിച്ച് ഈ ഇളവ് നേടിയെടുക്കാം. 80 സി പ്രകാരമുള്ള മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്താനായില്ലെങ്കിലും സെക്ഷന്‍ 80 സിസി, 80സിസിസി, 80 സിസിഡി എന്നിവ വഴിയും നികുതിയിളവ് നേടാനാകും എന്ന് മനസിലാക്കുക.

മറ്റു വകുപ്പുകളുമുണ്ട്

സ്വന്തം ചികിത്സയ്ക്കും ജീവിത പങ്കാളിയുടെ ചികിത്സയ്ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേല്‍ സെക്ഷന്‍ 80 ഡി പ്രകാരവും വികലാംഗരായ ആശ്രിതരുടെ ചികിത്സാ ചെലവിന്മേലുള്ള സെക്ഷന്‍ 80 ഡിഡി പ്രകാരവും ന്യൂറോളജിക്കല്‍, കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ പ്രത്യേക രോഗങ്ങള്‍ക്കുള്ള ചികിത്സയിന്മേല്‍ സെക്ഷന്‍ 80 ഡിഡിബി പ്രകാരവും ഇളവുകള്‍ ലഭിക്കും.

പിപിഎഫും എന്‍പിഎസും

ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരം അരലക്ഷം രൂപയിന്മേല്‍ വരെ നികുതിയിളവ് ലഭിക്കും. പിപിഎഫ് നിക്ഷേപവും നികുതിയിളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയില്‍ ഓരോ വര്‍ഷവും നിര്‍ബന്ധമായും മിനിമം തുക നിക്ഷേപിച്ചിരിക്കണം എന്നുണ്ട്. അത് മനസ്സിലാക്കി ആ തുക നിക്ഷേപിക്കാനും ഇപ്പോള്‍ ശ്രദ്ധിക്കാം.

കൂടുതലറിയാം: ടാക്സ് ഇളവിനായി നേരത്തെ പ്ലാൻ ചെയ്യാം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it